|    Jan 21 Sat, 2017 11:03 pm
FLASH NEWS

ആതിരപ്പിള്ളി: സമവായമുണ്ടാക്കി മുന്നോട്ടുപോവും- കടകംപള്ളി

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയില്‍ സമവായമുണ്ടാക്കി മുന്നോട്ടുപോവാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പദ്ധതിക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വ്യവസ്ഥകളോടെയുള്ള അനുമതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, പദ്ധതി പ്രദേശത്തുനിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിക്കാന്‍ സാധിച്ചിട്ടില്ല. പദ്ധതിയോടുള്ള എതിര്‍പ്പുകളും രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഒരു സമവായത്തിലൂടെ പദ്ധതി നടപ്പാക്കുക എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം സമര്‍പ്പിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
ഇതോടൊപ്പം മൊത്തം 149 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള 14 ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.
അതേസമയം ആതിരപ്പിള്ളി വൈദ്യുതപദ്ധതി നടപ്പാക്കുമെന്ന വൈദ്യുതമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിനെതിരേ ഘടകകക്ഷി യുവജന സംഘടനയായ എഐവൈഎഫ് രംഗത്തുവന്നു. മന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നു സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച ചര്‍ച്ച പതിറ്റാണ്ടുകളായി നടക്കുന്നതാണ്. പദ്ധതി നടപ്പായാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതികാഘാതത്തെ സംബന്ധിച്ചു നിരവധി പഠനറിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ‘
അപൂര്‍വയിനം സസ്യ-ജന്തുജാലങ്ങള്‍ നശിച്ചുപോവുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പരിസ്ഥിതി സംഘടനകളും എഐവൈഎഫ് അടക്കമുള്ള പ്രസ്ഥാനങ്ങളും പദ്ധതിക്കെതിരായ പ്രക്ഷോഭവുമായി രംഗത്തുവന്നത്. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്ന പ്രഖ്യാപനം കേരളീയ സമൂഹത്തിന്റെ താല്‍പര്യത്തിന് എതിരാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലും പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് പറയുന്നില്ല. പ്രകടനപത്രികയില്‍ പറയാത്ത പദ്ധതി നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം പ്രതിഷേധാര്‍ഹമാണ്. പരിസ്ഥിതി സൗഹൃദ വികസനമെന്ന എല്‍ഡിഎഫിന്റെ നിലപാടിന് വിരുദ്ധമാണ് ഇതെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല: പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ആതിരപ്പിള്ളി പദ്ധതി ഒരുകാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം യുഡിഎഫ് തീരുമാനിച്ചതാണ്. ഇതില്‍നിന്ന് ഒരിഞ്ച് പിന്നോട്ടുപോവില്ല. സര്‍ക്കാര്‍ സമവായം ഉണ്ടാക്കി പദ്ധതി നടപ്പാക്കുമെന്ന മന്ത്രിയുടെ വാദം അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രദേശവാസികളും ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി വേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം.  ആ നിലയ്ക്ക് ഈ പദ്ധതി തീരെ ലാഭകരമല്ല. അതുകൊണ്ടു പദ്ധതിയുമായി മുന്നോട്ടുപോവാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക