|    Apr 20 Fri, 2018 10:19 pm
FLASH NEWS

ആദിവാസികള്‍ക്കിടയിലെ ലഹരി ഉപയോഗം; നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം

Published : 30th November 2016 | Posted By: SMR

കല്‍പ്പറ്റ: ആദിവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരായ നടപടികള്‍ ഊര്‍ജിതമാക്കണമെന്നു പട്ടികജാതി-വര്‍ഗ ക്ഷേമത്തിനായുള്ള നിയമസഭാസമിതി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ബി സത്യന്‍ എംഎല്‍എ ചെയര്‍മാനായ സമിതിയാണ് ജില്ലയില്‍ ആദിവാസികളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടന്വേഷിക്കാന്‍ എത്തിയത്. 2004 മുതല്‍ സമിതിയുടെ മുമ്പാകെ സമര്‍പ്പിച്ച പരാതികളിലെ തുടര്‍ നടപടികളെക്കുറിച്ച് സമിതിയംഗങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു തെളിവെടുത്തു. ആദിവാസി കോളനികളില്‍ കയറി അന്തേവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. കോളനികള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് വിഭാഗം ഇതിനകം നടത്തുന്ന ബോധവല്‍ക്കരണങ്ങളുടെ പുരോഗതിയും സമിതി അന്വേഷിച്ചു. മദ്യത്തിന്റെ ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പര്യാപ്തമായ നടപടികള്‍ കാലതാമസമില്ലാതെ നടത്തണമെന്നു സമിതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആദിവാസി ഭവന നിര്‍മാണത്തിലെ അഴിമതി, ഭൂമിയില്ലായ്മ, തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയാണ് കൂടുതലായി സമിതിക്ക് മുമ്പാകെ വന്നത്. ഇവ അടിയന്തരമായി പരിഹരിക്കാന്‍ സമിതി സര്‍ക്കാരിനേട് ശുപാര്‍ശ ചെയ്യും.ജില്ലയില്‍ വൈദ്യുതിയില്ലാത്ത ആദിവാസി കോളനികളുടെ കാര്യത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണം. വൈദ്യുതി നല്‍കാത്തതതും കണക്ഷന്‍ വിച്ഛേദിച്ചതുമായ പരാതികളില്‍ കെഎസ്ഇബി അധികൃതരോട് സമിതി അംഗങ്ങള്‍ വിശദീകരണം തേടി. ജില്ലയില്‍ 12,000ത്തോളം ആദിവാസി വീടുകളില്‍ ഇനിയും വൈദ്യുതി എത്താനുള്ളതായി അധികൃതര്‍ സമിതിയെ അറിയിച്ചു. വയറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാത്തതാണ് സമയബന്ധിതമായി കണക്ഷന്‍ നല്‍കാനുള്ള താമസമെന്നു കെഎസ്എബി അസിസ്റ്റന്റ് എന്‍ജിനീയര്‍ സമിതിയെ ബോധിപ്പിച്ചു. വയറിങിനായി അനുവദിക്കുന്ന തുക ഇപ്പോള്‍ ഒരു വീടിന് നാലായിരം രൂപ മാത്രമാണെന്നും ഈ തുക കൊണ്ട് വയറിങ് പൂര്‍ത്തിയാവില്ലെന്നും പതിനായിരം രൂപ അനുവദിക്കാനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ജില്ലാ കലക്ടര്‍ മറുപടി നല്‍കി. വൈദ്യുതീകരണ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് സര്‍ക്കാര്‍ ലക്ഷ്യമിട്ട സമ്പൂര്‍ണ വൈദ്യുതീകരണത്തിന് തിരിച്ചടിയാവും. ഇക്കാര്യത്തില്‍ വ്യക്തതവരുത്തി സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ വയറിങ് നടത്തി വൈദ്യുതീകരണം പൂര്‍ത്തിയാക്കണമെന്നും സമിതി ഉത്തരവിട്ടു. കുടിവെള്ളം ലഭിക്കുന്നില്ലെന്നു കാണിച്ച് തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നു ലഭിച്ച പരാതിയിന്‍മേല്‍ നടപടി കൈക്കൊണ്ടതായി പട്ടികവര്‍ഗ വികസന വകുപ്പ് സമിതിക്ക് വിശദീകരണം നല്‍കി. പ്രദേശത്ത് ജലനിധി പദ്ധതി നിലവിലുള്ളതായി കാണിച്ച് ഒട്ടേറെ കോളനികളുടെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആദിവാസി ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് വീട് നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണം. അഴിമതി നടത്തുന്നവരെ നടപടിക്ക് വിധേയമാക്കണം. നല്ലൂര്‍നാട് എംആര്‍എസിലെ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് താമസിക്കാനും പഠിക്കാനും കെട്ടിട സൗകര്യമില്ല എന്ന പരാതിയില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ കെട്ടിടസൗകര്യം ഉറപ്പുവരുത്തിയതായും ഹോസ്റ്റല്‍ നിര്‍മാണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss