|    Jun 25 Sun, 2017 7:21 pm
FLASH NEWS

ആത്മഹത്യക്ക് ഒരുങ്ങുകയാണെന്ന് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Published : 15th November 2016 | Posted By: SMR

തൊടുപുഴ: എസ്‌ഐ മോശമായി പെരുമാറിയതിന്റെ പേരില്‍ ആത്മഹത്യക്ക് ഒരുങ്ങുകയാണെന്ന ഫേസ്ബുക്ക് പോസ്റ്റിട്ട് യുവതി. ഇത് വൈറലായതോടെ ഉന്നത പോലിസ് കേന്ദ്രങ്ങള്‍ ഇടപെട്ടു. പരാതി അടിസ്ഥാന രഹിതമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയതിനാല്‍ വീട്ടമ്മക്കെതിരെയും വാര്‍ത്ത നല്‍കിയ ചാനലിനെതിരെയും മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ച എസ്‌ഐ ഇന്നലെ തന്നെ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍, എല്ലാ തെളിവുകളുമുണ്ടെന്നും എസ്‌ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് ആവര്‍ത്തിച്ചു.കോതമംഗലം നെല്ലിമറ്റത്ത് താമസിക്കുന്ന തൊടുപുഴ പാറക്കടവ് സ്വദേശിയായ വീട്ടമ്മയാണ് തൊടുപുഴ എസ്‌ഐക്കെതിരേ ഞായറാഴ്ച രാത്രി 11.14ന് ഫേസ്ബുക്കില്‍ കുറിച്ചത്. സുഖമില്ലാത്ത ഭര്‍ത്താവിനെ തൊടുപുഴ എസ്‌ഐ മര്‍ദ്ദിച്ച് കോലഞ്ചേരി ആശുപത്രിയില്‍ ആക്കിയതായി പോസ്റ്റില്‍ പറയുന്നു. ഈ മാസം 10ന് തൊടുപുഴ നഗരത്തിലെ കടയില്‍ ഭര്‍ത്താവിനൊപ്പം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കയറിയതോടെയാണ് സംഭവത്തിനു തുടക്കം. അവിടെയുണ്ടായിരുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചു. ബഹളം വച്ചപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ പോലിസിനെ വിളിച്ചു. തന്നെയും ഭര്‍ത്താവിനെയും കടക്കാരനെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെ ചെന്നപ്പോള്‍ കടക്കാരനെ കസേരയിട്ട് ഇരുത്തിയ എസ്‌ഐ തന്നോട് മുറിയില്‍ വന്നാല്‍ പണം തരാമെന്ന് പറഞ്ഞു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ എസ്‌ഐയും മറ്റ് എട്ട് പോലിസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. സ്‌റ്റേഷനില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീപ്പില്‍ വച്ചും മര്‍ദ്ദിച്ചു. രണ്ട് ദിവസം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്നും വീട്ടമ്മ പറഞ്ഞു.അതേസമയം, വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടതായി  സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജി പറഞ്ഞു. പോലിസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കണമെന്ന് എസ്പിക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക