|    Oct 17 Wed, 2018 10:32 am
FLASH NEWS

ആദിവാസി അമ്മമാരുടെ സമരം തുടരുന്നു; മദ്യമൊഴുകാത്ത കോളനികള്‍ക്കായി

Published : 6th September 2017 | Posted By: fsq

 

മാനന്തവാടി: സബ്കളക്ടര്‍ ഓഫിസിന് മുന്നില്‍ തിരക്കൊഴിയാത്ത റോഡിന് ഓരം ചേര്‍ന്ന് കഷ്ടിച്ച് മുന്ന് പേര്‍ക്കിരിക്കാന്‍ മാത്രം സൗകര്യമുള്ള പ്ലാസ്റ്റിക്ക് ഷീറ്റിനുള്ളില്‍ ആദിവാസി വീട്ടമ്മമാരായ വെള്ളസോമനും മക്കമ്മയും സമരത്തിലാണ്. കഴിഞ്ഞ 581 ദിവസങ്ങളായി തുടരുന്ന സമരം. ഒരുപക്ഷെ തങ്ങളുടെതല്ലാത്ത ആവശ്യത്തിന് വേണ്ടി ജില്ലയില്‍ തന്നെ ആദിവാസികള്‍ നടത്തുന്ന സമരങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമാണിത്. മദ്യവിരുദ്ധ ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചൊതുക്കി നാടു നീളെ മദ്യഷാപ്പുകള്‍ തുറക്കാന്‍ നിയമങ്ങളില്‍ പോലും മാറ്റങ്ങള്‍ വരുത്തുമ്പോഴും അക്ഷരാഭ്യാസം പോലുമില്ലാത്ത വീട്ടമ്മമാരുടെ പ്രതീക്ഷകള്‍ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. പരാജയപ്പെട്ട സമരങ്ങളുടെ പട്ടികയിലേക്ക് എഴുതി തള്ളുന്നതിന് മുമ്പായി ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ട് സമരപ്പന്തലില്‍ വെച്ച് അന്ത്യം സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയോടെയാണ് അര്‍ദ്ധപട്ടിണിയില്‍ ഓരോ ദിവസവും സമരപ്പന്തലില്‍  കഴിയുന്നത്. രാവിലത്തെ ഭക്ഷണം കഴിഞ്ഞാല്‍്  വൈകുന്നേരത്തിനിടെ ആരെങ്കിലും അഭ്യുയകാംക്ഷികള്‍ കനിവ് കാട്ടിയാല്‍ മാത്രമാണ് ചായ പോലും കഴിക്കുന്നത്. നേരത്തെ ബീവറേജസ് ഔട്ട്‌ലറ്റിന് മുന്നില്‍  സമരം നടത്തുമ്പോള്‍ വീട്ടില്‍ നിന്നും അരിയുമായെത്തി സമരപന്തലില്‍ കഞ്ഞി വെച്ച് കഴിക്കുകയായിരുന്നു പതിവ്. എന്നാല്‍ പോലിസ് ചാര്‍ജ്ജ് ചെയ്ത കനത്ത വകുപ്പുകളെ തുടര്‍ന്ന് റിമാന്റിലായ വീട്ടമ്മമാര്‍ക്ക് പ്രദേശത്ത് കടക്കരുതെന്ന വ്യവസ്ഥയോടെ ജാമ്യം ലഭിച്ചപ്പോള്‍ സമരപ്പന്തലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതിന് ശേഷമാണ് 2017 ഏപ്രില്‍ 17 മുതല്‍ സമരവേദി സബ്കളക്ടര്‍ ഓഫിസിന് മുമ്പിലേക്ക് മാറ്റിയത്. കാട്ടിക്കുളം പയ്യമ്പള്ളി കോളനിയിലെ മദ്യപന്മാരുടെ കുടുംബങ്ങള്‍ തകര്‍ന്നു തുടങ്ങിയപ്പോഴാണ് പ്രായം 45 കഴിഞ്ഞ വെള്ളസോമനും 58 ലെത്തിയ മാക്കമ്മയും വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജസ് ഔട്‌ലറ്റിനെതിരെ ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം തുടങ്ങിയതു മുതല്‍ സമരപ്പന്തലിലെത്താതിരുന്നിട്ടില്ല. പ്രതിമാസം 18,000രൂപ വരെ ജോലി ചെയ്തു സമ്പാദിച്ചിരുന്നപ്പോഴാണ് വെള്ള സമരരംഗത്തേങ്ങിറങ്ങുന്നത്. കല്യാണത്തിന് ശേഷം ഭര്‍ത്താവിന്റെ മദ്യപാനത്താല്‍ കുടുംബത്തില്‍ സ്വസ്ഥത നഷ്ടപ്പെട്ടപ്പോഴും കോളനിയില്‍ നിത്യേനയുണ്ടാവുന്ന മദ്യപിച്ചുള്ള വഴക്കും ബഹളവും കാണുമ്പോഴും വെള്ളയുടെ മനസ്സിലുണ്ടയാരുന്ന സ്വപ്‌നമായിരുന്നു മദ്യ വിമുക്ത കോളനികളെന്നത്. സമരം 580 ദിവസം പിന്നിട്ടപ്പോള്‍ നിലവില്‍ പലബാങ്കുകളിലായി സ്വര്‍ണ്ണപ്പണയമുള്‍പ്പെടെ കാല്‍ല്ക്ഷത്തോളം രൂപ കടത്തിലാണിവര്‍. അടിയ വിഭാഗത്തില്‍പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പയ്യമ്പള്ളി കോളനിയില്‍ ഭൂരിഭാഗം കുടുംബവും മദ്യവിപത്തിന്റെ ദുരിതമനുഭവിക്കുന്നവരാണ്. കോളനിയിലെ തന്നെ താമസക്കാരിയും വെള്ളയുടെ ബന്ധു കൂടിയായ മാക്കമ്മയും ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിലും മനസ്സമാധാനം മാത്രം ആഗ്രഹിച്ച് ദാമ്പത്യം ഉപേക്ഷിച്ച് വര്‍ഷങ്ങളോളമായി തനിച്ച് താമസിക്കുകയാണ്. നിത്യവും കുടിച്ചെത്തി താന്‍ പണിയെടുത്ത് അരി വാങ്ങിയുണ്ടാക്കിയ കഞ്ഞിയും കഞ്ഞിക്കലവും തകര്‍ക്കുന്ന ഭര്‍ത്താവിനെക്കുറിച്ചോര്‍മിക്കാന്‍ പോലും ഈ വൃദ്ധ ആഗ്രഹിക്കുന്നില്ല. ഈ ദുരനുഭവങ്ങളാണ് സമരവിജയം വിദൂരമാണെന്നുറപ്പുണ്ടായിട്ടും പിന്‍വാങ്ങാതെ ആദിവാസി വീട്ടമ്മമാരെ സമരമുഖത്ത് പിടിച്ചു നിര്‍ത്തുന്നത്. ഇവര്‍ക്ക് പുറമെ കമല വെള്ളമുണ്ട, ചിട്ടാങ്കി,ജോച്ചി, സുശീല തുടങ്ങിയവരാണ് സമരരംഗത്ത് ഇപ്പോഴും തുടരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss