|    Jul 19 Thu, 2018 7:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആതിരപ്പിള്ളി പദ്ധതി സമരം ശക്തമാക്കാനൊരുങ്ങി ആദിവാസികള്‍; ഊരുസഭ നാളെ

Published : 11th August 2017 | Posted By: fsq

 

പി എച്ച്   അഫ്‌സല്‍

തൃശൂര്‍: ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. അടിയന്തര ആദിവാസി ഊരുസഭ നാളെ ചേരും. വാഴച്ചാലില്‍ ചേരുന്ന ഊരുസഭയില്‍ ആതിരപ്പിള്ളി മേഖലയിലെ ഒമ്പത് ഊരുകളില്‍ നിന്നുള്ള ഊരുമൂപ്പന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. പ്രവൃത്തികള്‍ തുടങ്ങിയതായി കെഎസ്ഇബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സമരനീക്കങ്ങള്‍ ആരംഭിച്ചത്. ഏറെ ദുരൂഹമാണ് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും നീക്കങ്ങളെന്ന് വാഴച്ചാല്‍ ഊരുമൂപ്പത്തി ഗീത വാഴച്ചാല്‍ തേജസിനോട് പറഞ്ഞു. വാഴച്ചാലിനടുത്ത് കണ്ണംകുഴിയിലുള്ള കെഎസ്ഇബി ഭൂമിയില്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയാണ് പവര്‍ഹൗസ് വരുന്നത്. എസ്‌സി വിഭാഗത്തിലുള്ളവരാണ് കണ്ണംകുഴിയില്‍ താമസിക്കുന്നത്. പ്രദേശവാസികളെയോ ആദിവാസികളെയോ അറിയിക്കാതെയാണ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതെന്നും ഗീത പറഞ്ഞു. നാളെ ചേരുന്ന ഊരുസഭയില്‍ തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കും. ആതിരപ്പിള്ളി പദ്ധതിക്കെതിരേ ഊരുസഭ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലവിലുണ്ട്. പുതിയ നിയമനടപടികളെ സംബന്ധിച്ചും ആലോചിക്കുന്നുണ്ട്. ചാലക്കുടിപ്പുഴ സംരക്ഷണസമിതിയുമായി ആലോചിച്ച് സമരങ്ങള്‍ക്ക് തുടക്കം കുറിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള ആദിവാസി വിഭാഗങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സമരം ശക്തമാക്കുമെന്നും ഗീത അറിയിച്ചു. പദ്ധതി തുടങ്ങിയെന്നുള്ള വൈദ്യുതിമന്ത്രിയുടെ പ്രതികരണം ദുരൂഹമാണെന്ന് റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്്ടറും പരിസ്ഥിതിപ്രവര്‍ത്തകയുമായ ഡോ. ലത പ്രതികരിച്ചു. ഡാമും ടണലും പവര്‍‌സ്റ്റേഷനും നിര്‍മിക്കാതെ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത് എന്തെങ്കിലും ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കാനാണ്. കണ്ണംകുഴിയിലെ വൈദ്യുതിവകുപ്പ് ഓഫിസിനു സമീപം പദ്ധതിപ്രദേശത്താണ് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ അത് നിയമവിരുദ്ധമാണ്. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയെ അറിയിക്കാതെ പ്രവൃത്തികളൊന്നും തുടങ്ങാന്‍ കഴിയില്ലെന്നും ലത പറഞ്ഞു. 138.6 ഹെക്റ്റര്‍ വനഭൂമി പ്രത്യക്ഷമായി തന്നെ നശിച്ചുപോവുന്ന കാലഹരണപ്പെട്ട പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. 104 ഹെക്റ്റര്‍ വനമാണ് പദ്ധതി വരുന്നതോടെ വെള്ളത്തിനടിയിലാവുന്നത്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന് കെഎസ്ഇബി അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പകുതിപോലും ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ചാലക്കുടിപ്പുഴയില്‍ നിലവിലില്ല. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ ഒരുശതമാനം പോലും നിറവേറ്റാന്‍ നിര്‍ദിഷ്ട ആതിരപ്പിള്ളി പദ്ധതിക്കാവില്ലെന്നും വര്‍ഷങ്ങളായി ഈ മേഖലയില്‍ പഠനം നടത്തുന്ന ഡോ. ലത പറയുന്നു. നിലവില്‍ പറമ്പിക്കുളം, പെരുവരിപ്പള്ളം, തൂണക്കടവ്, അപ്പര്‍ ഷോളയാര്‍, കേരള ഷോളയാര്‍, പൊരിങ്ങല്‍ക്കുത്ത് എന്നീ ആറ് ഡാമുകള്‍ ചാലക്കുടിപ്പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തകര്‍ത്തുകഴിഞ്ഞു. ആറ് ഡാമുകളുടെ അടിവാരങ്ങളിലായി മൊത്തം 28 കിലോമീറ്റര്‍ ദൂരം നീരൊഴുക്ക് ഇല്ലാതായി. ഇതിനിടെയാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടത്തെയും പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെയും തടഞ്ഞുനിര്‍ത്തിക്കൊണ്ട് പുതിയ അണക്കെട്ടുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നു പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss