|    Nov 19 Mon, 2018 9:05 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആദിമ ജനതയുടെ ചരിത്രകാരന്‍

Published : 1st August 2018 | Posted By: kasim kzm

ടി എച്ച് പി ചെന്താരശ്ശേരി 1928-2018   – ഡോ.  എ  കെ  വാസു
ചരിത്രവും സാഹിത്യവും പഠിച്ചും പരിചയിച്ചും വികസിതമാകുന്ന ഘട്ടത്തില്‍ ഏതൊരാള്‍ക്കും തികട്ടിവരുന്നൊരു ചോദ്യം, അതില്‍ താനും തന്റെ പൂര്‍വികരും എവിടെയാണ് അടയാളപ്പെട്ടിരിക്കുന്നത് എന്നാണ്. തലമുറകളുടെ ഓര്‍മകളെ വാമൊഴിയായും പാട്ടുകളായും കൈമാറിവന്ന മനുഷ്യസമൂഹത്തിലെ അധീശത്വസ്വഭാവമുള്ള ഒരു വിഭാഗം എഴുത്തു പഠിച്ച് വരമൊഴിയുടെ വക്താക്കളായി മാറി. മറ്റൊരു വിഭാഗത്തെ സാമൂഹികമായി വേര്‍തിരിച്ച് കീഴ്ജാതിക്കാരാക്കി എഴുത്തധികാരത്തില്‍ നിന്ന് ആട്ടിപ്പായിക്കുകയും ഒന്നാമത്തെ കൂട്ടര്‍ അവര്‍ക്കു മാത്രമായി ചരിത്രവും സാഹിത്യവും എഴുതുകയും സ്ഥാപിച്ചെടുക്കുകയും ചെയ്തു.
പൊതുവഴിയിലേക്കും വിദ്യാലയങ്ങളിലേക്കും വൈകി മാത്രം വന്നുചേര്‍ന്ന കീഴാള വിഭാഗം നവോത്ഥാനാനന്തരം കേരളത്തില്‍ വിദ്യയിലേക്കും എഴുത്തധികാരത്തിലേക്കും വികസിക്കുകയുണ്ടായി. ആദിമജനതയായ തങ്ങള്‍ ചരിത്രശൂന്യരാവില്ലെന്ന ബോധവും സ്വത്വാന്വേഷണങ്ങളും വിസ്മൃതിയിലാണ്ട കാലങ്ങളെ വീണ്ടെടുക്കാനുള്ള അന്വേഷണത്വര ഇവരില്‍ വളര്‍ത്തുകയും ചെയ്തു. അത്തരമൊരു ഘട്ടത്തിലാണ് പണ്ഡിറ്റ് കെ പി കറുപ്പന്‍, കല്ലറ സുകുമാരന്‍, പോള്‍ ചിറക്കരോട്, ടി കെ സി വടുതല, ടി എച്ച് പി ചെന്താരശ്ശേരി തുടങ്ങിയവര്‍ ഉദയംകൊള്ളുന്നത്.
അയ്യന്‍കാളിയുടെ ജീവചരിത്രം ആദ്യമായി എഴുതിക്കൊണ്ട് മറ്റൊരു ചരിത്രമായി മാറിയ ടി എച്ച് പി ചെന്താരശ്ശേരി, ടി ഹീരപ്രസാദ് ചെന്താരശ്ശേരിയാണ്. വ്യത്യസ്തമായ പേരിന്റെ പിന്നിലുമുണ്ട് പഴമയുടെ ചെറിയ ചരിത്രം. ചെന്താരശ്ശേരി പറയുന്നത് ഇങ്ങനെ: ”എന്റെ പേര്‍ കേശവന്‍ എന്നായിരുന്നു. കേശവന്‍ ഓര്‍മിപ്പിക്കുന്നത് അയ്യന്‍കാളിയുടെ മകളുടെ ഭര്‍ത്താവും തിരുകൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സാക്ഷാല്‍ ടി ടി കേശവ ശാസ്ത്രികളെ തന്നെ. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ലയിലെ ഓതറ മേഖലാ സെക്രട്ടറിയായിരുന്നു ചെന്താരശ്ശേരിയുടെ പിതാവായിരുന്ന തെരുവന്‍. ദലിതരിലെ വിദ്യാധനനായ മനുഷ്യന്‍ ടി ടി കേശവ ശാസ്ത്രികള്‍ ആയിരുന്നു. വളരുമ്പോള്‍ തന്റെ മകനും ശാസ്ത്രി പരീക്ഷ പാസായി മറ്റൊരു കേശവ ശാസ്ത്രിയാകണമെന്ന ഉള്‍പ്രേരണയാലാണ് മകന് കേശവന്‍ എന്ന പേരിടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍, ഈ മകന്‍ ശാസ്ത്രിയായില്ല എന്നു മാത്രമല്ല, കേശവനായി പോലും തുടരാന്‍ കഴിഞ്ഞില്ല.”
പത്താം തരം പാസായപ്പോള്‍ ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരേ കേശവന്‍ പ്രസംഗിക്കാന്‍ തുടങ്ങിയിരുന്നു. കുട്ടനാട്ടില്‍ മുപ്പതടിയിലേറെ പൊക്കമുള്ള വൈക്കോല്‍ത്തുറുവില്‍ നിന്നു വീണ് പിതാവ് തെരുവന്‍ നടുവൊടിഞ്ഞു കിടപ്പിലായ കാലത്ത് മേല്‍ജാതി ജന്മിമാരുടെ വീടുകളില്‍ കൃഷിപ്പണികള്‍ക്ക് പോകേണ്ടിവന്ന കേശവന് നിരവധി ജാതീയ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂട്ടുകാരെയും നാട്ടുകാരെയും സംഘടിപ്പിച്ച് നാടകസംഘങ്ങളും കലാസംഘങ്ങളും നടത്തുന്നതിനും കേശവന്‍ മുന്നിലുണ്ടായിരുന്നു.
അന്നൊക്കെ വ്യവസ്ഥിതിക്കെതിരേ പോരാടുന്നവര്‍ക്കെല്ലാം ഭരണകൂടവും സമൂഹവും ചാര്‍ത്തിക്കൊടുക്കുന്ന പേരായിരുന്നു ‘കമ്മ്യൂണിസ്റ്റ്’ എന്നത്. അത്തരമൊരു ദുഷ്‌പേര് വിദ്യാസമ്പന്നരായ ദലിതര്‍ക്ക് വീണുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ യാതൊരു സാധ്യതയും ഉണ്ടായിരുന്നില്ല. ഈ ഗതികേട് മറികടക്കാനുള്ള വിദ്യയായി പേരുമാറ്റം എന്ന വഴി കേശവനു പറഞ്ഞുകൊടുത്തത് എസ്ബി കോളജിലെ പ്രിന്‍സിപ്പലച്ചനായിരുന്നു. ഉപഭാഷയായി ഹിന്ദി പഠിച്ചിരുന്ന കേശവനെ ആകര്‍ഷിച്ചിരുന്നത് ഹിന്ദി കവി ഹീരപ്രസാദ് ആയിരുന്നു. അതിനാല്‍, അന്തസ്സുള്ള ഒരു ജോലി നേടുകയെന്ന കടമ്പ കടക്കാനായി കേശവന്‍ പേരു മാറ്റി ഹീരപ്രസാദായി മാറി.
കേരളീയ നവോത്ഥാന ചരിത്ര ചര്‍ച്ചകളില്‍ വലിയ മുഴക്കമാകാന്‍ അയ്യന്‍കാളിക്ക് സാധിച്ചിട്ടുണ്ട്. അതിനു വഴിയൊരുക്കിയത് മുഖ്യമായും രണ്ടു സംഭവങ്ങളാണ്. ഒന്ന് ടി എച്ച് പി ചെന്താരശ്ശേരി യുക്തിഭദ്രമായി എഴുതിവച്ച ജീവചരിത്രം. മറ്റൊന്ന് കെ കെ ബാലകൃഷ്ണന്‍ എന്ന മുന്‍ മന്ത്രിയുടെ ഉത്സാഹത്താല്‍ മദ്രാസില്‍ നിര്‍മിച്ച് കേരളമാകെ പര്യടനം നടത്തി തിരുവനന്തപുരം വെള്ളയമ്പലം സ്‌ക്വയറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അയ്യന്‍കാളിയുടെ പ്രതിമ. തുടര്‍ന്ന് കര്‍ഷകത്തൊഴിലാളി നേതാവ്, ഹരിജനോദ്ധാരകന്‍ തുടങ്ങിയ ചാര്‍ത്തിക്കെട്ടലുകള്‍ക്കപ്പുറത്ത് നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവും സാമുദായിക നേതൃത്വരൂപവുമെന്ന നിലയില്‍ ഒരു ജ്ഞാനരൂപമായി അയ്യന്‍കാളിയെ വീണ്ടെടുക്കുന്നതില്‍ കെ കെ കൊച്ചിന്റെ എഴുത്തും ഇടപെടലുകളുമാണ് വഴിയൊരുക്കിയത്. അയ്യന്‍കാളി യുഗത്തിന്റെ അപചയത്തെത്തുടര്‍ന്ന് സാധുജന പരിപാലനസംഘം ഉപജാതി സംഘടനകള്‍ തീര്‍ത്ത് പല വഴി പിരിഞ്ഞു.
ദലിത് സമൂഹം തുടര്‍ന്ന് മോചകരായി കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയായിരുന്നു. അതിനാല്‍, ദലിത് മോചനത്തിന്റെ ചരിത്രം തങ്ങളില്‍ തുടങ്ങുന്നുവെന്ന് കമ്മ്യൂണിസ്റ്റുകള്‍ ചരിത്രം എഴുതി. അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനുമെല്ലാം വിസ്മൃതിയിലേക്കു താഴ്ത്തപ്പെട്ടുപോയി. ഇന്ന് നാം കാണുന്ന അയ്യന്‍കാളി ദലിതരില്‍ നിന്ന് ഉണ്ടായിവന്ന ഒരുപറ്റം ധിഷണാശാലികള്‍ പുനര്‍നിര്‍മിച്ചെടുത്ത ചരിത്രപുരുഷനാണ്.
നുണ നിലനിര്‍ത്താന്‍ വേണ്ടി കൊല്ലപ്പെട്ട കോവിലന്റെ കഥ ദലിതരുടെ കന്നിപ്പാട്ടില്‍ കാണാം. പാണ്ടിനാട്ടില്‍ ചിലമ്പ് വില്‍ക്കാന്‍ പോയ കോവിലന്‍ സ്വര്‍ണപ്പണിക്കാരന്റെ ചതിയാല്‍ മോഷ്ടാവാക്കപ്പെടുന്നു. സത്യം പുറത്തുവരാതിരിക്കാനാണ് കോവിലനെ കഴുവേറ്റി വധിക്കുന്നത്. എന്നാല്‍, കാക്കയും കഴുകനും കൊത്തിക്കൊണ്ടുവന്ന വിരലില്‍ നിന്നും ജഡം കിടന്ന മണ്ണില്‍ നിന്നും പള്ളിവാളു കൊണ്ട് കന്നി (കാളി) കോവിലനെ തോറ്റിയെടുത്ത് (പുനരുജ്ജീവിപ്പിച്ച്) കൊടുങ്ങല്ലൂരില്‍ കുടിയിരുത്തുന്നു. അത്തരമൊരു തോറ്റിയെടുപ്പാണ് (വീണ്ടെടുപ്പ്) ടി എച്ച് പി ചെന്താരശ്ശേരിയും അയ്യന്‍കാളിക്കു വേണ്ടി നടത്തിയിരിക്കുന്നത്.
സി കൃഷ്ണന്റെ മിതവാദി ചരിത്രാന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമ്പോഴാണ് അയ്യന്‍കാളിയെക്കുറിച്ചുള്ള ലിഖിത രേഖകള്‍ അദ്ദേഹം ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് വെങ്ങാനൂരിലെത്തി ശേഖരിച്ച വാമൊഴിയറിവുകളും പ്രാദേശിക ചരിത്രങ്ങളും പ്രജാസഭാ രേഖകളും പത്രക്കുറിപ്പുകളും ഉപാദാനങ്ങളാക്കിയാണ് ചെന്താരശ്ശേരി അയ്യന്‍കാളിയെ പുനര്‍നിര്‍മിച്ചെടുക്കുന്നത്. 1863ല്‍ ജനിച്ച് ത്യാഗോജ്ജ്വല ജീവിതം നയിച്ച് പ്രജാസഭയില്‍ പങ്കാളിയായി 1941ല്‍ അന്തരിച്ച അയ്യന്‍കാളിക്ക് ഒരു ജീവചരിത്രം ഉണ്ടാകുന്നത് 1979ലാണ്. ഇന്നിപ്പോള്‍ പൊതുഇടങ്ങളിലെ സാമൂഹിക-രാഷ്ട്രീയ ചര്‍ച്ചകളിലും അയ്യന്‍കാളി പ്രസക്തനാണ്. ആരാലും മായ്ക്കാനാവാത്തവിധം ആ പുനഃസൃഷ്ടി വേരുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.
അയ്യന്‍കാളിയുടേതായി ഇന്നു പ്രചരിക്കപ്പെടുന്ന ചിത്രം ശ്രീമൂലം പ്രജാസഭയുടെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നു രൂപപ്പെടുത്തിയതാണ്. ഫോട്ടോഷോപ്പ് അതില്‍ പല വ്യതിയാനങ്ങളും വരുത്തിയിട്ടുണ്ട്. ആവുന്നത്ര വെളുപ്പിച്ച്, ചന്ദനക്കുറി വച്ചുകൊടുത്ത്, ദിവ്യപ്രഭാവലയത്തില്‍ വരെ അതു കാണപ്പെടുന്നു. ആ അവസ്ഥയില്‍ നിന്ന് അയ്യന്‍കാളിയെ തിരിച്ചുപിടിക്കുന്നൊരു ഇടപെടല്‍ നടത്തി, പൊട്ടില്ലാത്ത കറുത്തൊരു അയ്യന്‍കാളിയെ വരച്ചെടുക്കാന്‍ തത്തുവണ്ണനു സാധിച്ചതിനു പിന്നില്‍ ഡി പി കാഞ്ചിറാമിന്റെയും ഈ ലേഖകന്റെയും ഇടപെടലുണ്ട്.
രജനി എസ് ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട സമരകാലത്തായിരുന്നു പ്രസ്തുത ചിത്രം വരച്ചത്. ‘തൊഴിക്കുംതോറും തൊഴാത്ത ആ പത്തു ബിഎക്കാരാകാം’ എന്ന അടിക്കുറിപ്പോടെ ദലിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (ഡിഎസ്എം) അന്ന് ആ ചിത്രം പ്രിന്റുകളെടുത്തു പ്രചരിപ്പിച്ചിട്ടുണ്ട്. കല്ലുമാല ബഹിഷ്‌കരണത്തിന്റെയും വില്ലുവണ്ടി യാത്രയുടെയും ഡ്രോയിങുകള്‍ ഇ വി അനില്‍ വരച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.
ചെറായി ബീച്ചില്‍ അയ്യന്‍കാളിയുടെ വില്ലുവണ്ടിയാത്ര ചിത്രീകരിക്കാന്‍ രാജു ഏഴിക്കരയും കൂട്ടരും എടുത്ത ത്യാഗത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ആ വില്ലുവണ്ടിയില്‍ അയ്യന്‍കാളിയെയല്ല, തിരുവനന്തപുരത്തു കണ്ട അയ്യന്‍കാളി പ്രതിമയെയാണ് എടുത്തുവച്ചിരിക്കുന്നതെന്നു തോന്നും. പ്രജാസഭാ വേഷത്തിലായിരുന്നില്ലല്ലോ അയ്യന്‍കാളി വില്ലുവണ്ടി സമരം നടത്തിയത്? ഗാന്ധിജി അയ്യന്‍കാളിയെ കാണുന്ന ചിത്രവും ഇനി നിര്‍മിക്കേണ്ടതായുണ്ട്. പുനഃസൃഷ്ടിയുടെ ആധികാരികതയ്ക്ക് നമുക്ക് ചെന്താരശ്ശേരിയെത്തന്നെ മാതൃകയാക്കാവുന്നതാണ്.
‘സഞ്ചാരപഥങ്ങള്‍’ എന്ന തന്റെ ആത്മകഥയില്‍ കെ കെ കൊച്ച് ”സമ്പത്തും അധികാരവും പദവിയും സംസ്‌കാരവും അകലെയായിരിക്കുന്ന ദുരിതങ്ങളുടെ തോരാമഴയില്‍ കുളിച്ചുനില്‍ക്കുന്ന ദലിത് സമുദായത്തെ പ്രത്യാശയിലേക്കു നയിക്കാന്‍ ബുദ്ധിജീവികള്‍ക്കേ കഴിയൂ” എന്നു സൂചിപ്പിക്കുന്നുണ്ട്. തന്റെ സമുദായത്തില്‍ പത്തു ബുദ്ധിജീവികള്‍ ഉണ്ടാകണമെന്ന ആഗ്രഹം അദ്ദേഹം പറയുന്നുണ്ട്. അയ്യന്‍കാളിയുടെ ‘പത്തു ബിഎക്കാര്‍’ എന്ന പരികല്‍പനയില്‍ കെ കെ കൊച്ചിന്റെ പുതുക്കലായി വേണം ഈ വിലയിരുത്തലിനെ കാണാന്‍. അങ്ങനെയെങ്കില്‍ അയ്യന്‍കാളിയുടെ സ്വപ്‌നത്തിലെ ഒന്നാമത്തെ ബിഎക്കാരനായി നമുക്ക് ടി എച്ച് പി ചെന്താരശ്ശേരിയെത്തന്നെ കണ്ടെടുക്കേണ്ടിവരുന്നുണ്ട്.                                          ി

(കടപ്പാട്: ഒന്നിപ്പ് മാസിക)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss