|    Jan 22 Sun, 2017 1:13 am
FLASH NEWS

ആത്മഹത്യക്കു കാരണം സര്‍വേ സൂപ്രണ്ട് ഓഫിസ് നടപടിയെന്ന്; റീ സര്‍വെ അപേക്ഷയില്‍ വീട്ടമ്മയെ വട്ടം കറക്കിയത് അഞ്ചു മാസം

Published : 12th July 2016 | Posted By: SMR

തൊടുപുഴ: ഉടുമ്പന്‍ചോല മേലേചെമ്മണ്ണാറില്‍ വീട്ടമ്മ ജീവനൊടുക്കിയതിനു പിന്നില്‍ ജില്ലാ സര്‍വെ സൂപ്രണ്ട് ഓഫിസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെന്ന് ആക്ഷേപം. ചെട്ടിശേരില്‍ സജിയുടെ ഭാര്യ ബെറ്റിയാ(44)ണ് വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ചത്.
ഭൂമി റീസര്‍വേയില്‍ പെടുത്തുന്നതിനു നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ അഞ്ചു മാസത്തോളം വീട്ടമ്മയെ വട്ടംകറക്കി. സഹികെട്ട് കലക്ടര്‍ക്കു നല്‍കിയ അപേക്ഷയെ തുടര്‍ന്ന് റീസര്‍വെയില്‍പ്പെടുത്തി നല്‍കാന്‍ എഡിഎം പ്രത്യേക ഉത്തരവിറങ്ങിയെങ്കിലും സൂപ്രണ്ട് ഓഫിസിലെ ഹെഡ് ഡ്രാഫ്ട്‌സ്മാന്‍ തീര്‍ത്തും അനാവശ്യമായ ഒരു അപാകത ചൂണ്ടിക്കാട്ടി അപേക്ഷ മടക്കുകയായിരുന്നുവെന്നാണ് ആരോപണം.
തോട്ടമുടമകള്‍ക്കു വേണ്ടി വഴിവിട്ട് സര്‍വേ നമ്പര്‍ ക്രമരഹിതമായി തിരുത്തി നല്‍കിയതിന്റെ പേരില്‍ കുറ്റക്കാരനെന്ന് സര്‍വേ വിജിലന്‍സ് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് അനാവശ്യമായി ഫയല്‍വച്ചു താമസിപ്പിച്ചതെന്നും സൂചനയുണ്ട്. മുന്‍ ഉടുമ്പഞ്ചോല തഹസില്‍ദാരും ഹെഡ് ഡ്രാഫ്ട്‌സ്മാനും ഉള്‍പ്പെട്ട ഈ വിജിലന്‍സ് ഫയല്‍ സര്‍വേ ഡയറക്ടറുടെ നടപടികള്‍ക്കു കാക്കുകയാണ്.
എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഒടുവില്‍ പൈനാവില്‍ ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ ഒപ്പിനു വേണ്ടിയെത്തിയ ഫയലിലാണ് സാങ്കേതികോപദേശകന്റെ പിടിവീണത്. പട്ടയമുള്ള ഭൂമിയില്‍ നിലവും പുരയിടവുമാണുള്ളത്. ഈ ഭൂമിയുടെ ഒരു ഭാഗം വിറ്റ് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാനായിരുന്നു ബെറ്റിയുടെയും കുടുംബത്തിന്റെയും തീരുമാനം.
ഇതിനായി 10 ലക്ഷത്തോളം രൂപ ഭൂമി വാങ്ങാനെത്തിയവരില്‍ നിന്നു വാങ്ങുകയും അതില്‍ എട്ടു ലക്ഷം രൂപ പുതിയ സ്ഥലത്തിന് മുന്‍കൂര്‍ നല്‍കുകയും ചെയ്തിരുന്നു.
റീസര്‍വേയില്‍പ്പെടുത്തി കരം ഒടുക്കാനായെങ്കില്‍ മാത്രമേ ചെമ്മണ്ണാറിലെ ഭൂമിയുടെ കച്ചവടം നടക്കുമായിരുന്നുള്ളു. ഇതു നടന്നു കിട്ടുന്ന തുക പുതിയ സ്ഥലത്തിനും വീടിനും നല്‍കേണ്ടതുമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചാം തിയ്യതിയായിരുന്നു ഈ ഇടപാട് നടത്തേണ്ടിയിരുന്നത്. ബെറ്റി വില്‍പ്പന നടത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോയെന്ന ചോദ്യമുന്നയിച്ചാണ് ഹെഡ് ഡ്രാഫ്ട്‌സ്മാന്‍ ഫയല്‍ മടക്കിയത്.
ഈ സംശയം അനാവശ്യമായിരുന്നുവെന്നു സര്‍വേ ഓഫിസിലുള്ളവര്‍ പറയുന്നു. താഴേത്തട്ടില്‍ നിന്നെത്തിയ ഫയലില്‍ ഇതു പുരയിടമാണെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ കൈക്കൂലി നേരിട്ട് ചോദിക്കാതെ കക്ഷികളെ നടത്തിച്ചു കൈക്കൂലിവാങ്ങുകയാണെന്ന് ആക്ഷേപമുണ്ട്.
റീ സര്‍വെ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനു നിലവിലുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങളും അഴിമതിക്കാരായ ഇത്തരം ഉദ്യോഗസ്ഥര്‍ക്കു സഹായകമാവുന്നതായും വിമര്‍ശനമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക