|    Oct 17 Tue, 2017 3:12 pm
Home   >  Editpage  >  Article  >  

ആതുരാലയമോ അറവുശാലയോ?

Published : 21st August 2016 | Posted By: SMR

അംബിക

എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഇടയ്ക്കിടയ്ക്ക് മലയാള മാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. ചാരിറ്റിക്ക് പേരുകേട്ടതെന്ന് അമ്മയുടെ ആളുകള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആശുപത്രിയെക്കുറിച്ച് കണ്ണില്‍ ചോരയില്ലാത്തവര്‍ എന്ന് ആദ്യം കേള്‍ക്കുന്നത് എന്റെ ഒരു ബന്ധുവില്‍നിന്നുതന്നെയാണ്. അവിടെ ജോലിചെയ്തിരുന്ന ഒരു വ്യക്തിക്കുണ്ടായ ദുരനുഭവവും തൊഴില്‍ നഷ്ടമായതിന്റെ കാര്യവുമാണ് അന്നവര്‍ പങ്കുവച്ചത്. അല്‍പം മനുഷ്യത്വം കാണിച്ചതിന്റെ പേരിലായിരുന്നു ‘അമ്മ’യുടെ ആതുരാലയത്തിലെ ജോലി അദ്ദേഹത്തിനു നഷ്ടമായത്.
ഹൃദ്രോഗവുമായി വന്ന ഒരു കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ മുന്‍കൂറായി പണം കൗണ്ടറില്‍ അടയ്ക്കാതെ ചികില്‍സയ്ക്ക് അനുവദിച്ചു (മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവര്‍ പണം അടയ്ക്കുകയും ചെയ്തു) എന്നതായിരുന്നു പിരിച്ചുവിടലിനു കാരണമായ കുറ്റം. ഉടന്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ഒരു മനുഷ്യജീവന്‍ നഷ്ടമാവുമെന്ന് അറിഞ്ഞതിനാലാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. തന്റെ ജോലി നഷ്ടമായാലും ആ ജീവന്‍ രക്ഷിക്കാനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നാണ് അന്നദ്ദേഹം പറഞ്ഞത്.
നഴ്‌സുമാരുടെ സമരത്തെ അമൃതാ ഹോസ്പിറ്റല്‍ നേരിട്ട വിധം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സമരം ചെയ്തതിന്റെ പേരില്‍ സ്വന്തം സ്റ്റാഫിനെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേരളത്തിലെ ഏക ആശുപത്രിയും അമൃത തന്നെയായിരിക്കും. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അമൃതയില്‍ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ ഉള്‍പ്പെടെയുള്ള സ്ത്രീപ്രവര്‍ത്തകര്‍ ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ അന്വേഷണമോ നടപടിയോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. എന്തുതന്നെ സംഭവിച്ചാലും യാതൊരുവിധ നിയമനടപടികളും നാളിതുവരെ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഇപ്പോള്‍ വീണ്ടും അമൃത ആശുപത്രി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമാപ്രവര്‍ത്തകനുമായ ടി എ റസാഖിന്റെ മരണം ആശുപത്രിയിലെ അശ്രദ്ധകൊണ്ടും ചികില്‍സാ പിഴവുമൂലവും സംഭവിച്ചതാണെന്ന് അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണമെങ്കിലും ചികില്‍സയ്ക്കിടെ സംഭവിച്ച സ്വാഭാവിക പിഴവായി ഇതിനെ കാണാനാവില്ല. മരണം ഡെങ്കിപ്പനി ബാധിച്ചായിരുന്നു. ഡെങ്കിപ്പനി ബാധിച്ച സഹോദരന്‍ കോയമോന്റെ കരള്‍ ടി എ റസാഖിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചതാണ് യഥാര്‍ഥത്തില്‍ മരണകാരണമെന്നു തെളിഞ്ഞിരിക്കുന്നു. മാത്രമല്ല, ഡെങ്കിപ്പനിയുള്ള അനുജനെ ഇത്തരമൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയതും ഒരുനിലയ്ക്കും ന്യായീകരിക്കാവുന്നതല്ല. ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും വളരെ മോശമായിരുന്നു. അതിഗൗരവമുള്ള ഒരു ശസ്ത്രക്രിയ ഇത്രമാത്രം അശ്രദ്ധയോടെ നടത്തിയതിന് യാതൊരു ന്യായീകരണവും കണ്ടെത്താനാവില്ല. കരള്‍ കൊടുക്കാന്‍ തയ്യാറായ സഹോദരന്‍ മുമ്പ് തനിക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നു പറഞ്ഞിട്ടും അദ്ദേഹത്തിന്റെ രക്തം കള്‍ച്ചര്‍ ചെയ്യുന്നതിനോ രോഗനിര്‍ണയം നടത്തുന്നതിനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. 30 ലക്ഷം രൂപയാണ് ശസ്ത്രക്രിയാ ഫീസിനത്തില്‍ മാത്രം വാങ്ങിയത്.
ഇത്ര വലിയ തുക കൈപ്പറ്റുമ്പോഴും മനുഷ്യജീവന് വിലകല്‍പിക്കാത്ത ആശുപത്രി അധികൃതര്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളാന്‍ അദ്ദേഹത്തിന്റെ കുടുംബം തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, ഇത്തരമൊരു നെറികേട് മലയാളികള്‍ അത്രയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത ടി എ റസാഖിനെപ്പോലുള്ള ഒരു കലാകാരനോട് ചെയ്തിട്ടും അതിനെതിരേ സാംസ്‌കാരിക കേരളമോ സംസ്ഥാന സര്‍ക്കാരോ യാതൊരു നിയമനടപടിയും കൈക്കൊള്ളാത്തത് എന്തുകൊണ്ടെന്നു മനസ്സിലാവുന്നില്ല. അമ്മയുടെ കാല്‍ക്കല്‍ വീഴുന്നവര്‍ ഭരണപരിഷ്‌കാര കമ്മിറ്റിയംഗങ്ങള്‍ വരെയാവുമ്പോള്‍ ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടെന്നാണോ? അമ്മയുടെ മഠത്തിലും ആശുപത്രിയിലുമൊക്കെ മനുഷ്യജീവന് അത്രയേ വിലയുള്ളൂ എന്നാണോ മനസ്സിലാക്കേണ്ടത്? ടി എ റസാഖിനെപ്പോലുള്ള ഇത്രവലിയ ഒരു കലാകാരന്റെ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരന്റെ ഗതിയെന്താവും?

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക