|    Jun 19 Tue, 2018 11:55 pm
FLASH NEWS

ആദിവാസികളെ വനം കൈയേറ്റത്തിന് പ്രേരിപ്പിച്ച സംഘടനകള്‍ ആശങ്കയില്‍

Published : 29th October 2016 | Posted By: SMR

കല്‍പ്പറ്റ: 1977നു ശേഷമുള്ള മുഴുവന്‍ വനം കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞിരിക്കെ ജില്ലയില്‍ ആദിവാസി കുടുംബങ്ങളെ കാട് കൈയേറാന്‍ പ്രേരിപ്പിച്ച രാഷ്ട്രീയപ്പാര്‍ട്ടികളും ആദിവാസി സംഘടനകളും ആശങ്കയില്‍. വ്യക്തികളോ സംഘടനകളോ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്താല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വനം-റവന്യൂ വകുപ്പുകള്‍ നിര്‍ബന്ധിതമാവും. ഇതു തങ്ങള്‍ക്കു വിനയാവുമെന്ന ഭയത്തിലാണ് ഭരണത്തിലുള്ളതടക്കം പാര്‍ട്ടികളും അവയുടെ നിയന്ത്രണത്തിലുള്ള ആദിവാസി പ്രസ്ഥാനങ്ങളും. 1977 ജനുവരി ഒന്നിനു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒരുവര്‍ഷത്തിനകം ഒഴിപ്പിക്കണമെന്ന് 2015 സപ്തംബര്‍ നാലിനാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം എം ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ്, തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് മൂവ്‌മെന്റ് എന്നിവ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികളിലായിരുന്നു ഹൈക്കോടതി വിധി. കോഴിക്കോട് സര്‍ക്കിള്‍ പരിധിയിലെ 1,384 ഹെക്റ്ററടക്കം സംസ്ഥാനത്ത് 7,289 ഹെക്റ്റര്‍ വനഭൂമിയില്‍ കൈയേറ്റം നടന്നതായി ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹരജികള്‍. ഇവ തീര്‍പ്പാക്കിയ ഹൈക്കോടതി, കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കി വ്യവസ്ഥകള്‍ പാലിച്ച് ആറുമാസത്തിനകം ഒഴിപ്പിക്കല്‍ നടപടി തുടങ്ങണമെന്നും അടുത്ത ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നുമാണ് ഉത്തരവായത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും കൈയേങ്ങള്‍ ഒഴിപ്പിച്ച് വനഭൂമി തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടായില്ല. ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വനംമന്ത്രി കെ രാജു ഈ മാസം എട്ടിന് കുമളിയില്‍ പറഞ്ഞത്.ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ് വയനാട്ടിലെ വനം കൈയേറ്റത്തിന്റെ സ്ഥിതി. ജില്ലയില്‍ ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരുമായ ആദിവാസികളാണ് വനം കൈയേറ്റക്കാരുടെ ഗണത്തിലധികവും. ഭൂസമരത്തിന്റെ ഭാഗമായി വിവിധ പട്ടികവര്‍ഗ സംഘടനകളുടെ നേതൃത്വത്തിലാണ് ആദിവാസി കുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമി കൈയേറി കുടില്‍കെട്ടി താമസിക്കുന്നത്. ഏറ്റവുമൊടുവില്‍ 2012 മെയ്, ജൂണ്‍ മാസങ്ങളിലായിരുന്നു ജില്ലയില്‍ ഭൂസമരത്തിന്റെ ഭാഗമായ വനം കൈയേറ്റം. വടക്കേ വയനാട്ടിലെ മാനന്തവാടി, പേരിയ, ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചുകളില്‍ മാത്രം 332 ഹെക്റ്റര്‍ നിക്ഷിപ്ത വനഭൂമിയിലാണ് കൈയേറ്റം നടന്നത്. യഥാക്രമം സിപിഎം, സിപിഐ, കോണ്‍ഗ്രസ്, ബിജെപി എന്നിവയുടെ പോഷക സംഘടനകളായ ആദിവാസി ക്ഷേമസമിതി, ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം എന്നിവയും സി കെ ജാനു അധ്യക്ഷയായ ആദിവാസി ഗോത്രമഹാസഭയുമാണ് ഭൂസമരത്തിന് നേതൃത്വം നല്‍കിയത്. ഈ കൈയേറ്റങ്ങളിലേറെയും 2012 ജൂലൈയില്‍ വനംവകുപ്പ് ഒഴിപ്പിച്ചെങ്കിലും സമരകേന്ദ്രങ്ങളില്‍ ആദിവാസി കുടുംബങ്ങള്‍ തിരിച്ചെത്തി. തെക്കേ വയനാട്ടിലെ ചീയമ്പം, വാകേരി, ഇരുളം പ്രദേശങ്ങളിലായി ഏകദേശം 120 ഹെക്റ്റര്‍ നിക്ഷിപ്ത വനഭൂമിയിലും ആദിവാസി ഭൂസമരം തുടരുന്നുണ്ട്. ആദിവാസി ക്ഷേമസമിതി അംഗങ്ങളോ അനുഭാവികളോ ആണ് വനത്തില്‍ താമസമാക്കിയ ആദിവാസി കുടുംബങ്ങളില്‍ ഏറെയും. വനഭൂമിയില്‍ അവകാശം സ്ഥാപിച്ച ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് 2012 ജൂലൈയ്ക്കു ശേഷം വനംവകുപ്പ് നീക്കം നടത്തിയിരുന്നില്ല. ഒഴിഞ്ഞുപോവണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കും നോട്ടീസ് പോലും നല്‍കിയില്ല. ഇതു കൈവശഭൂമി തങ്ങള്‍ക്ക് സ്വന്തമാവുമെന്ന ചിന്താഗതി ആദിവാസികളില്‍ ദൃഢമാക്കി. പലരും കപ്പ, വാഴ, ഇഞ്ചി തുടങ്ങിയ ഇടവിളകള്‍ക്കു പുറമെ കുരുമുളക്, കാപ്പിയുമടക്കം ദീര്‍ഘകാല വിളകളുടെ കൃഷിയും തുടങ്ങി. കൈയേറ്റ ഭൂമിയില്‍ പരമ്പരാഗത രീതിയില്‍ വാസയോഗ്യമായ വീട് നിര്‍മിച്ചവരും നിരവധിയാണ്. പ്രതീക്ഷകളോടെ വിയര്‍പ്പൊഴുക്കിയ മണ്ണില്‍നിന്നു മാറേണ്ടിവരുന്നത് ആദിവാസികള്‍ക്കിടയില്‍ കൈയേറ്റത്തിനു പ്രേരിപ്പിച്ചവരോടുള്ള വിരോധത്തിന് കാരണമാവും. ഇതാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അവയുടെ നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനകളുടെ നേതാക്കള്‍ക്കും തലവേദന സൃഷ്ടിക്കുന്നത്. ഉത്തരവിന്റെ പരിധിയില്‍നിന്ന് ഭൂരഹിതരും 50 സെന്റില്‍ ചുവടെ ഭൂമിയുള്ളവരുമായ ആദിവാസികളെയും ദരിദ്ര കര്‍ഷകരെയും ഒഴിവാക്കുന്നതിന് ഉതകുന്ന ഇടപെടല്‍ സര്‍ക്കാര്‍ നടത്തണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും കല്‍പ്പറ്റ എംഎല്‍എയുമായ സി കെ ശശീന്ദ്രനാണ് ഭൂസമര സഹായ സമിതി കണ്‍വീനര്‍. 2002ല്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നിക്ഷിപ്ത വനഭൂമിയില്‍ സമരം ചെയ്ത ആദിവാസി കുടുംബങ്ങള്‍ക്ക് കേന്ദ്ര വനവകാശ നിയമപ്രകാരം കൈവശരേഖ ലഭിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss