|    Apr 27 Fri, 2018 10:38 am
FLASH NEWS

ആദിവാസികളുടെ ദുരിതങ്ങള്‍  ആരായാന്‍ കലക്ടറെത്തി

Published : 25th January 2016 | Posted By: SMR

എടക്കര: ഒരുതരത്തിലുള്ള പരാതികളും ആദിവാസികളില്‍ നിന്നുമുണ്ടാകരുതെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി കുമ്പളപ്പാറയിലെ കോളനി സന്ദര്‍ശിച്ച കലക്ടര്‍ ആദിവാസികളുടെ പരാതികള്‍ കേട്ടശേഷം ഈ നിര്‍ദേശം നല്‍കിയത്. നിയമത്തിന്റെ നൂലാമാലകള്‍ തേടിപോവാതെ ആദിവാസികള്‍ക്ക് ചെയ്തുകൊടുക്കാവുന്ന കാര്യങ്ങള്‍ മാനുഷിക പരിഗണനയില്‍ ചെയ്തുകൊടുക്കണമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.വിവിധ വകുപ്പുദ്യേഗാസ്ഥരുമായാണ് ജില്ലാ കലക്ടര്‍ ആദിവാസി കോളനിയില്‍ സന്ദര്‍ശനത്തിനെത്തിയത്.
ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരമാവധി ചര്‍ച്ചചെയ്ത് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. മുണ്ടേരി വനത്തില്‍ ഏഴുകിലോമീറ്റര്‍ ഉള്ളിലാണ് കുമ്പളപ്പാറ കോളനി സ്ഥിതി ചെയ്യുന്നത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരം നിര്‍ദേശിക്കാനും കലക്ടറുടെ സന്ദര്‍ശനത്തിന് കഴിഞ്ഞു. മാസത്തില്‍ ഒരിക്കല്‍ കിട്ടുന്ന റേഷന്‍ ആഴ്ചയിലൊരിക്കല്‍ എന്ന ക്രമത്തില്‍ നല്‍കണമെന്ന ആദിവാസികളുടെ ആവശ്യം കലക്ടര്‍ അംഗീകരിച്ചു. ജില്ലാ സിവില്‍ സപ്ലൈ ഓഫിസര്‍, ഐറ്റിഡിപി, പഞ്ചായത്ത് എന്നീ വിഭാഗങ്ങള്‍ ഇതിന് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി. 35 കിലോ അരി ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും 30 കിലോ മാത്രമാണ് ലഭിക്കുന്നതെന്ന പരാതിക്ക് ഇനി മുതല്‍ 35 കിലോതന്നെ കിട്ടുമെന്ന് ജില്ലാ സിവില്‍ സപ്ലൈസ് ഒഫിസര്‍ എന്‍ പി നോബെറ്റ് ഉറപ്പുനല്‍കി.
15 കിലോമീറ്റര്‍ നടന്നുവേണം ആദിവാസികള്‍ക്ക് അരി ലഭിക്കാന്‍. ഈ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇനിമുതല്‍ അരി കോളനിയിലെത്തിക്കാനുള്ള നടപടിയും അധികൃതര്‍ സ്വീകരിക്കും. റേഷന്‍ കാഡില്ലാത്ത ആറുപേര്‍ക്ക് ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ കാര്‍ഡ് അനുവദിച്ചു.കോളനിയില്‍ അങ്കണവാടിയില്ലാത്തതിനാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്നും വിദ്യാഭ്യാസമില്ലാത്തത് കാരണം പലരും തങ്ങളെ പറ്റിക്കുകയാണെന്നും ആദിവാസികള്‍ പരാതി പറഞ്ഞപ്പോള്‍ അങ്കണവാടി അനുവദിക്കാമെന്നും നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഒരാളെ അങ്കണവാടിയില്‍ നിയമിക്കാമെന്നും കലക്ടര്‍ അറിയിച്ചു.
ആനപ്പേടികാരണം കൂടുതല്‍ സുരക്ഷിതമായ വലിയ കെട്ടിടം നിര്‍മിച്ചുതരണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആനപ്പേടിയില്ലാത്ത സ്ഥലത്തേക്ക് മാറിത്താമസിക്കുമോ എന്ന കലക്ടറുടെ ചോദ്യത്തിന് സ്ഥലം മാറാന്‍ തയ്യാറല്ലെന്ന് ആദിവാസികള്‍ പറഞ്ഞു.
കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള നിലമ്പൂരിലെ സ്‌കൂളില്‍ നിന്ന് വീട്ടില്‍ വന്ന കുട്ടികളില്‍ ചിലര്‍ തിരിച്ചുപോവാത്തത് കലക്ടര്‍ അന്വേഷിച്ചു. ഫഌറ്റ് രൂപത്തിലുള്ള വീടുകള്‍ നിര്‍മിച്ചുനല്‍കിയാല്‍ അനപ്പേടിയില്ലാതെ താമസിക്കാമെന്ന് ആദിവുാസികള്‍ അറിയിച്ചു. അതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.
കക്കൂസില്ലാത്ത മുഴുവന്‍ വീടുകള്‍ക്കും ജില്ലാ ശുചിത്വമിഷന്റെയും പഞ്ചായത്തിന്റേയും സഹകരണത്തോടെ കക്കൂസ് നിര്‍മിക്കാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരന്‍ പിള്ള അറിയിച്ചു. സബ്കളക്ടര്‍ ജാഫര്‍ മാലിക്, നോര്‍ത്ത് ഡിഎഫ്ഒ ആടല്‍ അരശന്‍, എസിഎഫ് ജയപ്രകാശ്, നിലമ്പൂര്‍ തഹസില്‍ദാര്‍ എം അബ്ദുള്‍ സലാം, ഐറ്റിഡിപിപ്രൊജക്ട് ഓഫിസര്‍ പി.ശാന്ത, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആര്‍ രേണുക, ജില്ാ സപ്ലൈ ഓഫിസര്‍ എന്‍ പി നോബെറ്റ്, ഡെപൂട്ടി തഹസില്‍ദാര്‍ സി വി മുരളീധരന്‍ എന്നിവരും വിവിൗധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss