|    Sep 26 Wed, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആതിരപ്പിള്ളി പുഴയില്‍ അകപ്പെട്ട കാട്ടാനയെ ഡാമിന്റെ ഷട്ടറുകള്‍ അടച്ച് രക്ഷിച്ചു

Published : 14th August 2018 | Posted By: kasim kzm

ചാലക്കുടി: ആതിരപ്പിള്ളി ചാര്‍പ്പ വെള്ളച്ചാട്ടത്തിനു സമീപം കുടുങ്ങിയ ആനയെ ഡാമിന്റെ ഷട്ടര്‍ അടച്ച ശേഷം വനംവകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് ചാര്‍പ്പയ്ക്കും ഇട്ടാനിക്കുമിടയില്‍ ആനയെ വനപാലകര്‍ കണ്ടത്.
പുഴ കടന്നു നീന്തിയെത്തിയ ആന വെള്ളത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ തിരിച്ചുപോവാനാവാതെ ചാര്‍പ്പ പാറക്കെട്ടിന് സമീപം നിലയുറപ്പിച്ചു. ശക്തമായ ഒഴുക്കും പാറയിലെ വഴുക്കലുമാണ് ആന വെള്ളത്തിലിറങ്ങാന്‍ ഭയന്നതിനു കാരണം. ആദിവാസികളാണ് ആന പുഴയില്‍ കുടുങ്ങിയ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം കെഎസ്ഇബി അധികൃതര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ അടച്ചു. ഡാമില്‍ നിന്നു പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ ഉടനെ വാഴച്ചാല്‍ ഡിഎഫ്ഒ എന്‍ രാജേഷ്, ഫോറസ്റ്റ് ഓഫിസര്‍ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അരമണിക്കൂര്‍കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
പുഴയില്‍ വെള്ളം കുറഞ്ഞ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കംപൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ആന കാട്ടിലേക്ക് കയറിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് ഡാം സുരക്ഷാസമിതിയുടെ അനുമതിയും വനംവകുപ്പ് തേടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss