|    Dec 14 Fri, 2018 9:36 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആദിമ നിവാസികളുടെ അവകാശങ്ങള്‍

Published : 27th November 2018 | Posted By: kasim kzm

ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍പ്പെട്ട ഉത്തര സെന്റിനല്‍ ദ്വീപില്‍ അതിക്രമിച്ചു കയറിയ അമേരിക്കന്‍ യുവാവ് ജോണ്‍ അലന്‍ ചൗവിന്റെ ദാരുണ മരണത്തെ തുടര്‍ന്ന് ആദിമ നിവാസി വിഭാഗങ്ങളോട് ലോകം സ്വീകരിക്കുന്ന നയസമീപനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നു.
സെന്റിനലീസ് എന്നു നരവംശ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഈ ദ്വീപുവാസികള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ല. പുറംലോകം തങ്ങളുടെ ലോകത്തേക്ക് അതിക്രമിച്ചു കയറിവരുന്നത് അവര്‍ ഇഷ്ടപ്പെടുന്നുമില്ല. അതിന്റെ ഭാഗമായാണ് ദ്വീപിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച 26കാരനായ യുവാവിനെ അവിടത്തെ നിവാസികള്‍ അമ്പെയ്തു കൊലപ്പെടുത്തിയത്. ഒന്നിലേറെ തവണ മുന്നറിയിപ്പു നല്‍കി അമ്പുകള്‍ അയച്ച ശേഷവും യുവാവ് പിന്‍വാങ്ങാത്തതിനെ തുടര്‍ന്നാണ് കൊല നടന്നതെന്ന് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
യുവാവിന്റെ മൃതദേഹം ദ്വീപില്‍ നിന്നു തിരിച്ചെടുക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ ദ്വീപുനിവാസികള്‍ ചെറുക്കുമെന്നും തീര്‍ച്ചയാണ്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന വിഷയമാണ് മാധ്യമങ്ങളിലും അധികൃതതലത്തിലും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗം വാദിക്കുന്നത്, ആദിമനിവാസികളെ മുഖ്യധാരയുമായി ബന്ധപ്പെടുത്തുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നാണ്. അവരുടെ ഇംഗിതത്തിനെതിരായാല്‍ പോലും ഭരണകൂടം അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനും പൊതുസമൂഹത്തിനു ബാധകമായ നിയമങ്ങള്‍ അവിടെയും നടപ്പാക്കാനും തയ്യാറാവണമെന്നാണ് അവരുടെ വാദം.
എന്നാല്‍, ഭൂരിപക്ഷം പണ്ഡിതന്‍മാരും നരവംശ ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നത് അത് അങ്ങേയറ്റം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി തങ്ങളുടെ ദ്വീപില്‍ കായ്കനികള്‍ പെറുക്കിയും വേട്ടയാടിയും കഴിഞ്ഞുകൂടുന്ന വിഭാഗമാണിത്. അവരുടെ ഭാഷയോ ആചാരങ്ങളോ സംബന്ധിച്ച് ഇന്നും കാര്യമായ യാതൊരു വിവരവും ലഭ്യമല്ല.
19ാം നൂറ്റാണ്ടില്‍ ബ്രിട്ടിഷ് ഭരണകാലത്ത് ഒരു നാവിക ഉദ്യോഗസ്ഥന്‍ അവരില്‍ ചിലരെ പിടിച്ചുകൊണ്ടുവന്ന് സമീപത്തെ ജരവ ദ്വീപില്‍ താമസിപ്പിച്ചിരുന്നു. എന്നാല്‍, അവര്‍ ഓരോരുത്തരായി മരിച്ചുവീഴുന്നതാണ് അധികൃതര്‍ കണ്ടത്. അവര്‍ക്ക് പുറംലോകത്ത് കഴിഞ്ഞുകൂടാന്‍ കഴിയാത്ത അവസ്ഥയാണെന്നു ബോധ്യമായതോടെ തങ്ങളുടെ പരീക്ഷണം പരാജയമാണെന്ന് ബ്രിട്ടിഷ് അധികൃതര്‍ വിധിയെഴുതി.
ഇപ്പോള്‍ നടന്ന ദാരുണ മരണത്തിന്റെ പേരില്‍ അങ്ങോട്ടു കടന്നുകയറാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. ഗവേഷകര്‍ പറയുന്നത്, ഈ വിഭാഗത്തില്‍ ആകെ അവശേഷിക്കുന്നത് 60നും 80നും ഇടയില്‍ ആളുകള്‍ മാത്രമാണെന്നാണ്. പുറംലോകത്തു നിന്നുള്ള കടന്നുകയറ്റം അവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള ആഘാതമായിരിക്കും. മാത്രമല്ല, പുറംലോകത്ത് വ്യാപകമായ രോഗങ്ങളും രോഗാണുക്കളും അവര്‍ക്കിടയില്‍ എത്തിയാല്‍ അതിനെ ചെറുക്കാനുള്ള ശേഷി അവര്‍ക്കില്ല എന്നതും തീര്‍ച്ചയാണ്. അതിനാല്‍, ഈ ആദിമനിവാസികളെ അവരുടെ വഴിക്കു വിടുന്നതാണ് പ്രായോഗികം. അവരുടെ വംശത്തെ നാശത്തിലേക്ക് നയിക്കുന്ന നടപടികള്‍ ഒരിക്കലും അനുവദിച്ചുകൂടാ.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss