|    Apr 26 Thu, 2018 7:43 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആദിവാസികളും ആധുനികതയും

Published : 6th September 2016 | Posted By: SMR

എ എസ് അജിത്കുമാര്‍

‘നടുക്കുന്ന വാര്‍ത്ത’ എന്ന നിലയില്‍ വരുകയും പിന്നീട് താല്‍പര്യമില്ലാത്ത ഒന്നായി മാറുകയും ചെയ്യുന്ന നിരവധി വാര്‍ത്തകളില്‍ ഒന്നാണ് ആംബുലന്‍സ് നിഷേധിക്കപ്പെട്ടതുകൊണ്ട് ഒഡീഷയില്‍ ദനാ മാജി അദ്ദേഹത്തിന്റെ ഭാര്യയുടെ മൃതദേഹം 10 കിലോമീറ്ററിലധികം ദൂരം ചുമക്കേണ്ടിവന്ന സംഭവം. മകളോടൊപ്പം മൃതദേഹം ചുമന്നുകൊണ്ടുപോവുന്ന ദൃശ്യം പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ‘നടുക്കുന്ന’ ദൃശ്യമായി മാറി. ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇതു നടക്കുന്നത് അദ്ഭുതമായി കരുതിയവര്‍ ധാരാളംപേരുണ്ടായിരുന്നു. ആദിവാസി സമുദായങ്ങള്‍ എങ്ങനെയാവും ഇതു കാണുക എന്നതല്ല പരിഗണിക്കപ്പെട്ടത്. മറിച്ച് രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചും സമൂഹത്തിന്റെ ആധുനികതയെ കുറിച്ചുമുള്ള ആശങ്കയായിരുന്നു അധികവും. നിഷേധിക്കപ്പെട്ട ‘മനുഷ്യത്വ’ത്തെക്കുറിച്ചുള്ള സഹതാപമാണ് പല വ്യവഹാരങ്ങളിലും മുഴച്ചുനിന്നത്. ‘പരിഷ്‌കൃത’സമൂഹത്തിന് ഈ സമീപനം യോജിച്ചതല്ലെന്ന് പറയുന്നവരുമുണ്ടായിരുന്നു. ഈ വ്യവഹാരങ്ങളില്‍ കാണുന്ന ഒരു പ്രധാന പ്രശ്‌നം ആദിവാസി സമുദായത്തിന്റെ സാമൂഹിക ഇടപെടലുകളെയും കര്‍തൃത്വത്തെയും കാണുന്നില്ല എന്നതാണ്. എന്നാല്‍, അതിനേക്കാള്‍ പ്രധാനം ആധുനികതയോടുള്ള ആദിവാസി സമുദായത്തിന്റെ വ്യത്യസ്തമായ ഇടപെടലുകളെ മനസ്സിലാക്കുന്നില്ല എന്നതാണ്.
ആദ്യമായി, ഇത് വേറിട്ട ഒരു സംഭവമായി കാണുമ്പോള്‍, ദൈനംദിനമുള്ള ഹിംസയുടെയും ചെറുത്തുനില്‍പിന്റെയും സാമൂഹിക അവസ്ഥയില്‍നിന്ന് അടര്‍ത്തിമാറ്റുകയാണ്. രാജ്യം/സമൂഹം കൈവരിച്ച ആധുനികത/പുരോഗതി എന്നിവയില്‍നിന്നുള്ള ഒരു വ്യതിചലനമായി ഇതിനെ കാണുന്നതിലൂടെ ആധുനികത/ദേശരാഷ്ട്രം എന്നിവയില്‍ തന്നെ അന്തര്‍ലീനമായ പുറന്തള്ളലും വിവേചനവും അധികാരവും അതിന്റെ രാഷ്ട്രീയചരിത്രവും ശ്രദ്ധിക്കപ്പെടാതെ പോവുന്നു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഒരു ‘പിന്നോട്ടുപോക്കായി’ കാണുന്നത് ഒരു രക്ഷപ്പെടല്‍ മാത്രമാണ്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഇന്ത്യയുടെ ഭൂപടത്തിനുള്ളില്‍ ഈ സംഭവത്തിന്റെ ചിത്രം തിരുകിക്കയറ്റിയുള്ള ഒരു ചിത്രം ഇതേ ദേശീയവാദ ആശങ്ക മാത്രമാണ് പങ്കുവയ്ക്കുന്നത്. ദേശരാഷ്ട്രം, ആധുനികത എന്നിവയുടെ കൂടി പ്രശ്‌നമായി, എന്നാല്‍, അവയുടെ അതിരുകളില്‍ മാത്രം ഒതുങ്ങാത്ത പ്രശ്‌നമായി രാഷ്ട്രീയവ്യവഹാരങ്ങളില്‍ ആദിവാസിരാഷ്ട്രീയം ഇടംപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്.
ഒരു ആധുനികയിടത്തു പൊരുത്തപ്പെടാത്ത ഒന്നായി ആദിവാസിയെന്ന സ്വത്വത്തെ കാണുകയെന്നതാണ് പൊതുബോധം. ഈ സംഭവത്തെക്കുറിച്ച് സഹതപിക്കുന്നവരും മറിച്ചല്ല കാണുന്നത് എന്നാണു തോന്നുന്നത്. ആദ്യമായി ആദിവാസി ഊരുകള്‍ ആധുനികമല്ല എന്ന മുന്‍ധാരണ വച്ചുപുലര്‍ത്തുന്നു. (ഈ താമസ സ്ഥലങ്ങളുടെ പേര് തന്നെ ശ്രദ്ധിക്കേണ്ടതാണ്. ദലിതര്‍, ആദിവാസികള്‍ എന്നിവരുടെ താമസയിടങ്ങളാണ് ഊരുകള്‍, കോളനികള്‍ എന്നൊക്കെ അറിയപ്പെടുന്നത്). ആദിവാസി സമുദായങ്ങള്‍ ഏതു സമുദായങ്ങളെയുംപോലെ ആധുനികതയുമായുള്ള സങ്കീര്‍ണമായ ഇടപെടലുകളില്‍ തന്നെയാണു ജീവിക്കുന്നത്. നഗരത്തിലെ അല്ലെങ്കില്‍ സമീപഗ്രാമത്തിലെ ആശുപത്രിയില്‍ പോവുന്നത് അവിടത്തെ സംവിധാനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. അവിടെ അവകാശം നിഷേധിക്കപ്പെടുമ്പോള്‍ പ്രശ്‌നം ആദിവാസികളുടേതല്ല ‘പൊതു’ എന്ന് അവകാശപ്പെടുന്ന സമുദായത്തിന്റേതാണ്. ആദിവാസി എന്ന സമുദായത്തിന് വിപരീതമായി ‘പൊതു’ എന്ന സമുദായം നിര്‍മിക്കപ്പെടുന്നത് ആദിവാസികള്‍ എന്നാല്‍ പൊതുസമ്പര്‍ക്കമില്ലാത്തവര്‍ എന്ന കൊളോണിയല്‍/നരവംശശാസ്ത്ര ബോധത്തെ പിന്‍പറ്റിക്കൊണ്ടാണ്. ആദിവാസി സമുദായത്തിലേക്ക്/താമസസ്ഥലത്തേക്ക് പുറത്തുനിന്നുള്ള പ്രവേശനത്തെ ചൂഷണം, അധിനിവേശം എന്ന് എളുപ്പത്തില്‍ മനസ്സിലാക്കുമ്പോള്‍ ആദിവാസികളുടെ  പൊതുസമൂഹവുമായുള്ള ഇടപെടലുകള്‍ ആധുനികമായി കാണുന്നതേയില്ല. തിരുവനന്തപുരത്തെ കുടില്‍കെട്ടി സമരം ഉള്‍പ്പെടെയുള്ള ‘പൊതുയിടത്തെ’ സമരങ്ങള്‍, ഉദ്യോഗസ്ഥ മേഖലയിലെ ആദിവാസി സാന്നിധ്യം എന്നിങ്ങനെ ആധുനിക ഇടപെടലുകള്‍ നടക്കുമ്പോള്‍ തന്നെയാണ് ‘ബാംബൂ ബോയ്‌സ്’ പോലുള്ള മലയാള സിനിമകളില്‍ പ്രാകൃതരായ ആദിവാസികള്‍ എന്ന സാംസ്‌കാരിക വാര്‍പ്പുമാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് എത്‌നോഗ്രഫിക് ഹിംസകള്‍ നടക്കുന്നത്. ‘ഫ്രണ്ട്‌സ്’ എന്ന മലയാള സിനിമയില്‍ ”അതിനിപ്പോ കാട്ടുജാതിക്കാര്‍ക്കൊക്കെ പറ്റിയ പാട്ട്” എന്ന് ശ്രീനിവാസനോട് മുകേഷ് കളിയാക്കി പറയുന്ന വംശീയ പരാമര്‍ശം മലയാളികളുടെ ആദിവാസിയെ കുറിച്ചുള്ള ബോധത്തെ വെളിവാക്കുന്നതാണ്. പ്രാകൃതരായ ആദിവാസികളെ മുഖ്യധാരയിലേക്കും ആധുനികതയിലേക്കും ഉയര്‍ത്തേണ്ടതുണ്ടെന്ന ഒരു രക്ഷാകര്‍തൃബോധമാണ് ഭരണകൂടത്തിനുള്ളത്. ഇതേ സിവിലൈസിങ് മിഷന്റെ ബോധവുമായി പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകരെയും കണ്ടുമുട്ടിയിട്ടുണ്ട്. ഈ സമീപനങ്ങളും ആദിവാസി ജീവിതങ്ങളുടെ ആധുനികത/പരമ്പരാഗതം എന്ന വിഭജനങ്ങളുടെ അതിരുകള്‍ക്കുള്ളിലും പുറത്തേക്കുമുള്ള സങ്കീര്‍ണമായ ഇടപെടലുകളെ കാണുന്നില്ല. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കാന്‍ അവസരം നേടിയെടുത്ത ബിനീഷ് ബാലന്‍, ആദിവാസി നേതാവ് സി കെ ജാനു, നാരായണന്‍ ശങ്കരന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവരുടെ ദൃശ്യത ഈ ആദിവാസി സമകാലിക ഇടപെടലുകളുടെ വ്യത്യസ്തതകളെ വെളിവാക്കുന്നുണ്ട്. ഈ ഇടപെടലുകള്‍ കാണാതെയാണ് ആധുനികയിടത്തെ പൊരുത്തക്കേടുകളുടെ ഇരയായി ദനാ മാജിയെ അവതരിപ്പിക്കുന്നത്.
ആദിവാസി എന്ന സാമൂഹികഗണം തന്നെ ഒരു ആധുനിക നിര്‍മിതിയാണ്. എസ് ബോസു മുല്ലിക് നിരീക്ഷിക്കുന്നതനുസരിച്ച് 1938ല്‍ ജാര്‍ഖണ്ഡ് പ്രദേശത്ത് ആദിവാസി മഹാസഭ രൂപീകരിക്കപ്പെടുമ്പോഴാണ് ആദ്യമായി രാഷ്ട്രീയവ്യവഹാരത്തില്‍ ഈ സംജ്ഞ ഇടംനേടുന്നത്. തദ്ദേശീയ ജനത എന്ന സംജ്ഞ ഇപ്പോള്‍ ശ്രദ്ധനേടുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രത്തെപ്പറ്റിയും ഒരു പ്രദേശത്തെ യഥാര്‍ഥ വാസികള്‍ എന്ന സങ്കല്‍പങ്ങളിലെ പ്രശ്‌നങ്ങളുടെയും ഭാഗമായി ഈ സംജ്ഞയുടെ ചില പരിമിതികളെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കൊളോണിയല്‍ നരവംശശാസ്ത്ര വ്യവഹാരങ്ങള്‍ പലപ്പോഴും ആദിവാസിയെ കുറിച്ചുള്ള പൊതുബോധത്തെ മുന്നോട്ടുകൊണ്ടുപോവുന്നു. ഇവിടെ ഒരു പ്രതിസന്ധി നേരിടേണ്ടിവരുന്നു. ഒരുഭാഗത്ത് വ്യത്യസ്തതകളെ അംഗീകരിക്കേണ്ടിവരുന്നു. മറുഭാഗത്ത്, നിര്‍മിക്കപ്പെട്ട വ്യത്യസ്തതകളുടെ ഭാഗമായി ആദിവാസികള്‍ പൊതുസമൂഹത്തില്‍നിന്നു വളരെ വ്യത്യസ്തമാണെന്നും ഒരു ബോധം നിലനില്‍ക്കുന്നു. കൊളോണിയല്‍ നരവംശശാസ്ത്രം ചെയ്തതുപോലെ കാലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വ്യത്യസ്തതയെ നിര്‍മിച്ചത്. മനുഷ്യവികാസത്തിന്റെ ഉത്തമ മാതൃകയായി യൂറോപ്പിലെ വെളുത്ത വര്‍ഗക്കാരെ പ്രതിഷ്ഠിച്ചുകൊണ്ട് ഇപ്പോഴും ഒരു പഴയ കാലത്തില്‍ നില്‍ക്കുന്നവരായി ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള ‘ഗോത്ര’ങ്ങളെ നിര്‍മിച്ചുകൊണ്ടാണ് ഈ വ്യത്യസ്തതകളെ നിര്‍മിച്ചത്. ഈ ബോധം തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. ‘കാട്ടാളത്തം’, ‘കിരാതം’, ‘കാട്ടുനീതി’ തുടങ്ങിയ പദങ്ങള്‍ പൊതുഭാഷയില്‍ ഇടംനേടുന്നത് ഇതുകൊണ്ടാണ്.
ഈ ആധുനിക ആശങ്കകള്‍ തന്നെയാണ് കണ്ണൂരിലെ പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും അത് കള്ളക്കഥയായിരിക്കണമെന്നും മലയാളികള്‍ അതിയായി ആഗ്രഹിച്ചു. പട്ടിണിയല്ല ആ മരണത്തിന് കാരണമെന്ന മറുവാര്‍ത്ത വന്നതാണ് അവസാനം മലയാളിക്ക് ആശ്വാസം പകര്‍ന്നതും ആധുനികതയെ കുറിച്ചുള്ള വിശ്വാസം പുനസ്ഥാപിച്ചതും. ഈ ആശങ്കകള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ദനാ മാജിയുടെ അനുഭവത്തെക്കുറിച്ച് സഹതാപം പ്രകടിപ്പിച്ചുകൊണ്ട്  മനുഷ്യത്വത്തെ സ്വയം ബോധ്യപ്പെടുത്താന്‍ ഓരോരുത്തരും ശ്രമിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss