|    Nov 20 Mon, 2017 9:39 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആതിരപ്പിള്ളി നിര്‍മാണ പ്രവൃത്തി ആരംഭിച്ചതായി കെഎസ്ഇബി

Published : 11th August 2017 | Posted By: fsq

തിരുവനന്തപുരം: ഭരണകക്ഷിയില്‍ തന്നെ എതിര്‍പ്പുകള്‍ നിലനില്‍ക്കെ ആതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതി പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കെഎസ്ഇബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പേ തന്നെ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചെന്നാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. പാരിസ്ഥിതിക അനുമതിയുടെ കാലാവധി ജൂലൈ 18നായിരുന്നു അവസാനിക്കുന്നത്. കാലാവധി തീരുന്നതിന് മുമ്പേ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ വീണ്ടും കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങേണ്ടിവരും. അതിനാലാണ് സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി തുടങ്ങിയതെന്നാണ് അറിയുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കഴിഞ്ഞദിവസം നിയമസഭയില്‍ വകുപ്പു മന്ത്രി എം എം മണിയും വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിപ്രദേശത്ത് ട്രാന്‍സ്‌ഫോമറും സ്ഥാപിച്ചിട്ടുണ്ട്. ട്രാന്‍സ്‌ഫോമറില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതായും റിപോര്‍ട്ടുണ്ട്. ഇതിനിടെ, അണക്കെട്ട് നിര്‍മിക്കുമ്പോള്‍ നശിപ്പിക്കപ്പെടുന്ന വനങ്ങള്‍ക്കു നഷ്ടപരിഹാരം എന്ന നിലയില്‍ അഞ്ചുകോടി രൂപ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. നശിപ്പിക്കപ്പെടുന്നവയ്ക്കു പകരം വനം വച്ചുപിടിപ്പിക്കാനാണ് തുക നല്‍കിയിട്ടുള്ളത്. അതുകൊണ്ട് പദ്ധതിക്കെതിരേ നിലപാടെടുക്കാന്‍   വനം വകുപ്പിനും പറ്റാത്ത അവസ്ഥയാണ്. കാലാവധി അവസാനിക്കുന്നതിന് മുമ്പേ തന്നെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ പാരിസ്ഥിതിക അനുമതി കേന്ദ്രത്തില്‍ നിന്ന് എളുപ്പത്തില്‍ നീട്ടിക്കിട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക