|    Apr 23 Sun, 2017 7:20 pm
FLASH NEWS

ആത്മഹത്യ ചെയ്ത ജവാന്റെ സംസ്‌കാരം: രാഹുലും കെജ്‌രിവാളും പങ്കെടുത്തു

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിരമിച്ച സൈനികരുടെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് പരാതി നല്‍കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിമുക്തഭടന്റെ മൃതദേഹം സംസ്‌കരിച്ചു. ഹരിയാനയിലെ ഭിവാനി ഗ്രാമത്തില്‍ നടന്ന അന്ത്യകര്‍മങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ പങ്കെടുത്തു.
ഭിവാനി ഗ്രാമപ്പഞ്ചായത്തിലെ ആദ്യ ദലിത് സര്‍പഞ്ചു (പ്രസിഡന്റ്) കൂടിയായ സുബേദാര്‍ രാം കിഷന്‍ ഗ്രേവാള്‍ തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷന്‍ തുകയില്‍ 5,000 രൂപ കൂടി വര്‍ധിപ്പിക്കണമെന്ന് മന്ത്രിയെ കണ്ട് അഭ്യര്‍ഥിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. 2004 മുതല്‍ നിലവില്‍ 24,999 രൂപയാണ് ഇദ്ദേഹത്തിന് പെന്‍ഷന്‍ ലഭിക്കുന്നത്. എന്നാല്‍, ഇത് 30,000 രൂപയാക്കി ഇയര്‍ത്തണമെന്നായിരുന്നു ഗ്രേവാളിന്റെ ആവശ്യം. 16 അംഗങ്ങളുള്ള ഗ്രേവാളിന്റെ കുടുംബം താമസിക്കുന്നത് ചെറിയ ഒറ്റമുറി വീട്ടിലാണ്.
അതേസമയം, ആത്മഹത്യ ചെയ്ത സൈനികന്റെ കുടംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച കിഷന്‍ ഗ്രേവാളിന്റെ കുടുംബങ്ങളെ ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തി സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെയും കെജ്‌രിവാളിന്റെയും ശ്രമം ഡല്‍ഹി പോലിസ് തടഞ്ഞിരുന്നു. രാഹുല്‍ഗാന്ധിയെ ബുധനാഴ്ച രണ്ടുതവണ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ സൈനികരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനുവേണ്ടി തങ്ങള്‍ രാഷ്ട്രീയം കളിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നരേന്ദ്ര മോദി സൈനികരുടെ അവകാശങ്ങള്‍ എടുത്തുകളയാനാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
രാഹുലിന്റെ മാര്‍ച്ച് തടഞ്ഞു
ന്യൂഡല്‍ഹി: വിമുക്തഭടന്‍ രാംകിഷന്‍ ഗ്രേവാളിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ജന്തര്‍മന്തറില്‍ നിന്ന് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പോലിസ് തടഞ്ഞു. മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള മാര്‍ച്ച് ഡല്‍ഹി കോണ്‍ഗ്രസ് കമ്മറ്റിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. മാര്‍ച്ച് തടഞ്ഞ പോലിസ് രാഹുലിനെ വാനില്‍ കൊണ്ടുപോയി. അദ്ദേഹത്തെ ഫിറോസ് ഷാ റോഡില്‍ പിന്നീട് ഇറക്കിവിട്ടതായി പോലിസ് പറഞ്ഞു.
ജീവനൊടുക്കിയ വിമുക്തഭടന്റെ കുടുംബത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നും അത് സൈന്യത്തിന്റെ ആത്മവീര്യത്തെ ബാധിക്കുമെന്നും രാഹുല്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. കുടുംബത്തോട് പോലിസ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ രാഹുലിന്റെ സുരക്ഷ കണക്കിലെടുത്താണ് പോലിസ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാഹുലിനെ പോലിസ് രണ്ടുതവണ കസ്റ്റഡിയിലെടുത്തിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day