|    Dec 12 Tue, 2017 4:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആതിരപ്പിള്ളി : ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിനെതിരേ പ്രതിപക്ഷത്തും ഭിന്നത. സിപിഐയും വിഎസും ഭരണപക്ഷത്തുനിന്ന് എതിര്‍ശബ്ദം ഉയര്‍ത്തുമ്പോള്‍ പ്രതിപക്ഷത്തുനിന്നു ചെന്നിത്തലയും എം എം ഹസനുമാണ് പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് ചെന്നിത്തലയെയും കെപിസിസി പ്രസിഡന്റ് എം എം ഹസനെയും തിരുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ മുരളീധരനുമാണ് പദ്ധതിക്ക് അനുകൂലമായ വാദമുഖങ്ങള്‍ ഉയര്‍ത്തുന്നത്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. ഇക്കാര്യത്തില്‍ സമവായം അസ്തമിച്ചതായും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പദ്ധതിയെക്കുറിച്ച് സമവായം ഉണ്ടാവണമെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടി ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്. കെ മുരളീധരനും സമാനമായ നിലപാടാണുള്ളത്. അതേസമയം, ആതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പ്രതികരിച്ചു. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പദ്ധതിയുടെ ഭാഗമായി പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ വൈദ്യുതിമന്ത്രി പറഞ്ഞതോടെയാണ് ഏറെക്കാലത്തിനു ശേഷം ആതിരപ്പിള്ളി വീണ്ടും വിവാദ വിഷയമായത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍മാണാനുമതി ജൂലൈ 18ന് അവസാനിക്കാനിരിക്കെയായിരുന്നു പദ്ധതിപ്രദേശത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങിയതായി കെഎസ്ഇബി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍, നിയമസഭയിലെ മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരേ എഐവൈഎഫ് രംഗത്തെത്തി. കാനം രാജേന്ദ്രനും പദ്ധതിയെ വിമര്‍ശിച്ച് രംഗത്തുവന്നു. പിന്നാലെ വിഎസും എതിര്‍പ്പ് പ്രകടിപ്പിച്ചു. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നാണ് വിഎസിന്റെ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക