|    Dec 12 Wed, 2018 4:03 am
FLASH NEWS

ആത്മഹത്യയല്ല; കൊലപാതകം

Published : 12th December 2015 | Posted By: swapna en

 രണ്ടാം പാതി /ത്രിവേണി
കൊച്ചിയിലെ കോതാട് കായലില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ചാടിയ യുവതി രക്ഷപ്പെടുകയും കുട്ടികളുടെ മൃതദേഹം ലഭിക്കുകയും ചെയ്‌തെന്ന വാര്‍ത്ത പുതുമയില്ലെങ്കിലും ഞെട്ടലുണ്ടാക്കുന്നതാണ്. പള്ളിപ്പെരുന്നാളിന് ശേഷം അമ്മയെ കാണാന്‍ പോകുമെന്നു പറഞ്ഞാണ് യുവതി കുട്ടികളെയും കൂട്ടി വീട്ടില്‍നിന്നു പോയതെന്ന് പറയപ്പെടുന്നു. പാലത്തിനു മുകളില്‍ കയറി പിഞ്ചുകുഞ്ഞുങ്ങളുമായി കായലിലേക്കു ചാടിയ യുവതിയെ പിറ്റേ ദിവസം ചീനവലയില്‍ പിടിച്ചുകിടക്കുന്ന നിലയില്‍ ഫയര്‍ഫോഴ്‌സ് കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ, കുഞ്ഞുങ്ങള്‍ രണ്ടുപേരും മരണപ്പെട്ടു.
കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലിസ് ഭാഷ്യം. ഭര്‍ത്താവിനെതിരേ പോലിസ് കേസെടുത്തിട്ടുമുണ്ട്. മക്കളുടെ മൃതദേഹം കാണാന്‍ വീട്ടിലെത്തിച്ച ആ സ്ത്രീയെ നാട്ടുകാര്‍ തടയുകയും തിരിച്ചയക്കുകയും ചെയ്തേ്രത. സ്വന്തം അമ്മയ്ക്ക് മക്കളെ കൊല്ലേണ്ടിവന്ന ആ മാനസികാവസ്ഥ എന്തെന്നതിനെ കുറിച്ച് ആരും ചിന്തിച്ചില്ല. കാരണം ആ സ്ത്രീ ചെയ്തത് കൊലപാതകം തന്നെയാണ്. കുഞ്ഞുങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശമുണ്ടായിരിക്കെയാണ് അവരെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. ആ സ്ത്രീയുടെ ഭാഗത്ത് നിരവധി ന്യായീകരണങ്ങളുണ്ടാവാം. അവരെ ഈ സ്ഥിതിയിലെത്തിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ തന്നെ കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാന്‍ അമ്മയ്ക്കും അച്ഛനും അധികാരമുണ്ടോ?
കൂട്ട ആത്മഹത്യകളുടെ കാലമാണിത്. ജീവിതത്തിന്റെ നീറുന്ന പ്രശ്‌നങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള പുതിയ ഉപാധിയാണ് കൂട്ട ആത്മഹത്യകള്‍. ഇതിന് മുന്‍കൈയെടുക്കുന്നത് അമ്മമാരും കുടുംബത്തിലെ സ്ത്രീകളുമാണെന്നതാണ് മറ്റൊരു വസ്തുത. ഇത്തരത്തിലുള്ള തീരുമാനത്തില്‍ എന്തിന് കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തണം, അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും ചേര്‍ന്നോ എടുക്കുന്ന തീരുമാനത്തിന്റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് അവരുടെ ജീവനാണ് നഷ്ടപ്പെടുന്നത്. അതിനാല്‍ ഇതിനെ ഗുരുതരമായ കുറ്റകൃത്യമായി നിയമം കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശനമായ ശിക്ഷയും ബോധവല്‍ക്കരണവും നടത്തിയാല്‍ മാത്രമേ തുടര്‍ന്നും കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന രീതിയില്‍ അല്‍പമെങ്കിലും കുറവുണ്ടാവൂ.
നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 2014ല്‍ മാത്രം 22 കൂട്ട ആത്മഹത്യകളാണ് നടന്നിട്ടുള്ളത്. ഇതിലെല്ലാം തന്നെ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. നാലു സാഹചര്യങ്ങളിലാണ് കേരളത്തില്‍ കൂട്ട ആത്മഹത്യ നടക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒന്ന്, സാമ്പത്തിക പരാധീനത. രണ്ട്, മാറാരോഗം. മൂന്ന്, മാനസികരോഗം ബാധിച്ച മാതാപിതാക്കള്‍. നാല്, വിവാഹബന്ധം വേര്‍പെടുത്തേണ്ടി വരുമ്പോള്‍ പിതാവിനോ മാതാവിനോ കുട്ടികളെ വിട്ടുകൊടുക്കേണ്ടിവരുമ്പോള്‍. ഇത്തരം സാഹചര്യങ്ങളൊക്കെ ഒരു പരിധിവരെ അയല്‍പക്കക്കാര്‍ക്കും കുടുംബക്കാര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
പക്ഷേ, മാറുന്ന സാമൂഹികവ്യവസ്ഥിതിയില്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നവരാണ് നാം ഏറെയും. എന്നിരുന്നാലും കുട്ടികളുള്‍പ്പെട്ട മരണങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ സാമൂഹികഇടപെടല്‍ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നുവെന്നതില്‍ സംശയമില്ല. ബാലസംരക്ഷണ നിയമത്തില്‍ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം സാഹചര്യത്തിലുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷിക്കല്‍ സമൂഹത്തിന്റെ ബാധ്യതയാണ്. എന്നാല്‍, ഇത്തരം ആത്മഹത്യകളോ ദുരന്തങ്ങളോ നടന്നതിനു ശേഷം ഇതേക്കുറിച്ച് ചിന്തിക്കുക എന്നതാണല്ലോ നമ്മുടെ പതിവ്.

കുടുംബം എന്ന നിര്‍വചനം
കുടുംബം എന്ന നിര്‍വചനത്തില്‍നിന്നു വിവാഹം ചെയ്തയക്കുന്ന പെണ്‍മക്കളെ ഒഴിവാക്കുക എന്നത് നമ്മുടെ സാമൂഹികവ്യവസ്ഥിതിയുടെ ഭാഗമാണ്. എന്നാല്‍, വിവാഹമോചിതയായ മകളെ ‘കുടുംബ’ത്തില്‍ ഉള്‍പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ജോലിക്കിടെ മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതനിയമനത്തിനാ യി വിവാഹമോചിതയായ മകളെയും പരിഗണിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരനായിരിക്കെ മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞുപോന്നവര്‍ക്കാണ് ആശ്രിതനിയമനം നല്‍കുക. ഇതില്‍ വിവാഹം കഴിക്കാത്ത പെണ്‍മക്കളും വിധവയായവരും ഉള്‍പെടുമായിരുന്നു. എന്നാല്‍, വിവാഹമോചിതര്‍ കുടുംബത്തില്‍ ഉള്‍പെടാത്തതിനാല്‍ ഇവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. വിവാഹം ചെയ്ത് ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ അച്ഛന്റെയോ സ്വന്തം കുടുംബത്തിന്റെയോ തണലില്‍ ജീവിക്കേണ്ടവരാണെന്നിരിക്കെ കോടതിയുടെ ഈ നിര്‍ദേശം ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. സെയില്‍സ് ടാക്‌സ് വകുപ്പില്‍ ജീവനക്കാരനായിരുന്ന പിതാവ് 2012ല്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് റൂബി മന്‍സൂരിയെന്ന യുവതി ആശ്രിതനിയമനത്തിനായി അപേക്ഷ നല്‍കി. എന്നാല്‍, ഇവരെ വിവാഹം കഴിച്ചയച്ചു എന്ന പേരില്‍ നിയമനം സര്‍ക്കാര്‍ തടയുകയാണുണ്ടായത്. ഇതിനെതിരേയാണ് കോടതിയെ സമീപിച്ചത്. വിവാഹം കഴിച്ച് ഭര്‍ത്താവുപേക്ഷിച്ച പെണ്‍മക്കളെയും ‘കുടുംബ’ത്തില്‍ ഉള്‍പെടുത്തണമെന്ന കോടതി നിര്‍ദേശം പെണ്‍മക്കളുടെ ജീവിക്കാനുള്ള അവകാശം കൂടിയാണ്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss