|    Apr 22 Sun, 2018 4:58 am
FLASH NEWS

ആദിവാസിക്ഷേമ പദ്ധതികള്‍: ഗുണഭോക്താക്കളുടെ അഭിപ്രായം തേടുമെന്ന് ജില്ലാ കലക്ടര്‍

Published : 26th June 2016 | Posted By: SMR

മലപ്പുറം: ജില്ലയില്‍ ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതത് പ്രദേശത്തെ ഗുണഭോക്താക്കളായ ആദിവാസികളുടെ അഭിപ്രായം സമാഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു. ജനപ്രതിനിധികളുടെ അഭിപ്രായവും കണക്കിലെടുത്താവണം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലയില്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളെക്കുറിച്ച് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു കലക്ടര്‍. ആദിവാസികളെ വിശ്വാസത്തിലെടുത്താവണം പദ്ധതികള്‍ നടപ്പാക്കേണ്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാമഗ്രികള്‍ ഉള്‍ക്കാടുകളിലെത്തിക്കുന്നത് നിലവില്‍ വലിയൊരു പ്രശ്‌നമായ സാഹചര്യത്തില്‍ പരമ്പരാഗത സംവിധാനങ്ങളോ പിന്നീട് മാറ്റി സ്ഥാപിക്കാന്‍ സൗകര്യമുള്ള പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളോ അനുവദിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ മൊത്തമുള്ള 3,808 അങ്കണവാടികളില്‍ 683 എണ്ണം വൈദ്യുതീകരിച്ചിട്ടില്ല. കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഇവിടങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കും. കേന്ദ്ര റെന്യുവബ്ള്‍ എനര്‍ജി മന്ത്രലയത്തിന്റെയും അനെര്‍ട്ടിന്റെയും സഹായത്തോടെ രണ്ട് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കി മലപ്പുറം മാതൃകയാവണമെന്നും ഇതിനായി എംഎല്‍എമാരും ജില്ലാ പഞ്ചായത്തും സഹകരണമുറപ്പാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ഭാരതപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതിയോടെ ജില്ലയില്‍ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സഹകരണമുണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
യുവതലമുറയെ ലഹരിയില്‍ നിന്നു മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഇവരെ മറ്റ് മേഖലയിലേയ്ക്ക് തിരിച്ചുവിടേണ്ടത് അനിവാര്യമാണ്. കായിക പരിശീലനത്തിനും മഡ് ഫുഡ്‌ബോള്‍ തുടങ്ങിയ മേഖലകളിലും ഇവരെ ആകര്‍ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ പി അബ്ദുല്‍ ഹമീദ്, വി അബ്ദുര്‍റഹ്മാന്‍, അബിദ് ഹുസൈന്‍ തങ്ങള്‍, ടി എ അഹമ്മദ് കബീര്‍, പി കെ ബഷീര്‍, ടി വി ഇബ്രാഹീം, എം ഉമ്മര്‍, പി ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, നഗരസഭാ അധ്യക്ഷ സി എച്ച് ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss