|    Oct 16 Tue, 2018 8:56 am
FLASH NEWS

ആഡ്യന്‍പാറ ജലവൈദ്യുത പദ്ധതി തുരങ്കത്തിന് മുകളില്‍ വീണ്ടും മണ്ണിടിച്ചില്‍

Published : 19th September 2017 | Posted By: fsq

 

നിലമ്പൂര്‍: മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍, ആഡ്യന്‍പാറ തുരങ്കത്തിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീണ് തുരങ്കം അടഞ്ഞു. ഞായറാഴ്ച്ച രാത്രിയാണ് 300 അടിയോളം ഉയരത്ത് നിന്നും കൂറ്റന്‍ പാറ ഉള്‍പ്പെടെ തുരങ്കത്തിന്റെ മുകളിലേക്ക് പതിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ ശുചീകരണ തൊഴിലാളികള്‍ ഇവിടെ നിന്നും പോരുന്നത് വരെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രാത്രി രാത്രിയാണ് മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് ജീവനക്കാര്‍ പറയുന്നത്. രാവിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് എത്തിയ തൊഴിലാളികളാണ് മണ്ണിടിച്ചില്‍ ആദ്യം കണ്ടത്. പവര്‍ ഹൗസിന് ഒന്നര കിലോമിറ്റര്‍ മുകളില്‍ മായിന്‍ പള്ളിയിലാന് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ കവാടം പൂര്‍ണമായി അടഞ്ഞിരിക്കുകയാണ്. മഴ തുടരുന്നതിനാല്‍ മണ്ണ് നീക്കാന്‍ ദിവസങ്ങള്‍ എടുക്കും. മലമ്പുഴ സബ് ഡിവിഷന്‍ എഎക്‌സ്ഇ വിജയകുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ അജിത്, പ്രൊജക്റ്റ് മാനേജര്‍ ഇസ്മായില്‍, എടക്കര സി ഐ അബ്ദുല്‍ ബഷീര്‍, ഹൈഡല്‍ ടൂറിസം എന്‍ജിനീയര്‍ ജാഷിദ് വാഴയില്‍ തുടങ്ങിയവര്‍ സഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കാഞ്ഞിരപ്പുഴക്ക് കുറുകെ സ്ഥാപിച്ച ചെക്ക് ഡാമിന് 50 മീറ്റര്‍ മാറിയാണ് അപകടം. 2015 ജൂണ്‍ 28ന് തുരങ്ക നിര്‍മ്മാണത്തിനിടയിലാണ് ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായത്. അന്ന് ദിവസങ്ങള്‍ നീണ്ട് നിന്ന ശ്രമത്തിന്റെ ഫലമായാണ് മണ്ണൂം കല്ലും പൂര്‍ണ്ണമായി നീക്കിയത്. രണ്ട് ദിവസങ്ങളിലായാണ് അന്ന് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ കവാടം അടയാതിരിക്കാന്‍  മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബും, കനാല്‍ മഴി മരച്ചില്ലകളും മറ്റും വെള്ളത്തിലൂടെ ഒഴുകി ടണലില്‍ കടക്കാതിരിക്കാന്‍ ട്രാഷ് ട്രാക് ഗേറ്റും നിര്‍മിച്ചിട്ടുണ്ട്. അതിന് മുകളിലേക്കാണ് 300 അടി ഉയരത്തില്‍ സ്വകാര്യ ഭൂമിയില്‍ നിന്നാണ് പാറകളും മണ്ണും പതിച്ചത്. മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചതും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷമായിട്ടും നടപടി സ്വീകരിക്കാത്തതുമാണ് വീണ്ടും മണ്ണിടിച്ചിലിനിടയാക്കിയത്. മഴ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 25 കോടി രൂപയോളം ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യത്തെ ജല വൈദ്യുത, ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പ്രയോജന പെടുത്തണമെങ്കില്‍ തുരങ്കം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രദേശത്ത് നിന്നുമാണ് 100-ാളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മുട്ടിയേല്‍ കുടിവെള്ള പദ്ധതിയിലേക്ക് പൈപ്പ് മുഖേന വെള്ളമെത്തിക്കുന്നത്. മണ്ണിടിലിനെ തുടര്‍ന്ന് വള്ളം കുത്തി ഒലിച്ച് ഇവിടത്തെ പൈപ്പുകള്‍ ഒലിച്ച് പോയതിനാല്‍ കുടിവെള്ള വിതരണവും ഭാഗികമായി മുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss