|    Oct 19 Fri, 2018 1:51 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആത്മഹത്യ ഒന്നിനും പരിഹാരമല്ല ; ജീവിതം സഫലീകരിക്കണം : ആത്മഹത്യാവിരുദ്ധ ദിനത്തില്‍ മുഖ്യമന്ത്രിയുടെ കുറിപ്പ്

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രതിസന്ധികളില്‍പ്പെട്ട് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറാനും അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനും പരിഷ്‌കൃതസമൂഹമെന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി. അത്തരത്തില്‍ ഇടപെടാനാണ് ഇത്തവണത്തെ ലോക ആത്മഹത്യാവിരുദ്ധദിനം ആവശ്യപ്പെടുന്നത്. ‘ടേക്ക് എ മിനിറ്റ്, ചേഞ്ച് എ ലൈഫ്’ എന്ന ലോക ആത്മഹത്യാവിരുദ്ധദിന മുദ്രാവാക്യം ഏറ്റെടുത്ത് മുന്നോട്ടുപോവാന്‍ നമുക്കാവണമെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.ലോകത്താകെ പല കാരണങ്ങള്‍കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം എട്ടുലക്ഷത്തോളമാണ്. അതില്‍ തന്നെ 17 ശതമാനം ഇന്ത്യയിലാണെന്ന് കണക്കുകള്‍ പറയുന്നു. ദേശീയതലത്തില്‍ ആത്മഹത്യയില്‍ ഒന്നാംസ്ഥാനം കേരളത്തിനായിരുന്നുവെന്നത് നമ്മെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ പ്രവണത ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്. പുതിയ കണക്കുകള്‍പ്രകാരം കേരളം എട്ടാംസ്ഥാനത്താണ്. 10 വര്‍ഷമായി കുടുംബ ആത്മഹത്യയുടെ കണക്കിലും സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ടായില്ല. ആരും ആത്മഹത്യ ചെയ്യാത്ത നാടായി നമുക്ക് മാറാനാവണം. പ്രശ്‌നങ്ങളെയും നിരാശകളെയും തരണം ചെയ്തു വിജയം നേടുമ്പോഴാണ് ജീവിതത്തിന് അര്‍ഥമുണ്ടാവുന്നത്. ഉയര്‍ന്ന മാനസികാരോഗ്യത്തിലൂടെയും ചിന്താ ശേഷിയിലൂടെയും പ്രതിസന്ധികളെ മറികടന്ന് ജീവിതം പൂര്‍ണാര്‍ഥത്തില്‍ സഫലീകരിക്കാന്‍ നമുക്കു കഴിയണം. എന്തു കാരണമുണ്ടെങ്കിലും ആത്മഹത്യ ഒരു പരിഹാരമല്ലെന്ന ചിന്ത സമൂഹത്തില്‍ ഉണ്ടാവണം. സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യം ഉണ്ടാവുകയാണു വേണ്ടത്.വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളിലെല്ലാം സഹാനുഭൂതിയോടെയും പരസ്പര വിശ്വാസത്തോടെയും സഹായിക്കാനാവണം. സാമൂഹികതലത്തില്‍ ആത്മഹത്യാ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതരത്തിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്- മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss