|    Oct 16 Tue, 2018 3:17 pm
FLASH NEWS

ആദിവാസികളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണം : എംഎല്‍എ

Published : 15th September 2017 | Posted By: fsq

 

മുട്ടില്‍: മുഖ്യധാരയില്‍ നിന്നു പിന്തള്ളപ്പെട്ട ആദിവാസികളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനുള്ള നടപടികളാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ. ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയ ജനതയ്ക്കായുള്ള അവകാശ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അമ്പുകുത്തി ലക്ഷംവീട് കോളനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷ, സംസ്‌കാരം, നാട്ടറിവ് എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒപ്പം ആദിവാസി പാരമ്പര്യത്തിലുള്ള ഔഷധങ്ങളും സംരക്ഷിക്കണം. ഭാഷയും സംസ്‌കാരവും നഷ്ടപ്പെട്ടാല്‍ അതുവഴി ഒരു വംശവും ഇല്ലാതാവുമെന്നു തിരിച്ചറിയേണ്ടതുണ്ട്. അമ്പുകുത്തി ലക്ഷം വീട് കോളനിയിലെ ക്ലബ്ബിനായി അഞ്ചുലക്ഷം രൂപ ചെലവിട്ട് കെട്ടിടം നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള പണം വകുപ്പില്‍നിന്നോ എംഎല്‍എ ഫണ്ടില്‍നിന്നോ ലഭ്യമാക്കും. സ്വയം പര്യാപ്തതയും മദ്യാസക്തിയില്‍ നിന്നുള്ള മോചനവും ആദിവാസി വിഭാഗങ്ങളില്‍ അനിവാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴാണ് ‘നാം തദ്ദേശീയര്‍, ലോകം നമുക്കൊപ്പം’ എന്ന ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിന്റെ പ്രസക്തി ഉള്‍ക്കൊള്ളാനാവുക- അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഊരുമൂപ്പന്‍ നൂഞ്ചന്‍ ദീപം കൊളുത്തി പരിപാടിക്ക് തുടക്കമിട്ടു. പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അമ്മാത്തുവളപ്പില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടന്‍പാട്ടുകാരി ബിന്ദു ദാമോദരനെയും ചിത്രകാരന്‍ എം ആര്‍ രമേഷിനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ് സംസാരിച്ചു. ജില്ലയിലെ എല്ലാ പട്ടികവര്‍ഗ സങ്കേതങ്ങളിലും ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ എം യു ജയപ്രകാശ്, എം ഒ സജി, പി മുഹമ്മദ്, സി ഇസ്മായില്‍ ക്ലാസെടുത്തു. കോളനിയിലെ ഫുട്‌ബോള്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss