|    Mar 20 Tue, 2018 5:08 pm
FLASH NEWS

ആതുര ശുശ്രൂഷാരംഗം കച്ചവട കേന്ദ്രമായി മാറുന്നു: മുഖ്യമന്ത്രി

Published : 8th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ആതുര ശുശ്രൂഷ രംഗവും കച്ചവട കേന്ദ്രമായി മാറുകയാണെന്നും ചികില്‍സക്കെത്തുന്നവരില്‍ നിന്ന്് എങ്ങനെ ഭീമമായ തുക ഈടാക്കാമെന്നതില്‍ ഗവേഷണം നടത്തിയവരാണ് ചില മാനേജ്‌മെന്റുകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാവിലായിയില്‍ എകെജി സ്മാരക സഹകരണ നഴ്‌സിങ് കോളജ് വനിത ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിന്റെയും പഠനത്തിന്റെയും നിലവാരമോ സാമൂഹിക പ്രതിബദ്ധതയോ പ്രശ്‌നമാക്കാതെ കൈയില്‍ വരുന്ന പണം മാത്രമാണ് പ്രധാനമെന്ന്് ചിന്തിക്കുന്നവരുടെ കൈയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിപ്പെട്ടാലുള്ള സ്ഥിതിയാണിത്. സാമൂഹിക ആവശ്യമോ നിലവാരമോ നോക്കാതെ തോന്നുംപോലെ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചതിന്റെ ഫലമാണിത്. അത്തരക്കാര്‍ക്ക് എന്തും ചെയ്യാനുള്ള ദു:സ്വാതന്ത്ര്യമാണ് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നത്. ഒരു കാരണവശാലും വിദ്യാഭ്യാസരംഗത്തെ തട്ടിപ്പ് അനുവദിക്കില്ല. ഈ രംഗത്തെ ഒട്ടുമിക്ക സ്ഥപനങ്ങളുടെയും മുഖമുദ്ര സാമൂഹിക ബോധമില്ലായ്മയാണ്. പഠിച്ചിറങ്ങുന്നവരുടെ പ്രഫഷനല്‍ മികവോ സാമൂഹിക പ്രതിബദ്ധതയോ ഒന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. കീശയുടെ വലിപ്പം നോക്കി സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോള്‍ സാമൂഹിക സാഹചര്യവും പഠന നിലവാരവും ഒന്നും വിലമതിക്കേണ്ടതില്ലെന്ന നിലവന്നു. ഇതാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്ന വസ്തുത മറക്കരുത്. പണം പിടുങ്ങുന്ന സ്ഥാപനമായി പല ആശുപത്രികളും മാറി. ഇതിന് തടസ്സമാവുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താനും ഇവര്‍ സംഘടിത ശ്രമം നടത്തും. ഇവര്‍ക്ക് വലിയ തോതില്‍ ദു:സ്വാതന്ത്ര്യം കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നു. ചില സ്ഥാപനങ്ങള്‍ കോടികള്‍ തലവരിപ്പണം വാങ്ങിയിരുന്നു. ആരും ചോദിക്കാനില്ലാത്ത സ്ഥിതിയായിരുന്നു. ഇപ്പോള്‍ അവസ്ഥ മാറി. സമൂഹത്തോട് പ്രതിബദ്ധത കാട്ടേണ്ട ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ അതിന് നിര്‍ബന്ധിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂര്‍ സഹകരണ ആശുപത്രി സൊസൈറ്റി പ്രസിഡന്റ് എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി വിശിഷ്ടാതിഥിയായിരുന്നു. എകെജിയുടെ ഫോട്ടോ പി ജയരാജന്‍ അനാഛാദനം ചെയ്തു. കെ കെ രാഗേഷ് എംപി, കെ കെ നാരായണന്‍, എന്‍ ചന്ദ്രന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അബ്ദുര്‍ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, പെരളശ്ശേരി ആശുപത്രി പ്രസിഡന്റ് കെ വി ബാലന്‍, ജില്ലാപഞ്ചായത്തംഗം കെ ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം പി കെ ലളിത, ഡോ. ബാലകൃഷ്ണ പൊതുവാള്‍, സൊസൈറ്റി സെക്രട്ടറി കെ വികാസ്, ഷെല്ലി മാത്യൂ, എന്‍ ഗിരിജാ കുമാരി, എന്‍ ഉത്തമന്‍, സി കെ ശശിധരന്‍, കെ എന്‍ മോഹനന്‍ നമ്പ്യാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss