|    May 25 Thu, 2017 10:01 pm
FLASH NEWS

ആണ്‍ലീലകള്‍

Published : 7th May 2016 | Posted By: mi.ptk

leela

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

എന്റെ കണ്ണുകള്‍ കുട്ടിയപ്പനും ആനയ്ക്കുമിടയിലുള്ള ലീലയില്‍ തറഞ്ഞു നിന്നു. ഓരോ നിമിഷത്തിന്റെയും നിശ്ശബ്ദമായ വിറയല്‍ എന്റെ പെരുവിരലില്‍ നിന്ന് വളര്‍ന്നുതുടങ്ങി. എന്നാല്‍, കുട്ടിയപ്പന്റെ ശരീരം ഒന്ന് അനങ്ങിയതു പോലുമില്ല. തുമ്പിക്കൈയില്‍ നിന്ന് ലീലയെ മെല്ലെ വിടര്‍ത്തിയിട്ട് കൊമ്പിനടിയിലൂടെ അവളെ പുറത്തേക്ക് നടത്തി. ഒരു കുഞ്ഞിനോടുള്ള വാല്‍സല്യം പോലെ. അവളുടെ നെറുകെയില്‍ ഉമ്മവച്ചു. പിന്നെ കുട്ടിയപ്പന്‍ തിരിച്ചു നടന്നു.’ പറയുന്നത് പിള്ളേച്ചനാണ്. കുട്ടിയപ്പന്റെ ആത്മമിത്രം. ‘പിള്ളേച്ചന്‍ വാ കേറ്’ എന്ന് കുട്ടിയപ്പന്‍ പറഞ്ഞാല്‍ പിന്നെ മുന്നും പിന്നും നോക്കാതെ ജീപ്പിലോട്ട് കയറുകയാണ് പിള്ളേച്ചന്‍. അയാള്‍ക്ക് ഭാര്യയുണ്ട്. പ്രായംതികഞ്ഞ മോളുണ്ട്. എങ്കിലും അയാള്‍ ഇതെല്ലാം മറന്ന് കുട്ടിയപ്പന്റെ കൂടെ പോവും. ഇങ്ങനെയാണ് ഉണ്ണി ആറിന്റെ ‘ലീല’ എന്ന കഥ പോവുന്നത്. പിള്ളേച്ചനാണ് കഥാതന്തു. പിള്ളേച്ചനിലൂടെയാണ് വായനക്കാര്‍ കുട്ടിയപ്പനെയും ലീലയെയും കാണുന്നത്. കഥയെ ഉണ്ണി ആര്‍ തന്നെ തിരക്കഥയാക്കിയപ്പോള്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ അതിന് സിനിമാഭാഷ്യമൊരുക്കാന്‍ സംവിധായകന്‍ രഞ്ജിത്തിന് കഴിഞ്ഞു. പ്രേക്ഷകര്‍ കാത്തിരുന്ന ‘ലീല’ എന്തുകൊണ്ടാവാം മലയാള സിനിമാപ്രേക്ഷകര്‍ ഇത്രത്തോളം ഈ സിനിമയ്ക്കായി കാത്തിരുന്നത്?  മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ എന്നതിലുപരി മലയാളി ഏറ്റെടുത്ത ‘ലീല’ എന്ന കഥ തന്നെ കാരണം. കേവലമൊരു ചെറുകഥയെ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാക്കി മാറ്റുക, ആ സിനിമയിലൂടെ കഥ വായിച്ചവരും അല്ലാത്തവരുമായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നു തുടങ്ങി വലിയ വെല്ലുവിളി ഏറ്റെടുത്തു     വിജയിപ്പിക്കാന്‍ രഞ്ജിത്തിനും ഉണ്ണിക്കും കഴിഞ്ഞിട്ടുണ്ട്. കഥയിലൊളിഞ്ഞു കിടന്നിരുന്ന പല ആശയങ്ങളെയും വളരെ സമര്‍ഥമായി പുറത്തുകൊണ്ടുവന്ന്, സമകാലിക വിഷയങ്ങളുമായി കൂട്ടിയിണക്കി നിര്‍ത്തുന്നതില്‍ ‘ലീല’ കൈയടക്കം കാണിക്കുന്നുണ്ട്.വിചിത്രമായ ചിന്തകളുമായി ജീവിക്കുന്ന കുട്ടിയപ്പന്‍ (ബിജു മേനോന്‍) എന്ന കഥാപാത്രത്തിന്റെ ഭ്രാന്തമായ ഒരു ആഗ്രഹസാഫല്യത്തിനായുള്ള യാത്രയാണ് ഈ ചിത്രത്തിന്റെ ആകെത്തുക. ശക്തനെന്നു പുറമെ തോന്നുമെങ്കിലും മനസ്സുകൊണ്ട് ദുര്‍ബലനാണ് കുട്ടിയപ്പന്‍. ബിന്ദു എന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്ന രംഗത്തിലടക്കം പല രംഗങ്ങളിലും ഈ സവിശേഷത സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാല്‍, തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഏതറ്റം വരെ പോവാനും അയാള്‍ മടിക്കില്ല. കുട്ടിയപ്പനെന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ വട്ടന്‍രീതികളെയും ആദ്യ പകുതിയില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന സംവിധായകന്‍ രണ്ടാം പകുതിയില്‍ നമ്മെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിക്കുന്നു.ഇങ്ങനെ പറഞ്ഞാല്‍, അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന സദാചാരചിന്തകളുടെ പൊളിച്ചെഴുത്താണ് ഈ ചിത്രം. കുട്ടിയപ്പനിലൂടെ ഒരു പുരുഷന്റെ ആണധികാരത്തിന്റെ പേക്കൂത്തും കടിഞ്ഞാണില്ലാത്ത ലൈംഗിക ചിന്താബോധവും ലീലയിലൂടെ പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥയും പിള്ളേച്ചനിലൂടെ അച്ഛന്റെ ഭയവും തിരക്കഥാകൃത്ത് പ്രേക്ഷകന് സമ്മാനിക്കുന്നു. കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലും കഥ കൊണ്ടുപോവുന്ന രീതിയിലും സംവിധായകന്റെ മികവ് കാണാനാവും. പെണ്ണിന്റെ നിസ്സഹായാവസ്ഥയെ കൃത്യമായി അവതരിപ്പിക്കാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി നമ്പ്യാര്‍ക്ക് കഴിഞ്ഞു. ‘അച്ഛാ’ എന്ന ഒറ്റ ഡയലോഗ് മാത്രമേ ഈ കഥാപാത്രത്തിന് സിനിമയിലുള്ളൂ. കഥയിലെ ക്ലൈമാക്‌സില്‍ നിന്ന് ഒട്ടും മാറ്റങ്ങളില്ലാതെ തന്നെയാണ് സിനിമയിലെ ക്ലൈമാക്‌സും  ഒരുക്കിയിരിക്കുന്നത്. പലരും അത് ദഹിക്കാതെ തിയേറ്റര്‍ വിടുന്നതും കാണാമായിരുന്നു. സദാചാരവിരുദ്ധമായതൊന്നും ഈ സിനിമയിലില്ല. സത്യത്തില്‍ സദാചാരമൂല്യങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണുതാനും. ചില തെറ്റുകള്‍ കൊടിയ പാപങ്ങളാണ്. പ്രായശ്ചിത്തം പോലും അതിന് പരിഹാരമല്ലെന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. സിനിമ എന്ന മാധ്യമം, കാഴ്ചയ്ക്കും കേള്‍വിക്കുമപ്പുറം ചിന്തയ്ക്കു കൂടിയുള്ളതാണെന്നു കരുതുന്നവര്‍ ഈ സിനിമ ഇഷ്ടപ്പെടും. അച്ഛനേക്കാള്‍ വിശ്വസിക്കാമെന്ന് അവള്‍ കരുതിയിരുന്ന ആന തന്നെ അവളെ വായുവിലുയര്‍ത്തി നിലത്തടിച്ചത് അവളുടെ മനസ്സിനെ ആ ആന മനസ്സിലാക്കിയതു കൊണ്ടാണ്. ജീവിതത്തില്‍ ഇനിയൊന്നും ആഗ്രഹിക്കാനില്ലാത്ത അവള്‍ക്ക് ആ മരണം ഒരു രക്ഷപ്പെടല്‍ തന്നെയായിരുന്നു. സ്വന്തം അച്ഛനാല്‍ ചാരിത്ര്യം നഷ്ടപ്പെട്ട ലീലക്ക് മുന്നില്‍ ആന ഒരു രക്ഷകനാവുകയായിരുന്നു. ‘ലീല’യിലെ യഥാര്‍ഥ സര്‍പ്രൈസ് ലീലയുടെ അച്ഛനായി വന്ന തങ്കപ്പന്‍ നായര്‍ എന്ന പിമ്പ് കഥാപാത്രമാണ്. ജഗദീശിന്റെ ഈ കഥാപാത്രം കാണുമ്പോഴാണ് ഇത്രയും കാലമായി ഈ കലാകാരനിലെ പ്രതിഭയെ തിരിച്ചറിയാനാവാതെ പോയ സിനിമക്കാരോട് നാം കലഹിക്കുക.

leela-2-final

ഇരയാക്കപ്പെടുന്ന പെണ്ണിന്റെ കഥയാണ്, ‘ലീല’. ലീല ഇരയാക്കപ്പെടുന്നവരുടെ പ്രതീകവും. കുട്ടിയപ്പന്റെ ഇരയാണ് ലീല. യഥാര്‍ഥത്തില്‍ ഒരു പേരു പോലും അവള്‍ക്ക് സ്വന്തമായില്ല. ആ പേരുപോലും കുട്ടിയപ്പന്‍ അവള്‍ക്ക് നല്‍കുന്നതാണ്. ലഹരിയുടെ മൂര്‍ച്ഛയില്‍ മകളെ പ്രാപിക്കുകയും പിന്നീടവളെ വേശ്യയാക്കുകയും ചെയ്ത തങ്കപ്പന്‍ നായരുടെയും ഇരയാണ് ലീല. പുരുഷന്റെ ആക്രമണങ്ങള്‍ക്ക് ഇരയാവേണ്ടി വന്ന പ്രതികരണശേഷിയില്ലാത്ത സ്ത്രീയായ ലീലയുടെയും തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ഏതറ്റംവരെയും പോവുന്ന കുട്ടിയപ്പന്റെയും കഥ മരവിച്ച ഹൃദയത്തോടെയേ നമുക്ക് കണ്ടുതീര്‍ക്കാനാവൂ. ‘മുന്നറിയിപ്പി’നുശേഷം ഉണ്ണി ആര്‍ തിരക്കഥയെഴുതിയ ചിത്രമാണ് ഇത്. മലയാള കഥാസാഹിത്യത്തില്‍ കാമ്പുള്ള അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. പത്മരാജനെപ്പോലെ എഴുതുന്ന കഥകളിലൊക്കെയും ഒരു വിഷ്വല്‍ ഒളിഞ്ഞിരിക്കുന്നതുകൊണ്ടാവും അദ്ദേഹത്തിന്റെ കഥകളില്‍ നല്ലൊരു പങ്കും സിനിമകളായതും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day