|    Jul 22 Sat, 2017 4:20 am
FLASH NEWS

ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചതില്‍ വന്‍ അഴിമതി

Published : 25th August 2016 | Posted By: SMR

മലമ്പുഴ: മലമ്പുഴ മേഖലയില്‍ വീടുകളില്ലാതെ പുറമ്പോക്കില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം അനുവദിച്ചതില്‍  വന്‍ അഴിമതി നടത്തിയതായി പരാതി. 2010നു മുമ്പ് നാല് സെന്റ് സ്ഥലം വീതം വീട് വെക്കുന്നതിനായി പതിനൊന്ന് കുടുംബങ്ങള്‍ക്ക് അനുവദിച്ചതായി രേഖയുണ്ടെങ്കിലും ഭൂമി അളന്നുകൊടുക്കാന്‍ ഇതേവരെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. കിടപ്പാടമില്ലാത്തതിനാല്‍ മലമ്പുഴ അണക്കെട്ടിന്റെ പുറമ്പോക്ക് ഭൂമിയില്‍ നിരവധി ആദിവാസി കുടുംബങ്ങളാണ് കഴിയുന്നത്.
അണക്കെട്ടില്‍നിന്നു മാറി ആനക്കല്ല് എലകുത്താന്‍പാറ കോളനിയില്‍ താമസിക്കുന്ന തങ്കമ്മു ഉള്‍പ്പെടെ പതിനൊന്ന് കുടുംബങ്ങളാണ് വീട് നിര്‍മാണത്തിന് ഭൂമി നല്‍കിയതിന്റെ പേരില്‍ പഞ്ചായത്തിന്റെ തട്ടിപ്പിന് ഇരയായിട്ടുള്ളത്.
2009ലെ ഇഎംഎസ് ഭവന പദ്ധതി പ്രകാരം അനുവദിച്ച നാല് സെന്റ് സ്ഥലം ഇന്നേവരെ അളന്നു തിട്ടപ്പെടുത്തിയിട്ടു പോലുമില്ല. മലമ്പുഴ അണക്കെട്ടിന്റെ പുറമ്പോക്കു ഭൂമിയില്‍ ഓലയും പ്ലാസ്റ്റിക്കും വിരിച്ച കൂരയിലാണ് ഇപ്പോള്‍ മിക്കവരുടെയും താമസം. ഇടനിലക്കാരും പഞ്ചായത്ത് മെംബര്‍മാരും ചേര്‍ന്നാണ് ആദിവാസികളെ വില്ലേജ് ഓഫിസിലെത്തിച്ച് പേപ്പറുകളില്‍ ഒപ്പിടുവിച്ച് ഭൂമി അനുവദിച്ചതായി അറിയിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഭൂമി എവിടെയാണെന്നോ ആരുടെതാണെന്നോ വ്യക്തമാക്കാതെയുള്ള നടപടികളാണ് നടക്കുന്നത്.
രേഖകള്‍ പ്രകാരം കടുക്കാംകുന്നം പ്രദേശത്താണ് ഭൂമി നല്‍കിയതെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഭൂമി അളന്നു കിട്ടാനായി പഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി കൊടുത്തിട്ടും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആദിവാസി കുടുംബങ്ങള്‍ പറയുന്നത്.  ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ഭൂമി വാങ്ങിയതുള്‍പ്പെടെ  വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഇതിന് ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകളും ഉണ്ടായിട്ടുണ്ടെന്നുമാണ് ഇപ്പോള്‍ ആരോപണങ്ങളുയരുന്നത്.
എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് ആറ് വര്‍ഷമാകുമ്പോഴും ഭരണങ്ങള്‍ മാറിമാറി വന്നിട്ടും തങ്ങളുടെ ഭൂമിയെപ്പറ്റിയുള്ള വ്യക്തമായ രേഖകളോ എന്ന് ഭൂമി കിട്ടുമെന്ന പ്രതീക്ഷയില്ലാതെ ഏത് സമയത്തും നിലംപൊത്താറായ കൂരകളില്‍ വെയിലും മഴയും കൊണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കുകയാണ് ഭൂമിതട്ടിപ്പിനിരയായ ആദിവാസി കുടുംബങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക