|    Dec 14 Fri, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആത്മവിശ്വാസവുമായി സര്‍ക്കാര്‍

Published : 1st June 2018 | Posted By: kasim kzm

എന്‍  എ   ശിഹാബ്
തിരുവനന്തപുരം: പോലിസ് അതിക്രമങ്ങളിലും ഭരണപരാജയങ്ങളിലും പെട്ട് മുഖം നഷ്ടപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാരിന് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം ആശ്വാസമായി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസായി വിശേഷിപ്പിക്കപ്പെട്ട ചെങ്ങന്നൂരില്‍ ജയിക്കാനായത് രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിന് ലഭിച്ച ജനകീയ അംഗീകാരമായി.
തിരഞ്ഞെടുപ്പ് ഫലം എന്തായാലും അത് സര്‍ക്കാരിന്റെ വിലയിരുത്തലാവും എന്ന് പറഞ്ഞാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഇടതുനേതാക്കള്‍ തിരഞ്ഞെടുപ്പ് ഗോധയിലേക്കിറങ്ങിയത്. തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിരോധത്തിലായ പിണറായി സര്‍ക്കാരിന് ലഭിച്ച പിടിവള്ളികൂടിയായി സജി ചെറിയാന്റെ വിജയം. അതേസമയം, വിജയപ്രതീക്ഷകളുമായി കളത്തിലിറങ്ങിയ യുഡിഎഫിനും ബിജെപിക്കും വേണ്ടത്ര വോട്ട് നേടാനാവാത്തത് തിരിച്ചടിയായി. മാണിയുടെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്തില്ല. മാണിക്കെതിരെയുള്ള ആയുധമായാണ് കാനം രാജേന്ദ്രന്‍ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. എന്നാല്‍ കാനത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തുവന്നത് കേരള രാഷ്ട്രീയത്തിന്റെ ദിശ എങ്ങോട്ടായിരിക്കുമെന്ന് സൂചന നല്‍കുന്നു.
മാണിയുടെ പിന്തുണ ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫില്‍ കേന്ദ്രീകരിക്കുമെന്ന കണക്കുകൂട്ടല്‍ പാടെ പിഴച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസം ഉമ്മന്‍ചാണ്ടിയെ കേരള രാഷ്ട്രീയത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതും ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ പിന്തുണയും ക്രിസ്ത്യന്‍ വോട്ടുകള്‍ എല്‍ഡിഫിന് അനുകൂലമായി ധ്രുവീകരിക്കാന്‍ ഇടയാക്കി. പരമ്പരാഗത കോണ്‍ഗ്രസ് മേഖലകളില്‍പ്പോലും സജി ചെറിയാന് ലീഡ് നേടാന്‍ കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷം സംസ്ഥാനസര്‍ക്കാരിനെതിരേ ഉയര്‍ത്തിക്കൊണ്ടുവന്ന കടുത്ത ആരോപണങ്ങള്‍ ചെങ്ങന്നൂരില്‍ ഏശിയില്ലെന്നതാണ് ഈ ഫലം വ്യക്തമാക്കുന്നത്. പ്രതിപക്ഷ പ്രവര്‍ത്തനം വേണ്ടരീതിയില്‍ ഉയര്‍ന്നിട്ടില്ല എന്നതിന്റെ സൂചനകൂടിയാണിത്. ഇത് കോണ്‍ഗ്രസ്സില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ലക്ഷ്യമാക്കുന്ന കോണ്‍ഗ്രസ്സിനേറ്റ വലിയ തിരിച്ചടിയാണിത്.
തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം തീര്‍ത്തും പരാജയമാണെന്ന വിലയിരുത്തലില്‍ നേതൃമാറ്റം ഉള്‍പ്പെടെ ഉയരാനും സാധ്യതയേറി. ഇതോടെ കെപിസിസി പ്രസിഡന്റ് എം എം ഹസന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നില പരുങ്ങലിലാവും. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ വാദം. അതുകൊണ്ട് സമഗ്ര അഴിച്ചുപണിയാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്.
വോട്ടെടുപ്പ്ദിവസം പൂര്‍ണമായും കെവിന്‍ വധം ലൈവായി കാട്ടി മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിനേറ്റ തിരിച്ചടികൂടിയാണ് ഈ വിജയം എന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. കഴിഞ്ഞതവണ കൈവിട്ടുപോയ വോട്ടുകള്‍ തിരിച്ചുപിടിച്ചുവെന്നതിലുപരി, കിട്ടാത്ത ന്യൂനപക്ഷ വോട്ടുകള്‍ കൂടി വരുതിയില്‍ കൊണ്ടുവരാനായി എന്നത് ഇടതുമുന്നണിക്ക് നേട്ടമാവും. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ബിജെപി സ്ഥാനാര്‍ഥി നേടിയതിന്റെ 3000ഓളം വോട്ട് കുറവു മാത്രമാണ് ഇക്കുറി കിട്ടിയത്. എസ്എന്‍ഡിപി യൂനിയന്‍ ഇടതുസ്ഥാനാര്‍ഥിക്ക് വേണ്ടി നിലകൊണ്ടുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss