|    Jun 19 Tue, 2018 10:50 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ആതിരപ്പിള്ളി : തറകെട്ടുന്നതിനു മുമ്പ് മേല്‍ക്കൂര!

Published : 11th August 2017 | Posted By: fsq

കര്‍ക്കടകം പൊതുവെ ശാന്തമായി നീങ്ങുകയാണ്. രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അല്‍പം സമാധാനം. മിന്നല്‍ ഹര്‍ത്താല്‍ ഒഴിച്ചാല്‍ ശക്തമായ സമരങ്ങളും നടക്കുന്നില്ല. കോവളം കൊട്ടാരം കൈമാറിയതിനെതിരേയുള്ള പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റായി. കടക്ക് പുറത്തിനു ശേഷം മുഖ്യമന്ത്രി മര്യാദക്കാരനുമായി. ബിജെപിയുടെ മെഡിക്കല്‍ കോഴ അവരുടെ തലവേദനയായി പുകയുന്നുണ്ട്.ദിലീപിന്റെ ജയില്‍വാസവും പോലിസിന്റെ അന്വേഷണവും കണ്ടും കേട്ടും വീട്ടമ്മമാര്‍ക്കുപോലും മടുത്തുകഴിഞ്ഞു. നിയമസഭാ സമ്മേളനമാണെങ്കില്‍ വഴിപാട് നടപടികളുമായി മുന്നോട്ടുനീങ്ങുന്നു. ഭരണത്തിലെ പ്രതിപക്ഷമായ സിപിഐയും കാനം രാജേന്ദ്രനും ബ്രാഞ്ച് സമ്മേളനങ്ങളുടെ തിരക്കിലും. ആകെ മൊത്തം പരിശോധിച്ചാല്‍ നൂറില്‍ നൂറ് സമാധാനം! വാര്‍ത്തകള്‍ കിട്ടാതെ മാധ്യമങ്ങള്‍ കഷ്ടപ്പെടുന്നു. ചാനല്‍ചര്‍ച്ചകള്‍ക്കുപോലും വിഷയദാരിദ്ര്യം! ഇങ്ങനെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയം സ്തംഭിച്ചുകിടക്കുമ്പോഴാണു മണിയാശാന്‍ ഒരു വെടിപൊട്ടിച്ചത്. അവസരത്തിനൊത്ത് ഉയരുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം. അനുഭവങ്ങളുടെ തീച്ചൂളയില്‍ നടക്കുന്നതിനാല്‍ എന്ത്, എപ്പോള്‍, എവിടെ, എങ്ങനെ പറയണമെന്നു സഖാവിനെ ആരും പഠിപ്പിക്കേണ്ടതില്ല. മുമ്പ് ഇങ്ങനെ വരണ്ട ഒരവസരത്തിലാണു കൊലപ്പട്ടിക നിരത്തി രാഷ്ട്രീയരംഗത്തെ തീപ്പിടിപ്പിച്ചത്. ആശാന്‍ പഴയ ആളായതുകൊണ്ടാവാം പഴയ കാര്യങ്ങളിലാണു കടന്ന കമ്പം. മന്ത്രിയായിട്ടും ആ ശീലം മാറിയിട്ടില്ല. അങ്ങനെ പൊടിതട്ടി കിട്ടിയ ഒന്നാണത്രേ ആതിരപ്പിള്ളി. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ ആതിരപ്പിള്ളിയെ മന്ത്രി ഒന്നു തൊട്ടുതലോടിയിരുന്നു. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നതായി മന്ത്രി വെളിപ്പെടുത്തി. വലിയ ഒച്ചപ്പാടുണ്ടായപ്പോള്‍ മലക്കംമറിഞ്ഞു. സമവായം ഉണ്ടെങ്കിലേ പദ്ധതി നടപ്പാക്കൂ എന്നു പ്രഖ്യാപിച്ച് തടിയൂരി. സമവായം എങ്ങനെയെന്നു വ്യക്തമാക്കിയതുമില്ല. ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് മന്ത്രിക്ക് വലിയ പിടിപാടില്ലെങ്കിലും ഇക്കാര്യത്തില്‍ ഒന്നറിയാം. ആതിരപ്പിള്ളി എന്നു മുഴുവന്‍ ഉച്ചരിക്കുന്നതിനു മുമ്പ് സമരവുമായി മുന്നോട്ടുവരാന്‍ വലിയൊരു ജനതയുണ്ട് എന്ന സത്യമാണത്.ഈ പദ്ധതിയുടെ പേരില്‍ സമരങ്ങളും ഗുലുമാലും ഒക്കെ നടന്നാല്‍ വകുപ്പുമന്ത്രി എന്ന നിലയില്‍ തനിക്കൊരു പവറും പത്രാസും ഉണ്ടാവുമെന്നും മന്ത്രിക്ക് നിശ്ചയമുണ്ട്. അങ്ങനെയാണ് മന്ത്രി നിയമസഭയില്‍ ആ നഗ്നസത്യം വെളിപ്പെടുത്തിയത്. ആതിരപ്പിള്ളി പദ്ധതിക്ക് പ്രാരംഭ നടപടികള്‍ തുടങ്ങിയതായാണു മന്ത്രിയുടെ സത്യപ്രസ്താവന. വനഭൂമി വനേതരപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും കെഎസ്ഇബി പൂര്‍ത്തിയാക്കിയതായും മന്ത്രി വിശദീകരിച്ചു. പ്രാരംഭ നടപടിയുടെ ഭാഗമായി അവിടെ വിദ്യുച്ഛക്തി വകുപ്പിന്റെ ട്രാന്‍സ്‌ഫോമറുകള്‍ ഘടിപ്പിച്ചിട്ടുണ്ടത്രേ! ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ച്, 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണിത്. ഡാം നിര്‍മിക്കുന്നതിനെ സിപിഐ നഖശിഖാന്തം എതിര്‍ക്കുകയാണ്. കേരളത്തിലെ പരിസ്ഥിതിസംഘടനകളെല്ലാം ഈ നീക്കത്തെ ചെറുക്കുന്നു. പദ്ധതിയുമായി ഇന്നത്തെ നിലയില്‍ സര്‍ക്കാരിനു മുന്നോട്ടുപോവാന്‍ കഴിയില്ല. അതിശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലാണെങ്കില്‍ ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചപോലും നടന്നിട്ടില്ല. പിന്നെ എങ്ങനെ പദ്ധതി നടപ്പാക്കും എന്ന ചോദ്യവും ഉത്തരവും അര്‍ഥമില്ലാത്തതാണ്. മണിയാശാന് ഇതൊന്നും ബാധകമല്ല. തന്റെ വകുപ്പുതന്നെ ഒരു മന്ത്രിസഭയാണെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ നില്‍പ്പ്. ഘടകകക്ഷി, മുന്നണി എന്നതൊന്നും ആശാന്റെ അജണ്ടയിലില്ല. നിര്‍ദിഷ്ട ഡാം കെട്ടുന്ന ഭൂമി ഇപ്പോഴും വനംവകുപ്പിന്റെ അധീനതയിലാണ്. വിദ്യുച്ഛക്തി വകുപ്പിനു അതു വിട്ടുകൊടുത്താല്‍ മാത്രമേ അവിടെ ഡാം പണിയാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനുവേണ്ടിയുള്ള നടപടികളൊന്നും എവിടെയും തുടങ്ങിയിട്ടില്ല. രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കുകയുള്ളൂ. ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുന്നതുകൊണ്ട് ഡാം നിര്‍മാണത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണു തുടങ്ങുക എന്നത് മന്ത്രി മണിക്ക് മാത്രം അറിയുന്ന രഹസ്യമാണ്. ഡാം പൂര്‍ത്തിയായശേഷം വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ മാത്രമേ ട്രാന്‍സ്‌ഫോമറുകളുടെ ആവശ്യം വരുന്നുള്ളൂ. വീടിനു തറകെട്ടാതെ മേല്‍ക്കൂര പണിയുന്ന പോലെയാണിത്. വലിയതോതില്‍ വനനശീകരണം ഉണ്ടാവുന്ന പദ്ധതി വീണ്ടും പുറത്തിട്ട് സമരങ്ങളും കോലാഹലങ്ങളും ക്ഷണിച്ചുവരുത്തുന്ന മന്ത്രി മണിയാശാനെ അഭിനന്ദിക്കുക തന്നെ വേണം. നമുക്ക് ഇങ്ങനെയും ഒരു മന്ത്രി ഉണ്ടായിരുന്നു എന്നു ഭാവിതലമുറകള്‍ക്കു മനസ്സിലാക്കാമല്ലോ.                       ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss