|    Oct 18 Wed, 2017 7:47 am
FLASH NEWS

ആദിവാസികള്‍ക്ക് നല്‍കേണ്ട റേഷന്‍ കടയുടമ കൃത്രിമം നടത്തി തട്ടിയെടുത്തതായി പരാതി

Published : 3rd August 2017 | Posted By: fsq

 

മുക്കം: അര്‍ഹതപ്പെട്ട ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കാതെയും നല്‍കുന്ന സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയും റേഷന്‍ കടയുടമ ആദിവാസികളെ ചൂഷണം ചെയ്യുന്നതായി പരാതി. കാരശേരി ഗ്രാമപഞ്ചായത്തിലെ മൈസൂര്‍ മല വാര്‍ഡിലെ റേഷന്‍ കടയുടമക്കെതിരെയാണ് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയത്. ഇവിടെ കൂടുതല്‍ കാര്‍ഡുടമകളും ആദിവാസികളാണ്. 2017 ഫെബ്രുവരിയില്‍ അനുവദിക്കപ്പെട്ട എഎവൈ, ബിപിഎല്‍ കാര്‍ഡുടമകളുടെ പേരില്‍ അളവില്‍ കവിഞ്ഞ റേഷന്‍ സാധനങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണകളായി വാങ്ങിയതായി കണക്കിലും ബില്ലിലും രേഖപ്പെടുത്തി, ഷാപ്പുടമ 559കിലോ അരിയും 102 കിലോ ഗോതമ്പും തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയതായി പരാതിയില്‍ പറയുന്നു.വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ സഹിതമാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് ആദിവാസികള്‍ പറയുന്നു.  മഴയും പകര്‍ച്ചവ്യാധികളും മൂലം നിലവില്‍ പണിയില്ലാത്ത അവസ്ഥയാണന്നും ആദിവാസി കുടുംബങ്ങള്‍ പട്ടിണിയിലാണന്നും ഇവര്‍ പറയുന്നു.  കേരള റേഷനിങ് ഓര്‍ഡറിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായിട്ടും ആദിവാസികളുടെ റേഷന്‍ സാധനങ്ങള്‍ തട്ടിയെടുത്തതായി അവകാശപ്പെട്ട് ആദിവാസികള്‍ തന്നെ പരാതിയുമായി രംഗത്ത് വന്നിട്ടും നടപടി സ്വീകരിക്കാത്ത ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തങ്ങളുടെ പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആദിവാസികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക