|    Jan 19 Thu, 2017 6:39 pm
FLASH NEWS

ആത്മീയോന്മേഷത്തിന്റെ ദിനരാത്രങ്ങള്‍

Published : 6th June 2016 | Posted By: SMR
prof_k_alikkutty_musliyar-s

കെ ആലിക്കുട്ടി മുസ്‌ല്യാര്‍

 

വിശ്വാസിമനസ്സുകളില്‍ ആവേശം തീര്‍ത്ത് പരിശുദ്ധ റമദാന്‍ ഒരിക്കല്‍ക്കൂടി വന്നെത്തി. നന്മയാര്‍ന്ന ജീവിതയാഥാര്‍ഥ്യങ്ങളിലൂടെയും ആത്മസംസ്‌കരണത്തിലൂടെയും ലഭ്യമാവുന്ന ചൈതന്യം വഴി സുന്ദരമായ ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. പ്രപഞ്ചസ്രഷ്ടാവില്‍ നിന്ന് മനുഷ്യരിലേക്ക് അവതീര്‍ണമായ വ്യവസ്ഥിതിയാണ് പരിശുദ്ധ ഇസ്‌ലാം. അതിനാല്‍ മനുഷ്യന്റെ ഇഹ-പര നേട്ടങ്ങള്‍ക്ക് പ്രദാനം ചെയ്യുന്ന രീതികളാണ് ഇസ്‌ലാമിലെ ആരാധനാരീതികളും. ഇബാദത്തുകളില്‍ പുണ്യമേറിയതും മഹത്ത്വമായതുമാണ് റമദാനിലെ വ്രതാനുഷ്ഠാനം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഒഴിവാക്കി മാനുഷിക വികാരങ്ങള്‍ നിയന്ത്രിച്ച് ഒരേസമയം ശരീരവും മനസ്സും പാകപ്പെടുത്തുകയാണ് നോമ്പിലൂടെ ലക്ഷ്യമാക്കുന്നത്. പിശാചിന്റെ സൈ്വരവിഹാരംകൊണ്ട് മലിനമായ വിശ്വാസിമനസ്സുകളെ ശുദ്ധീകരിക്കാനുള്ള അവസരംകൂടിയാണ് റമദാന്‍. നന്മചെയ്യുന്നവരോട് പ്രപഞ്ചനാഥനെക്കുറിച്ച ചിന്തയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം ചിട്ടപ്പെടുത്താനും തിന്മയുടെ ഉപാസകരോട് പിന്തിരിയാനുമാണ് റമദാന്‍ വിളിച്ചറിയിക്കുന്നത്. വിശുദ്ധ റമദാന്റെ ആഗമനമറിയിച്ച് പ്രവാചകന്‍ മുഹമ്മദ് (സ) സ്വഹാബികളെ ഇപ്രകാരം ഉണര്‍ത്തി: മനുഷ്യസമൂഹമേ… അതിമഹത്തായതും ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ളതുമായ ഒരു രാത്രിയുള്ള മാസം നിങ്ങള്‍ക്കിതാ സമാഗതമാവുന്നു. അതിന്റെ പകലില്‍ വ്രതമനുഷ്ഠിക്കല്‍ നിങ്ങള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രിയില്‍ നമസ്‌കാരം നിങ്ങള്‍ക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു.
ഈ മാസത്തില്‍ ഒരു ഐച്ഛിക കര്‍മം ചെയ്യുന്നതിന് മറ്റു മാസങ്ങളില്‍ ഒരു നിര്‍ബന്ധകര്‍മം ചെയ്യുന്നതിന്റെ പ്രതിഫലവും ഒരു നിര്‍ബന്ധകര്‍മം ചെയ്യുന്നതിന് മറ്റു മാസങ്ങളില്‍ 70 നിര്‍ബന്ധകര്‍മങ്ങള്‍ ചെയ്യുന്നതിന്റെ പ്രതിഫലവും ലഭ്യമാണ്. പരസ്പരം സഹായിക്കേണ്ട മാസമാണിത്. ഇതില്‍ ആദ്യത്തെ 10 ദിനങ്ങള്‍ അനുഗ്രഹത്തിന്റെയും രണ്ടാമത്തെ 10 ദിനങ്ങള്‍ പാപമോചനത്തിന്റെയും അവസാന 10 ദിനങ്ങള്‍ നരകമോചനത്തിന്റെയും ദിനങ്ങളാണ്. നോമ്പ് രക്ഷാകവചമാണ്. (ഹദീസ്) ദീര്‍ഘമായ ഈ പ്രസംഗത്തിന്റെ അവസാനത്തില്‍ നാലു കാര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ റസൂല്‍ (സ) കല്‍പ്പിക്കുന്നുണ്ട്. ‘ലാഇലാഹ ഇല്ലല്ലാ എന്ന ശഹാദത്ത് കലിമ വര്‍ധിപ്പിക്കാനും പാപമോചനം തേടാനും സ്വര്‍ഗം ചോദിക്കാനും നരകത്തില്‍ നിന്ന് മോചനം തേടാനും പ്രവാചകന്‍ (സ) കല്‍പ്പിക്കുന്നു.
നോമ്പിന്റെ ആത്യന്തിക ലക്ഷ്യം ഖുര്‍ആന്‍ ഇപ്രകാരമാണ് വിവരിക്കുന്നത്: ”സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപ്രകാരം നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മശാലികളാവാന്‍ വേണ്ടി.” (വി.ഖു 2:183).
വ്യക്തിജീവിതത്തില്‍ സൂക്ഷ്മത അനിവാര്യമാണെന്നും വ്രതാനുഷ്ഠാനം വഴി സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നുമാണ് ഈ ഖുര്‍ആനികാധ്യാപനം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ലോകത്ത് ഇന്നു നിലനില്‍ക്കുന്നതും കാലഹരണപ്പെട്ടുപോയതുമായ പല സമുദായങ്ങളിലും ഇക്കാണുന്ന രൂപത്തിലല്ലെങ്കിലും മറ്റൊരു രൂപത്തില്‍ വ്രതം നിലനിന്നതായി കാണാം. പ്രാചീന ചൈനയിലും ഭാരതത്തിലും ഈജിപ്തിലും വ്രതം ആരാധനയായിരുന്നു. ഗ്രീക്ക് സംസ്‌കാരങ്ങളില്‍ വ്രതം മൗനംപാലിച്ചുകൊണ്ടായിരുന്നു. ഇതര വേദഗ്രന്ഥങ്ങളിലും നോമ്പിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. സീനാ പര്‍വതത്തിലേക്കു പോവുന്നതിനു മുമ്പ് മൂസാ (അ) 40 ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. വിവിധ രൂപങ്ങളിലാണെങ്കില്‍പ്പോലും മനുഷ്യനില്‍ വ്രതാനുഷ്ഠാനങ്ങള്‍ വഴി സ്വഭാവസംസ്‌കരണത്തിനും ആരോഗ്യസംരക്ഷണത്തിനും സാധിച്ചിട്ടുണ്ടെന്നതിനു തെളിവാണിത്.
നിഷ്‌കളങ്കമായ വ്രതാനുഷ്ഠാനം തന്റെ നാഥനോടുള്ള അതിയായ സ്‌നേഹമാണ് കാണിക്കുന്നത്. അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള തീര്‍ത്ഥയാത്രകൂടിയാണിത്. മനുഷ്യന്‍ എപ്പോഴും ഒഴിച്ചുകൂടാനാവാത്ത പ്രാഥമികാവശ്യങ്ങളായ ഭക്ഷണപാനീയങ്ങള്‍ ദൈവസാമീപ്യത്തിനായി ത്യജിക്കുന്നതിലൂടെ മറ്റെന്തും ത്യജിക്കാനുള്ള ഉള്‍ക്കരുത്താണ് വിശ്വാസി ആര്‍ജിച്ചെടുക്കുന്നത്. ഇസ്‌ലാമിന്റെ ആരാധനാരീതികളില്‍ ദൈവപ്രീതി കരസ്ഥമാക്കുന്നതോടൊപ്പം മനുഷ്യന്റെ ശരീരത്തെ ക്രമപ്പെടുത്തുക എന്ന ബാഹ്യലക്ഷ്യംകൂടി അതിനുണ്ട്. ചിട്ടയായ ആരാധനാക്രമങ്ങള്‍ നിര്‍ദേശിക്കുക വഴി മനുഷ്യത്വത്തിലേക്കുള്ള മനുഷ്യന്റെ യാത്രയ്ക്ക് അവസരമൊരുക്കുകയാണിവിടെ. ജീവിതം മനുഷ്യന് ജന്മസിദ്ധമായി ലഭിക്കുന്നതാണെങ്കില്‍ക്കൂടി തന്റെ ജീവിതം വ്യക്തമായ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് ചിട്ടവല്‍ക്കരിച്ചെടുക്കണം. ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതത്തിലൂടെ ഇതുംകൂടി സാധ്യമാക്കിയെടുക്കുകയാണ് ഇസ്‌ലാം.
എന്നാല്‍, ആരാധനകളുെട ബാഹ്യഗുണങ്ങള്‍ക്കു മാത്രം പ്രാധാന്യവും ശാസ്ത്രീയ വ്യാഖ്യാനങ്ങളും നല്‍കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ പാര്‍ശ്വഫലങ്ങള്‍ക്കുവേണ്ടി മാത്രം ആരാധനകള്‍ അനുഷ്ഠിക്കുന്നത് അര്‍ഥശൂന്യമാണ്. ഇലാഹീ പ്രീതിക്കുവേണ്ടി ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നതോടെ അതിന്റെ പാര്‍ശ്വഫലങ്ങളും നമുക്ക് കൈവരുമെന്നതാണു വസ്തുത. നാഥന്‍ തുണയ്ക്കട്ടെ…

(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയാണ് ലേഖകന്‍.) 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 707 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക