|    Oct 20 Sat, 2018 2:09 pm
FLASH NEWS

ആത്മീയ വഴിയിലെ പുത്തന്‍ ആശ്രമങ്ങള്‍

Published : 9th August 2016 | Posted By: G.A.G

cover
റസാഖ് മഞ്ചേരി


ത്മീയ വഴിയിലെ ആശ്രമ ജീവിതങ്ങളെക്കുറിച്ച് കൊണ്ടുപിടച്ച ചര്‍ച്ചകളും അവലോകനങ്ങളും മിക്ക മാധ്യമങ്ങളിലും പ്രസദ്ധീകൃതമായിക്കഴിഞ്ഞു. അപ്രത്യക്ഷരായ മലയാളി കുടുംബങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ മുഖ്യധാരാ-രാജ്യസ്‌നേഹ മാധ്യമങ്ങള്‍ എത്തിപ്പെട്ടത് സലഫിയ്യത്തിന്റെ ദമ്മാജ് താഴ്‌വരകളിലും. കേരളം വിട്ട നവ മുസ്‌ലിംകളടക്കമുള്ള അഭ്യസ്ഥവിദ്യര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയില്‍ ചേക്കേറിയെന്നും കേരളം, വിശിഷ്യാ മലബാര്‍, ഭീകരതയുടെ റിക്രൂട്ടിങ് ഹബ്ബാണെന്നുമെല്ലാം സംഘപരിവാരവും മാധ്യമ ഭീകരരും ഊതിവീര്‍പ്പിച്ച് പ്രചരിപ്പിക്കുന്നതിനിടെയാണ് ബലൂണിലെ കാറ്റ് പൊടുന്നനെ പോയത്.
റോക്കറ്റ് ലോഞ്ചറുകളും സ്റ്റണ്‍ മെഷീന്‍ ഗണ്ണുകളും പിടിച്ച മലയാളി ഐഎസ് ഭീകരരുടെ പ്രൊഫൈല്‍ പിക്ചറുകളും സ്റ്റാറ്റസുകളും പ്രത്യക്ഷപ്പെടുന്നതും കാത്ത് സോഷ്യല്‍ മീഡിയകളില്‍ ഉറക്കമിളച്ചവരും കുറവല്ല. അവരുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ എല്ലാവരേയും ‘പ്ലിങ്ങാക്കിക്കൊണ്ടാണ്’ ആട്ടിടയരായ ആത്മീയ വാദികളുടെ വിചിത്ര ജീവിതത്തിന്റെ കഥ കേരളം കേട്ടത്. ഐഎസ് ഭീകരതയെ സര്‍വ്വശക്തിയോടെയും അപലപിച്ച് രാജ്യസ്‌നേഹം തെളിയിക്കാന്‍ മത്സരിച്ച സമുദായ സംഘടനകളും സോ കാള്‍ഡ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളും അതേ ശക്തിയില്‍ ദമ്മാജ് സലഫികള്‍ എന്ന് അറിയപ്പെടുന്ന ആശ്രമ സലഫികളെയും അപലപിക്കാന്‍ വാശികാണിച്ചുവെന്നത് ചിലരെയെങ്കിലും അത്ഭുതപ്പെടുത്തിക്കാണും. ഐഎസ്, അല്‍ഖാഇദ തുടങ്ങിയ സായുധ ജിഹാദി ഗ്രൂപ്പുകളെ അപലപിക്കുന്നവര്‍ക്ക് ശുദ്ധ വെജിറ്റേറിയന്‍ സ്വഭാവം കാണിക്കുന്ന ദമ്മാജികളെ അപലപിക്കാനുള്ള ന്യായം എന്തായിരുന്നുവെന്നു വ്യക്തമല്ല. താഴ്‌വരകളില്‍ ആടിനെ മേച്ചും മതാധ്യാപനങ്ങള്‍ പഠിച്ചും പാലിച്ചും ഏകാന്ത ജീവിതം നയിക്കുന്നവരെ എന്തിനാണ് തോക്കുകൊണ്ട് സംസാരിക്കുന്നവര്‍ക്കൊപ്പം കെട്ടിയത്. പുനരാലോചനക്കും ചര്‍ച്ചക്കും വിധേയമാക്കേണ്ട സമസ്യയാണിത്. സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടക്കാരായും, ആശ്രിതരായ മാതാപിതാക്കളടങ്ങിയ കുടുംബത്തെ വഴിയില്‍ തള്ളി കടന്നുകളഞ്ഞ സ്വാര്‍ഥമതികളായും ഇത്തരക്കാരെ വിശേഷിപ്പിക്കുകയാണെങ്കില്‍ അതില്‍ ഇത്തിരി കഴമ്പുണ്ട്താനും.

one
യഥാര്‍ഥത്തില്‍ എന്താണ് ദമ്മാജ് സലഫിസം. മന്‍ഹജ് -മാര്‍ഗം- വാദവും സംഘടന ബിദ്അത്താണെന്ന -പ്രവാചക മാതൃകയില്ലാത്ത പുത്തനാചാരം- നിലപാടുമാണ് ഇവരെ ഇതര സലഫികളില്‍നിന്ന് വ്യത്യസ്തരാക്കിയത്. സൗദി അറേബ്യയിലടക്കം ശുദ്ധ സലഫി വാദികളായാണ് ദമ്മാജികള്‍ അറിയപ്പെടുന്നത്. അവിടെ ആയിരക്കണക്കിന് അനുയായികളും ദമ്മാജികള്‍ക്കുണ്ട്.

ദമ്മാജുല്‍ ഖൈറും സലഫിയത്തും
വടക്കന്‍ യമനിലെ വിദൂര നഗരമായ ദമ്മാജിലെ ദാറുല്‍ ഹദീസില്‍ പഠിക്കുന്നവരോ അവിടുത്തെ അധ്യാപനങ്ങളെ പിന്തുടരുന്നവരോ ആണ് ദമ്മാജ് സലഫികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 1979 ല്‍ ശൈഖ് മുഖ്ബില്‍ ബിന്‍ ഹാദി അല്‍ വാദി എന്ന സലഫി-ളാഹിരി പണ്ഡിതനാണ് ദമ്മാജില്‍ ‘ദാറുല്‍ ഹദീസ്’ എന്ന പേരില്‍ ഈ മദ്‌റസ സ്ഥാപിച്ചത്. 1930 ല്‍ യമനിലെ സഅദയില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സൗദി അറേബ്യയിലെത്തി. മദീനാ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായി ചേര്‍ന്ന മുഖ്ബില്‍ വാദി, സൗദി ഗ്രാന്റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്‌നു ബാസ്, ശൈഖ് നാസറുദ്ദീന്‍ അല്‍ബാനി, ശൈഖ് ഉതൈമീന്‍ എന്നിവരുടെ പ്രമുഖ ശിഷ്യരിലൊരാളായി വളര്‍ന്നു. ഇതിനിടെ ജുഹൈമാന്‍ അല്‍ ഉതൈബിയുടെ നേതൃത്വത്തില്‍ ആലു സുഊദിനെതിരെ -സൗദി രാജകുടുംബം- മദീനാ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒരു പ്രക്ഷോഭം സംഘടിപ്പിച്ചു. ഇവര്‍ അബ്ദുല്ല അല്‍ കഹ്ത്വാനിയെന്നയാളെ വാഗ്ദത്ത മഹ്ദിയായി ഉയര്‍ത്തിക്കാട്ടി മസ്ജിദുല്‍ ഹറാം പിടച്ചടക്കുകയും ചെയ്തു. നാനൂറോളം വരുന്ന ഉതൈമീനും സംഘവും സൗദി സേനയുടെ പ്രത്യാക്രമണത്തില്‍ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായത്.
കഅ്ബ പിടിച്ചടക്കി സൗദിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിലേക്ക് നയിച്ച ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കുണ്ടെന്ന്  സംശയിച്ച മദീനാ യൂനിവേഴ്‌സിറ്റിയിലെ നിരവധി അന്തേവാസികള്‍ ജയിലിലടയ്ക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ മുഖ്ബില്‍ വാദിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ശൈഖ് ഇബ്‌നു ബാസിന്റെ  നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സൗദി ഭരണകൂടും മുഖ്ബില്‍ വാദിയെ മാസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനാക്കി. മദീനവിട്ട അദ്ദേഹം യമനിലെത്തി. തുടര്‍ന്നാണ് ദമ്മാജ് എന്ന കൊച്ചുപട്ടണത്തില്‍ ‘ദാറുല്‍ ഹദീസ് ഫീ ദമ്മാജില്‍ ഖൈര്‍’ എന്നപേരില്‍ സ്ഥാപനം തുടങ്ങുന്നത്.

മുഖ്ബില്‍ വാദിയും
ഖിയാസ് നിഷേധവും
twoസലഫികള്‍ക്കിടയില്‍ സര്‍വ്വാംഗീകൃതമായ ഖിയാസ് (മത വിഷയങ്ങളിലെ താരതമ്യ നിര്‍ദ്ധാരണം) പാടില്ലെന്ന നിലപാടാണ് മുഖ്ബില്‍ വാദി സ്വീകരിച്ചത്. വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക വചനങ്ങളുടെയും പ്രത്യക്ഷാര്‍ഥമാണ് സ്വീകരിക്കേണ്ടതെന്നും മതത്തില്‍ ബുദ്ധിക്ക് സ്ഥാനമില്ലെന്നുമുള്ള വാദവും അദ്ദേഹം മുന്നോട്ട് വച്ചു. ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ശൈഖ് ദാവൂദ് അല്‍ ളാഹിരി പ്രചരിപ്പിച്ച ആശയമാണ് അദ്ദേഹം അവലംബമാക്കിയത്. ബഹുസ്വര സമൂഹത്തില്‍ താമസിക്കുന്ന വിശ്വാസിക്ക് യഥാര്‍ഥ ആത്മീയ ജീവിതം നയിക്കാനാവില്ലെന്ന വിചിത്ര ന്യായവും അദ്ദേഹം ഉന്നയിച്ചു. ശരിയും തെറ്റും കൂടിക്കലരുന്നത് ഒഴിവാക്കാന്‍ ഏകാന്തവാസമോ ആശ്രമ വാസമോ സ്വീകരിക്കുന്നതാണ് അഭികാമ്യമെന്നും അനുയായികളെ ഓര്‍മ്മിപ്പിച്ചു. സൗദി ഉള്‍പ്പെടെയുള്ള ജസീറത്തുല്‍ അറബില്‍നിന്നും ഏഷ്യയില്‍നിന്നും യൂറോപ്പില്‍നിന്നുമായി ധാരാളം പേര്‍ അങ്ങിനെ ശുദ്ധ സലഫിയത്ത് തേടി ദമ്മാജിലെത്തി. ഒരേ സമയം അയ്യായിരത്തിലധികം പേര്‍ ഇവിടെ പഠനം നടത്തുന്നുണ്ടായിരുന്നു. കളിമണ്‍ കട്ടകള്‍കൊണ്ട് പണിത ചെറിയ കുടിലുകളില്‍ താമസിച്ചും മലഞ്ചെരുവുകളില്‍ ആടിനെമേച്ചും കൃഷിചെയ്തും ഉപജീവനം തേടി ആയിരങ്ങള്‍ ദമ്മാജില്‍ തങ്ങി. ഉത്തമമായ ഉപജീവനം ആടുമേക്കലാണെന്ന ഹദീസിനെ ആസ്പദിച്ചാണ് മെഡിക്കല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമടക്കമുള്ള അഭ്യസ്ഥവിദ്യര്‍ ഇവിടെ ആടു മേച്ചു ജീവിച്ചത്.

ഭൗതിക വിരക്തരുടെ താഴ്‌വര
ആധുനികമായ യാതൊന്നും കടന്നു ചെന്നിട്ടില്ലാത്ത ദമ്മാജ് അങ്ങിനെ ഭൗതിക വിരക്തരായ സലഫികളുടെ താഴ്‌വരയായി. ഒരുതരം സൂഫി സന്യാസ ജീവിതം നയിച്ച ഇവിടുത്തെ അന്തേവാസികള്‍ പക്ഷേ, പത്തരമാറ്റ് തൗഹീദ് വാദികളായിരുന്നു. (ഹദീസിന്റെ പ്രത്യക്ഷാര്‍ഥത്തിന് പ്രാധാന്യം നല്‍കിയതിനാല്‍ ജിന്ന്, സിഹ്‌റ്, പിശാച് വിഷയങ്ങളില്‍ ആശയക്കുഴപ്പം നിലന്നിന്നിരുന്നുവെങ്കിലും). ഐക്യ യമന്‍ സര്‍ക്കാറിന് പിന്തുണയറിയച്ച മുഖ്ബില്‍ വാദി ഭരണകൂടത്തെ എതിര്‍ക്കാതിരുന്നത് അദ്ദേഹത്തിന് സഹായകരമായി. അതിക്രമകാരിയാണെങ്കിലും അമീറിനെ അനുസരിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഭരണാധികാരികള്‍ ദുഷിച്ചാലും അവര്‍ക്കെതിരെ വിശ്വാസികള്‍ക്ക് പ്രക്ഷോഭം നടത്താവതല്ല എന്ന ഇമാറത്ത് വാദവും ദമ്മാജികളുടെ മൂലശിലയായി വര്‍ത്തിച്ചു. അല്ലാഹു അനുകൂല തീരുമാനമെടുക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക മാത്രമാണത്രെ വിശ്വാസിയുടെ ബാധ്യത. എങ്കിലും സൗദി ഭരണകൂടത്തെ വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചതുമില്ല. സലഫിയത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍  ഇബ്‌നുബാസ് അടക്കമുള്ളവരുടെ ശുപാര്‍ശയില്‍ സൗദി സര്‍ക്കാര്‍ മുഖ്ബില്‍ വാദിയുടെ മദ്‌റസ നടത്തിപ്പിന് ഗ്രാന്റ് അനുവദിച്ചിരുന്നുതാനും.

ബിന്‍ ലാദിനും സലഫി ജിഹാദികളും
അമേരിക്കയുടെ അഫ്ഘാന്‍ അധിനിവേശകാലത്ത് ഉസാമാ ബിന്‍ ലാദിന്‍ നേതൃത്വം കൊടുത്ത സലഫി ജിഹാദി സംഘങ്ങളെയും മുഖ്ബില്‍ വാദി നിശിതമായി വിമര്‍ശിച്ചു. ഭരണകൂടത്തിന് മാത്രമേ ശത്രുവിനോട് യുദ്ധം ചെയ്യാന്‍ അനുമതിയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം. അല്‍ ഖാഇദ ഇസ്‌ലാമികമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇഖ്‌വാനികളും, ശീഇകളും അനിസ്‌ലാമിക സംഘങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു. യമനിലടക്കം വേരുകളുള്ള ഇഖ്‌വാനികളുടെ പ്രവര്‍ത്തനത്തിന് മതപരമായ സാധുതയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
സാമൂഹിക പ്രതിബദ്ധതയില്‍നിന്ന് ഒഴിഞ്ഞ് ഏകാന്തവാസം നയിക്കുന്നതിലൂടെ ദൈവപ്രീതിയും കളങ്കരഹിതമായ വിശ്വാസവും കൈവരിക്കാമെന്ന് മോഹിച്ചാണ് ചില ശുദ്ധാത്മാക്കള്‍ നാടും വീടും ഉപേക്ഷിച്ച് മരുഭൂമിയുടെ വന്യതയില്‍ മുഖ്ബില്‍ വാദിക്കൊപ്പം അഭയം തേടിയത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയ മുഖ്ബില്‍ വാദിയുടെ ശിഷ്യര്‍ ദമ്മാജിന്റെ പ്രാദേശിക പതിപ്പുകള്‍ ആരംഭിക്കുകയും ചെയ്തു. അതില്‍പ്പെട്ട ഒന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അത്തിക്കാട് സ്ഥാപിക്കപ്പെട്ട ഖറിയത്ത്.
2001 ല്‍ മുഖ്ബില്‍ വാദി മരണപ്പെടുന്നത് വരെ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ അടക്കമുള്ള ആധുനിക സങ്കേതങ്ങളൊന്നും ദാറുല്‍ ഹദീസിലേക്ക് പ്രവേശിപ്പിക്കപ്പെട്ടിരുന്നില്ല. സ്ത്രീകള്‍ക്കും ഇവിടെ പ്രവേശനമുണ്ടായിരുന്നില്ല. എന്നാല്‍ 2004 ന് ശേഷം ശിഷ്യഗണങ്ങള്‍ നിയമങ്ങളില്‍ മാറ്റംവരുത്തി. ഭാര്യാ-സന്താനങ്ങളോടൊപ്പം താമസിക്കാന്‍ സൗകര്യപ്പെടുന്നവിധത്തിലാണ് പിന്നീട് ഇവിടുത്തെ മദ്‌റസ പ്രവര്‍ത്തിച്ചത്.  2014 ല്‍ ശിയാ വിഭാഗക്കാരായ ഹൂതികളും യമന്‍ സര്‍ക്കാറും തമ്മില്‍ ആരംഭിച്ച ആഭ്യന്തരയുദ്ധം ദമ്മാജിന്റെ സാഹചര്യങ്ങളെ മാറ്റിമറിച്ചു. സൗദി പിന്തുണയുള്ള ഐക്യ സര്‍ക്കാറിന് അനുകൂലമായ നിലപാടാണ് ദമ്മജ് ദാറുല്‍ ഹദീസിന്റെ ആളുകള്‍ സ്വീകരിച്ചത്. ഇതാണു ഹൂതികള്‍ ദമ്മാജ് ആക്രമിക്കുകയും ദാറുല്‍ ഹദീസിലുള്ളവരെ ബന്ദികളാക്കുകയും ചെയ്യാന്‍ കാരണമായത്.
മലപ്പുറം അരീക്കോട് സ്വദേശി സഫ്‌വാന്‍ ഹൂതികളുടെ പിടിയിലകപ്പെട്ട സംഭവം വന്‍ വാര്‍ത്താ പ്രധാന്യവും നേടിയിരുന്നു. യമനില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് സഫ്‌വാന്‍ ദാറുല്‍ ഹദീസില്‍ വച്ച് ഹൂതികളുടെ പിടിയിലായത്. പിന്നീട് വിട്ടയക്കപ്പെട്ട സഫ്‌വാന്‍ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കേരളത്തില്‍ സലഫി മന്‍ഹജ് എന്നപേരില്‍ ഈ ചിന്താധാരയെ വളര്‍ത്തികൊണ്ടുവന്നതില്‍ പ്രധാനി മങ്കട സ്വദേശിയായ സുബൈറാണ്. ശ്രീലങ്കയില്‍ ആത്മീയ ആശ്രമം നടത്തിയിരുന്ന ഒരു ശൈഖിന്റെ ആശയമാണ് ഇദ്ദേഹം പിന്തുടര്‍ന്നിരുന്നത്. സുബൈറിന്റെ അധ്യാപനങ്ങളാണ് മലബാറില്‍ ആടുമായി ബന്ധപ്പെട്ട സലഫികള്‍ എന്ന് വിളിപ്പേര് വീണ വിഭാഗത്തെ സൃഷ്ടിച്ചത്.

മുജാഹിദ് പ്രസ്ഥാനത്തിലെ
പിളര്‍പ്പ്
പത്ത് വര്‍ഷം മുമ്പ് കേരളത്തിലെ സലഫികളില്‍ ഉണ്ടായ പിളര്‍പ്പിന്റെ പശ്ചാതലത്തിലാണ് സഘടന ബിദ്അത്താണെന്ന പ്രമേയവുമായി സലഫി മന്‍ഹജ് വാദം തലപൊക്കുന്നത്. സുബൈര്‍ മങ്കടയാണ് ഇതിന്റെ അമരത്തുണ്ടായിരുന്നത്. അന്ന് ഔദ്യോഗിക പക്ഷത്തുണ്ടായിരുന്ന ചില സ്വലാഹിമാര്‍ അടക്കമുള്ള രണ്ടാംനിര പണ്ഡിതന്മാര്‍ക്ക് ദമ്മാജികളുമായി ആദ്യകാലത്ത് ബന്ധമുണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ അത് ഉപേക്ഷിച്ചു. ജിന്ന് ബാധ, സിഹ്‌റ്, കണ്ണേറ് തുടങ്ങിയ അന്ധവിശ്വാസങ്ങളിലേക്കുള്ള തിരിച്ചുനടത്തമാണ് പിന്നീട് ഔദ്യോഗിക വിഭാഗം സലഫികളിലും മന്‍ഹജ് വാദികളിലും പ്രകടമായത്.
ഖത്തറില്‍നിന്നുള്ള ഫണ്ട് ശേഖരണത്തെ ചൊല്ലി ഇഖ്‌വാന്‍ ബന്ധം ആരോപിക്കപ്പെട്ട മടവൂര്‍ വിഭാഗം വൈകാതെ അമേരിക്കന്‍ സല്‍ക്കാരം സ്വീകരിക്കുന്നേടത്തേക്കും കാര്യങ്ങളെത്തി. വിജന സ്ഥലത്തെ ജിന്നിനോട് സഹായം ചോദിക്കുന്നതിനെ ചൊല്ലിയുള്ള ബാലിശമായ ചര്‍ച്ച എപി വിഭാഗം കെഎന്‍എമ്മിനെ വീണ്ടും നെടുകെ പിളര്‍ത്തി. രണ്ട് വര്‍ഷം മുമ്പ് നടന്ന പിളര്‍പ്പ് ദമ്മാജികളിലും സ്വാധീനം ചെലുത്തിയെന്നുവേണം കരുതാന്‍. അത്തിക്കാട്ടെ സലഫീഗ്രാമം പണികഴിപ്പിക്കാന്‍ കൂടെ നിന്നവരും സുബൈറും തമ്മില്‍ പിരിയുകയും മഞ്ചേരിയിലും മറ്റും നടത്തിയിരുന്ന മദ്‌റസ എന്നറിയപ്പെട്ടിരുന്ന ഹദീസ്പഠന ക്ലാസ് നിര്‍ത്തുകയും ചെയ്തതാണ് ഇതിലെ പ്രധാന വഴിത്തിരിവ്. ഇതിനിടെ നവാസ് അല്‍ഹിന്ദിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ ദമ്മാജിനു സമാനമായ പഠന—കേന്ദ്രം ആരംഭിച്ചിരുന്നു.
2014 ല്‍ ഹൂതി ആക്രമണത്തോടെ ദമ്മാജിലെ ദാറുല്‍ ഹദീസ് അടച്ചുപൂട്ടിയതായാണ് അറിവ്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവര്‍ പല ഭാഗങ്ങളിലേക്കും മാറി. ഇപ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ ശ്രീലങ്കയിലേക്കാണ് ചേക്കേറുന്നത്. കേരളത്തില്‍നിന്ന് അപ്രത്യക്ഷരായവര്‍ ശ്രീലങ്കയിലെ പഠന കേന്ദ്രത്തിലെത്തിയിരുന്നതായി സ്ഥിരീകരണം ലഭിക്കുകയും ചെയ്തു. ചിലര്‍ മദീനയിലേക്ക് പോയി സ്ഥിര താമസമാക്കുന്നതായും വിവരമുണ്ട്.
threeമഖ്ബറകളുള്ള പള്ളികളില്‍ നമസ്‌ക്കരിക്കില്ലെന്ന വാശിക്കാരാണ് കേരള ദമ്മാജികള്‍. നേരത്തെ സൂഫി സരണിയില്‍ ഉണ്ടായിരുന്നവര്‍ സലഫികളാകുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ മന്‍ഹജുകാര്‍ക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ശുദ്ധ തൗഹീദ് പഠിപ്പിക്കപ്പെട്ട ഇവരില്‍നിന്ന് സൂഫിസത്തിലേക്ക് ചേക്കേറിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ദാഇശും സലഫികളും
ദാഇഷ് എന്ന് ബിലാദു ശാമുകാരും റാഫിദൈന്‍കാരും (സിറയ, മെസപൊട്ടേമിയ) വിളിക്കുന്ന ദൗലത്തുല്‍ ഇസ്‌ലാമി ഫില്‍ ഇറാഖി വല്‍ സിറിയ എന്ന സായുധ സംഘത്തെക്കുറിച്ച ചര്‍ച്ചയാണ് ലോകം മൊത്തം നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ പേരില്‍ അവര്‍ കാണിച്ചു കൂട്ടുന്നതായി -മാധ്യമങ്ങളിലൂടെ- പുറത്തുവരുന്ന മനുഷ്യത്വ രഹിത ചെയ്തികള്‍ ലോകം ഒന്നടങ്കം അപലപിച്ച്‌കൊണ്ടിരിക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീകരതക്കെതിരെ ഒന്നിക്കാനുള്ള ആഹ്വാനവും വന്നുകഴിഞ്ഞു.
കൊലകളും, അടിമ വല്‍ക്കരണവും ലൈംഗിക ചൂഷണവുമെല്ലാമാണ് ഐഎസിന്റെ മുഖമുദ്രയായി ലോകം ദര്‍ശിക്കുന്നത്. ഇറാഖിലേയും അഫ്ഘാനിസ്ഥാനിലേയും അമേരിക്കന്‍ അധിനിവേശത്തിന്റെ ബൈ പ്രോഡക്ടുകളാണ് അല്‍ ഖാഇദയും ദൗലത്തുല്‍ ഇസ്‌ലാമുമെല്ലാം എന്ന വസ്തുത ഇതിനിടെ വിസ്മരിക്കപ്പെടുന്നു. ഐഎസിന്റെ പിടിയിലകപ്പെട്ടിരുന്ന മലയാളി നഴ്‌സുമാരെ നാട്ടിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചതും മാന്യമായി പെരുമാറിയതും ഇതേ ഭീകരരായിരുന്നുവെന്ന വസ്തുത മലയാളിക്ക് പെട്ടെന്ന് മറക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതമില്ല. പാശ്ചാത്യ-അമേരിക്കന്‍ ഭരണകൂടങ്ങള്‍ ആഗോള സലഫി ഭീകരതയെക്കുറിച്ച പ്രചരണം നടത്താന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടിനോടടുക്കുകയാണ്. മധ്യ പൗരസ്ത്യ ദേശത്തും ആഫ്രിക്കയിലും ഏകാധിപതികള്‍ക്കെതിരേ ഉദയം ചെയ്ത ജനാധിപത്യ -മുല്ലപ്പൂ വിപ്ലവങ്ങളുടെ പശ്ചാത്തലത്തിലാണ് സലഫി ടെററിസം എന്ന ടെര്‍മിനോളജി വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്. ഇറാഖിലും സിറയയിലും ഉടലെടുത്ത അധിനിവേശ വിരുദ്ധ മൂന്നണികള്‍ക്കെതിരെയാണ് ആദ്യം ആരോപണം ഉന്നയിച്ചതെങ്കില്‍ അസദ് ഭരണകൂടത്തിനെതിരേ പൊരുതുന്ന ജബ്അത്തു നുസറ (പത്തോളം സായുധ പോരാളി സംഘങ്ങളുടെ കൂട്ടായ്മയായ അല്‍ നുസ്‌റ ഫ്രണ്ട്) ക്ക് ആളും അര്‍ഥവും നല്‍കുന്നത് അമേരിക്കയും സഖ്യ കക്ഷികളുമാണെന്ന വസ്തുതയും വിസമരിക്കാവതല്ല.
അല്‍ഖാഇദയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ സൈനിക സഹകരണമുള്‍പ്പെടെ പൂര്‍ണ പിന്തുണ നല്‍കാമെന്ന വാഗ്ദാനവുമായി സൗദി, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ അല്‍ നുസ്‌റയുടെ പിന്നിണ്ടെ്. തുടക്കത്തില്‍ അല്‍ നുസ്‌റയോടൊപ്പമുണ്ടായിരുന്ന ഐഎസ് പിന്നീട് സ്വന്തം വഴിതേടി ഖിലാഫത്ത് പ്രഖ്യാപിക്കുകയായിരുന്നു. സിറിയയില്‍ മാത്രം കോണ്‍സണ്‍ട്രേറ്റ് ചെയ്യുകയാണ് അല്‍ നുസ്‌റയുടെ തന്ത്രം. അത്‌കൊണ്ടാണ് അമേരിക്ക അടക്കമുള്ളവരുടെ സഹായം ലഭിക്കുന്നതും. എന്നാല്‍ ഇറാഖിലും സിറിയയിലും ഒരുപോലെ പടയോട്ടം നടത്തുന്ന ഐഎസ് അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട് താനും.
ജൂത നിര്‍മ്മിതിയാണെന്നും അമേരിക്കന്‍ നിര്‍മ്മിതിയാണെന്നും ആരോപണം fourനിലനില്‍ക്കെതന്നെ അമേരിക്കന്‍ സേന ബാക്കപ്പ് ചെയ്യുന്ന ഇറാഖിസേനയോടാണ് ഐഎസ് പ്രഥമമായും ഏറ്റുമുട്ടുന്നത്. അല്‍ നുസ്‌റയും ദാഇശും സലഫി പാരമ്പര്യമുള്ളവയാണ്. എന്നാല്‍ ഇഖ്‌വാനും ഹമാസുമെല്ലാം അനിസ്‌ലാമികരാണെന്ന് ദാഇശ് നേതൃത്വത്തിലെ ചിലരുടെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മേല്‍പറഞ്ഞ സഘടനകളെല്ലാം അമേരിക്കന്‍ കരിമ്പട്ടികയിലുള്ളവയുമാണ്. ഐഎസിനെക്കുറിച്ചെന്നപോലെതന്നെ ഇതര പ്രസ്ഥാനങ്ങളെക്കുറിച്ചും മധ്യ-പൗരസ്ത്യ ദേശത്തെ സംഭവ വികാസങ്ങളെക്കുറിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ വിളമ്പിത്തരുന്നത് മാത്രം വിഴുങ്ങാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. നിലപാടെടുക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കേണ്ടതിന്റെ സാംഗത്യമാണ് ഇത് വിളിച്ചോതുന്നത്.

ഏട്ടിലെ പശുവായി മാറുന്ന മതം
മധ്യ കാലഘട്ടങ്ങളില്‍ സുന്നി-ശിയാ ആശയ സംഘട്ടനങ്ങള്‍ രൂക്ഷമായ രക്തചൊരിച്ചിലുകളായി മാറിയപ്പോള്‍ സുന്നികള്‍ക്കിടയിലെ മദ്ഹബ് തഖ്‌ലീദ് ചെയ്യുന്നവ(പിന്‍പറ്റുന്നവര്‍)രും അഹ്‌ലുല്‍ ഹദീസും(സലഫികള്‍) തമ്മിലും ആശയ സംഘര്‍ഷങ്ങളും പതിവായി. മൂന്നാം ലോകരാജ്യങ്ങളിലാണ് ഇത് രൂക്ഷമായ തോതില്‍ നടന്നതെങ്കില്‍ മധ്യ പൗരസ്ത്യ ദേശം ഏറെക്കുറെ സലഫിയത്തിന്റെ സ്വാധീന മേഖലയായി. ഇതിനിടെ 1928 ല്‍ സലഫിയത്തിലെ നവോത്ഥാന പ്രസ്ഥാനമായി ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ രംഗപ്രവേശം ചെയ്തു. മുഹമ്മദ് അബ്ദുവിന്റെയും റഷീദ് റിളയുടെയും അധ്യാപനങ്ങളില്‍നിന്ന് പ്രചോദനം നേടിയ സലഫികളുടെ ഈജിപ്ഷ്യന്‍ പതിപ്പായി ഇഖ്‌വാന്‍ വിലയിരുത്തപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജമാലുദ്ദീന്‍ അഫ്ഘാനിയും മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുമടക്കമുള്ള സലഫുകള്‍ തുടങ്ങിവച്ചതിന്റെ പിന്തുടര്‍ച്ചയാണ് ഹസനുല്‍ ബന്നയിലൂടെ രൂപംകൊണ്ടത്.
fiveഇഖ്‌വാനിയായിരുന്ന ശഹീദ് സയ്യിദ് ഖുതുബിന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തെയും വ്യാഖ്യാനം ഖണ്ഡശ പ്രസിദ്ധീകരിച്ച അല്‍മനാറിനെയും അടിസ്ഥാനപ്പെടുത്തി കേരളാ ജംഇയത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ മലയാളത്തില്‍ അമാനി തഫ്‌സീറും വിരചിതമായി. ആദ്യകാലത്ത് സൗദി അറേബ്യ സലഫികളായി അംഗീകരിച്ചിരുന്നത് മൗദൂദികളെയായിരുന്നുവെന്നതും വാസ്തവമാണ്. ചുരുക്കത്തില്‍ സലഫിയത്തിനും ആഗോള ചെറുത്തു നില്‍പ്പ് സംഘങ്ങള്‍ക്കും ആഴങ്ങളില്‍ അറ്റുപോകാത്ത ബന്ധമുണ്ടെന്നു വേണം കരുതാന്‍. അറബിപ്പേരിട്ട് സംഘടിപ്പിക്കപ്പെടുന്നവയെല്ലാം ഇസ്‌ലാമിക സംഘടനകളോ പോരാളികളോ ആണെന്ന മണ്ടന്‍ ധാരണ തിരുത്തപ്പെടാത്തിടത്തോളം മാധ്യമ വിചാരണയില്‍നിന്ന് ആഗോളതലത്തില്‍ ഇസ്‌ലാമിക സംഘങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. പെന്‍സില്‍വാനിയയിലിരുന്ന് ഇസ്തംബൂളിലെ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം കൊടുത്തുവെന്ന പറയപ്പെടുന്ന ഫത്ഹുല്ല ഗുലനോ, ടെഹ്‌റാന്റെ സഹായത്തോടെ ഇറാഖിലും സിറിയയിലും ഇടപെടുന്ന സായുധ സംഘങ്ങള്‍ക്കോ ലഭിക്കാത്ത ഭീകര പരിവേഷം തദ്ദേശീയ ചെറുത്തുനില്‍പ്പ് സംഘങ്ങളായ ഹമാസിനും താലിബാനുമെല്ലാം ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഫലം.
എന്നാല്‍ ലോക സമാധാനത്തിന് സൂഫി സരണി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് യുഎന്‍ അടക്കം മുസ്‌ലിംകളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് പുതിയ ലോകം കാണുന്നത്. ലോക സൂഫീ സമ്മേളനങ്ങളും ഉറൂസ് മുബാറക്കുകളും സാമൂഹിക ഇടങ്ങളില്‍ സമാധാനത്തിന്റെ പറുദീസകള്‍ പണിയാന്‍ പര്യാപ്തമാണെന്ന് പാശ്ചാത്യരെപോലെ നമ്മളും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അധിനിവേശ വിരുദ്ധ സമരങ്ങളെ ഭീകരവല്‍ക്കരിച്ച് അന്യവത്കരിക്കുന്നു. മറുഭാഗത്ത് സമാധാനത്തിന്റെ സൂഫീ സംഗീതവും ഏട്ടിലെ പശുവിനെപ്പോലെയുള്ള ആത്മീയ മതവും ആഘോഷിക്കപ്പെടുന്നു.

ദൈവനിഷേധികള്‍ക്കും കപടന്മാര്‍ക്കും കുടപിടിക്കാന്‍ തക്ബീര്‍ തൊഴിലാളികള്‍ ധാരളമുള്ള സംഘങ്ങള്‍ മധ്യേഷ്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തുമുണ്ടെന്ന് സമസ്യകള്‍ തെളിയിച്ചു കൊണ്ടിരിക്കുകയുമാണ്. ഇന്ത്യയും അതിനപവാദമല്ല. അന്തിക്രിസ്തുവിന്റെ പുറപ്പാടിനെ ഭയന്ന് സെമിറ്റിക് മതാനുയായികള്‍ ആയുധങ്ങള്‍ വാരിക്കൂട്ടി മര്‍യമിന്റെ പുത്രനെ കാത്തിരിക്കുകയാണ്. ബാബുല്‍ അബ്‌വാബിനപ്പുറം ഹിമപാതമേറ്റ് രോമക്കുപ്പായത്തിനുള്ളില്‍ മയങ്ങുന്ന നൊമാഡുകളുടെ ലോകം ഉണരുവോളം കലഹങ്ങള്‍ക്ക് അറുതിയാവില്ലെന്ന തിരുവചനം പുലരാനുള്ളതായിരിക്കില്ലേ. ദൈവത്തിനറിയാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss