|    Dec 14 Fri, 2018 9:45 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ആദരിക്കേണ്ട ജന്മവും അവഗണിക്കുന്ന ജനതയും!

Published : 17th May 2017 | Posted By: fsq

 

ടി എം കൃഷ്ണന്‍കുട്ടി

ലോകം കണ്ട അപൂര്‍വ പ്രതിഭാശാലികളില്‍ അഗ്രിമസ്ഥാനത്തുള്ള മഹാവ്യക്തിത്വമായ ബാബാ സാഹെബ് ഡോ. ബി ആര്‍ അംബേദ്കറുടെ 127ാം ജന്മദിനം കടന്നുപോയത് ഈ കഴിഞ്ഞ ഏപ്രില്‍ 14നാണ്. ഈ യുഗപുരുഷന്റെ വ്യക്തിപ്രഭാവങ്ങള്‍ വിവരിക്കാനല്ല ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. അദ്ദേഹം ഈ രാജ്യത്തിനു നല്‍കിയ ഈടുറ്റ സംഭാവനകള്‍ വിലയിരുത്താനും ഒരുങ്ങുന്നില്ല. മറിച്ച്, തന്റെ ജീവിതം മുഴുവന്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് ഏകനായി പൊരുതി, തന്റെ രാജ്യത്തിനും താന്‍ ഉള്‍പ്പെട്ട ജനതയുടെ മോചനത്തിനും വേണ്ട അടിസ്ഥാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഈ മഹാവ്യക്തിത്വത്തെ അര്‍ഹിക്കുന്ന വിധത്തില്‍ പൊതുസമൂഹം ആദരിക്കുന്നുണ്ടോ എന്ന ആത്മപരിശോധന നടത്താനാണ് ഇവിടെ ശ്രമിക്കുന്നത്.ലോകത്ത് ഇന്ന് ആദരിക്കപ്പെടുന്ന പല മഹാന്മാരേക്കാളും ബൗദ്ധികതലത്തില്‍ പ്രാധാന്യവും പ്രസക്തിയുമുള്ള ബഹുമുഖ പ്രതിഭയായിട്ടുപോലും എന്തുകൊണ്ട് ഡോ. അംബേദ്കറെ വേണ്ടത്ര പ്രാധാന്യത്തോടെ സമൂഹം ഓര്‍മിക്കാതെപോവുന്നു?ആയിരത്താണ്ടുകളായി ഇന്ത്യയില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ-ജാതിവ്യവസ്ഥയ്ക്കു കീഴില്‍ അടിമത്തം അനുഭവിച്ച ജനതയുടെ വിമോചനത്തിനുവേണ്ടി ഉള്‍ക്കാഴ്ചയോടെ നടത്തിയ സാമൂഹിക-രാഷ്ട്രീയ പോരാട്ടമാണ് ഡോ. അംബേദ്കറിലൂടെ വിജയം കണ്ടത്. തെരുവുനായ്ക്കള്‍ക്കുള്ള പരിഗണനപോലും ലഭിക്കാതിരുന്ന ഒരു ജനതയ്ക്കു നേരെ എന്തെല്ലാം ക്രൂരതകളും മര്‍ദനമുറകളും ശിക്ഷാവിധികളുമാണ് മനുസ്മൃതി—യിലൂടെ ഇവിടെ നടപ്പാക്കിക്കൊണ്ടിരുന്നത്? ഈ വ്യവസ്ഥിതിക്കെതിരേ ധീരമായി പൊരുതി രാജ്യത്ത് ഏതൊരു പൗരനും സമത്വവും സ്വാതന്ത്ര്യവും വോട്ടവകാശവും നിയമപരമായി ഉറപ്പാക്കാനുതകുന്ന ഭരണഘടന യാഥാര്‍ഥ്യമാക്കിയ ചരിത്രം ലോകത്ത് സമാനതകളില്ലാത്തതാണ്. ഈ വസ്തുത ശരിയാംവണ്ണം അപഗ്രഥിച്ചുകൊണ്ടാണ് 2016 ഏപ്രില്‍ 14ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ബാബാ സാഹെബിന്റെ ജന്മദിനം സമുചിതമായ രീതിയില്‍ കൊണ്ടാടുകയും ഭാവിയില്‍ ഈ ദിനം ‘ലോക വിജ്ഞാനദിന—മായി ആഘോഷിക്കാന്‍ ആഹ്വാനംചെയ്യുകയുമുണ്ടായത്.ഭരണഘടനയില്‍ വിഭാവനം ചെയ്ത രീതിയില്‍ കാര്യങ്ങള്‍ പൂര്‍ണതയില്‍ എത്തിയിട്ടില്ലെന്ന വസ്തുത അംഗീകരിക്കുമ്പോഴും ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ മുതല്‍ സംസ്ഥാന നിയമസഭകളിലും ലോക്‌സഭയിലും ഉള്‍പ്പെടെ ഭരണഘടനാ പരിരക്ഷയിലൂടെ അനേകം ജനപ്രതിനിധികള്‍ പട്ടികവിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. മറ്റു സമ്മര്‍ദ സാഹചര്യങ്ങള്‍കൊണ്ടാണെങ്കില്‍പോലും ഒരുവേള ഇന്ത്യന്‍ രാഷ്ട്രപതിയായും മൂന്നുതവണ ലോക്‌സഭാ സ്പീക്കര്‍മാരായും ഒരുതവണ സുപ്രിംകോടതിയിലെ മുഖ്യ ന്യായാധിപനായും ഉയര്‍ന്ന പദവികള്‍ അലങ്കരിക്കാന്‍ പട്ടികവിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് അവസരം ലഭിച്ചതും അംബേദ്കറുടെ പ്രവര്‍ത്തനങ്ങളുടെ പരിണത ഫലമാണെന്ന വസ്തുത നിഷേധിക്കാവുന്നതല്ല. പട്ടികവിഭാഗത്തിന്റെ പ്രാതിനിധ്യം പേറി കേന്ദ്ര-സംസ്ഥാന മന്ത്രിമാരായി വിലസുന്നവരും കടപ്പെട്ടിരിക്കുന്നത് ബാബാ സാഹെബിനോടു തന്നെയാണ്. ഭരണസംവിധാനത്തിന്റെ വിവിധ തലങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞത് അംബേദ്കറുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ്. അതേസമയം, സംവരണം ബാധകമാക്കിയിട്ടില്ലാത്ത രാജ്യസഭ, നീതിന്യായ കോടതികള്‍, ശാസ്ത്ര സാങ്കേതിക മേഖല, സൈനിക വിഭാഗങ്ങള്‍ തുടങ്ങിയ രംഗങ്ങളിലൊന്നും പട്ടികജാതി-—വര്‍ഗ വിഭാഗത്തിന് പേരിനുപോലും പ്രാതിനിധ്യമില്ലെന്ന കാര്യം പരിഗണിക്കുമ്പോഴാണ് മേല്‍സൂചിപ്പിച്ച നേട്ടങ്ങള്‍ ശ്രദ്ധേയമാവുന്നത്. രാജ്യത്ത് അങ്ങിങ്ങായി അനേകം ദലിത് സംഘടനകളുടെയും നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കുന്ന അംബേദ്കറിസ്റ്റുകളുടെയും ബുദ്ധിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന അംബേദ്കര്‍ ജയന്തി ആഘോഷങ്ങളെയും മറ്റു പ്രവര്‍ത്തനങ്ങളെയും അവഗണിക്കുകയോ അവരുടെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുകയോ ചെയ്യുന്നില്ല. പക്ഷേ, ഉന്നത വിദ്യാഭ്യാസം നേടി ഔദ്യോഗിക-ഭരണ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ബഹുദൂരം മുന്നേറി ജീവിതസാഹചര്യങ്ങള്‍ വേണ്ടുവോളം മെച്ചപ്പെടുത്തിയ എത്ര ശതമാനം ദലിതര്‍ തങ്ങളുടെ സ്വത്വബോധം ഉള്‍ക്കൊണ്ട് സാമൂഹികപരമായ ധാര്‍മിക ഉത്തരവാദിത്തം നിറവേറ്റാന്‍ മുന്നിട്ടിറങ്ങുന്നു എന്നത് പരിശോധന അര്‍ഹിക്കുന്നു.സംവരണത്തിന്റെ പിന്‍ബലത്തില്‍ എത്തിപ്പിടിക്കാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചുകഴിഞ്ഞാല്‍ പിന്നെ, ഈ വരേണ്യവര്‍ഗത്തിന്റെ കൂറു മുഴുവന്‍ ഇന്നലെ വരെ തങ്ങളെ അവഗണിച്ച, അഥവാ അടിച്ചമര്‍ത്താന്‍ കൂട്ടുനിന്ന രാഷ്ട്രീയപ്പാര്‍ട്ടികളോടും ട്രേഡ് യൂനിയന്‍-സര്‍വീസ് സംഘടനകളോടും മാത്രമാണെന്നത് വലിയ വിരോധാഭാസം തന്നെ. തങ്ങള്‍ക്കു ചുറ്റുമുള്ള സമൂഹം ഗുരുതരമായ അസമത്വവും അവഗണനയും നേരിടുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു വരേണ്യ—വര്‍ഗമായി തുടരുന്നത് ദലിത് വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നവര്‍ക്ക് ഭൂഷണമാണോ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss