|    Nov 18 Sun, 2018 1:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആദിവാസിയെ ആളുമാറി റിമാന്‍ഡ് ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവ്

Published : 5th November 2018 | Posted By: kasim kzm

പാലക്കാട്: ആദിവാസിയെ ആളുമാറി റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ ചുമതലപ്പെടുത്തി. പോലിസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണു നടന്നിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഘ കമ്മീഷനും വിഷയത്തില്‍ ഇടപെടും. ഇരയായ ചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ളവര്‍ക്ക് പരാതി സമര്‍പ്പിക്കാനിരിക്കുകയാണ്.
സംഭവത്തില്‍ പോലിസിനു വീഴ്ചപറ്റിയെന്ന സാക്ഷ്യവുമായി ജയില്‍മോചിതനായ ചന്ദ്രന്‍ രംഗത്തെത്തി. താന്‍ ചന്ദ്രനാണെന്നു പറഞ്ഞിട്ടും പോലിസ് അതു കേട്ടില്ലെന്നും എന്തിനാണു അറസ്റ്റ് ചെയ്തതെന്നു പറഞ്ഞില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.
കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് കടയില്‍ ചായ കുടിക്കുന്നതിനിടെയാണു ബൈക്കിലെത്തിയ പോലിസുകാരന്‍ പിടിച്ചുകൊണ്ടു പോയത്. രാധാകൃഷ്ണനാണോ എന്നു ചോദിച്ചപ്പോള്‍ അല്ല ചന്ദ്രന്‍ എന്നാണു പേരെന്നു പറഞ്ഞു. റേഷന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും ചന്ദ്രന്‍ എന്നാണുള്ളതെന്ന് അറിയിച്ചെങ്കിലും പോലിസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു.
നിരപരാധിയായ ചന്ദ്രനെ ആളുമാറി അറസ്റ്റ് ചെയ്തതിനെതിരേ നിയമ നടപടിയുമായി മുന്നോട്ടുപോവുമെന്നു ചന്ദ്രന്റെ സഹോദരന്‍ സുന്ദരന്‍, അമ്മാവന്‍ രാജന്‍ എന്നിവര്‍ പറഞ്ഞു. ചന്ദ്രനു സംഭവിച്ചത് ഇനിയാര്‍ക്കും സംഭവിക്കരുത്. തീര്‍ത്തും നിരപരാധിയായ ഒരാളെ 10 ദിവസമാണു ജയിലാക്കിയത്. പട്ടികവര്‍ഗ കമ്മീഷന്‍ ഉള്‍െപ്പടെയുള്ള ഏജന്‍സികളെ സമീപിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ജയിലില്‍ നിന്നു മോചിതനായ ചന്ദ്രന്റെ മൊഴി പോലിസിന്റെ വീഴ്ച അടിവരയിടുന്നതാണ്. രാധാകൃഷ്ണനാണെന്നു തെറ്റിദ്ധരിച്ചാണു ചന്ദ്രനെ അറസ്റ്റ് ചെയ്തതെന്നാണു പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍ ആ വാദം തെറ്റാണെന്ന് ചന്ദ്രന്റെ മൊഴിയോടെ വ്യക്തമായി.
ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നും ചന്ദ്രന്റെ കാര്യത്തില്‍ പാലിച്ചില്ല. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനോ, യഥാര്‍ഥ ബന്ധുക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കാനോ പോലിസ് തുനിഞ്ഞില്ല. പോലിസിന് ലഭിച്ച വിവരത്തിന്റെ പേരില്‍ നിരപരാധിയായ ആദിവാസിയെ ജയിലാക്കുകയാണുണ്ടായത്.
10 വര്‍ഷം മുമ്പു നടന്ന ഭണ്ഡാര മോഷണക്കേസിലെ പ്രതി രാധാകൃഷ്ണനാണെന്നു തെറ്റിദ്ധരിച്ചാണു ചന്ദ്രനെ കഴിഞ്ഞ 24ന് അറസ്റ്റ് ചെയ്തു ജയിലിലാക്കിയത്. 11ാമത്തെ ദിവസമാണു ജയിലിലുള്ളത് രാധാകൃഷ്ണനല്ലെന്നു പോലിസിനു വിവരം ലഭിച്ചത്. തുടര്‍ന്നാണ് ചന്ദ്രനെ പോലിസ് ജയില്‍ മോചിതനാക്കിയത്. ജയില്‍ മോചിതനായ കാഞ്ഞിരപ്പുഴ പാമ്പന്‍തോട് സ്വദേശിയായ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ കാണാതിരിക്കാന്‍ രാത്രി കല്ലടിക്കോട് ഇറക്കിവിടുകയായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss