|    Oct 22 Sun, 2017 2:57 am

ആഡംബര കാറിലെത്തിയ യുവാക്കള്‍ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ചു

Published : 27th July 2016 | Posted By: SMR

തൊടുപുഴ:വാഹനപരിശോധനക്കിടെ ആഢംബര വാഹനത്തിലെത്തിയ യുവാക്കള്‍ എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ചു.സംഭവത്തില്‍ അറക്കുളം ആശുപത്രിപ്പടി വലിയമറ്റത്തില്‍ അമല്‍രാജ് (21) പിടിയിലായി. ഇന്നലെ രാത്രി ഇടുക്കി-മൂലമറ്റം റൂട്ടില്‍ പന്ത്രണ്ടാംമൈലിനു സമീപം രാത്രി എട്ടരയോടെയാണ് സംഭവം.വാഹന പരിശോധനക്കിടെയാണ് 45 ലക്ഷം രുപ വില വരുന്ന ബിഎംഡബ്ല്യൂകാര്‍ അമിതവേഗതയില്‍ കടന്നുവന്നത്. വാഹനം നിര്‍ത്താന്‍ കാഞ്ഞാര്‍ എസ്‌ഐ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്തിയതിനുശേഷം അമിതവേഗതയില്‍ പിന്നോട്ടെടുത്തു.
സമീപത്ത് നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം കാഞ്ഞാര്‍ എസ്‌ഐ ബിജു കെ ആറിനെ ലക്ഷ്യമാക്കി പാഞ്ഞുവന്നു. എസ്‌ഐ പെട്ടെന്ന് ഓടി മാറിയതുകൊണ്ടാണ് രക്ഷപെട്ടത്. അമിതവേഗതയില്‍ പോയ വാഹനം പിടികൂടാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലിസ് തയ്യാറായില്ല.എന്നാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അറക്കുളം വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. കാറിന്റെ പിന്നാലെ നാട്ടുകാരും പോലിസുമെത്തിയപ്പോഴേയ്ക്കും ഒരാള്‍ ഓടി രക്ഷപ്പെട്ടു. കുടെയുണ്ടായിരുന്ന യുവാവിനെയാണ് പോലിസ് പിടികൂടിയത്. പിടികൂടിയ യുവാവില്‍ നിന്നും മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നു പോലിസ് പറഞ്ഞു. വിദ്യാര്‍ഥി സംഘം മട്ടാഞ്ചേരിയില്‍ നിന്നും 10,000 രൂപ ദിവസ വാടകയ്ക്കാണ് വാഹനം എടുത്തുകൊണ്ടുവന്നത്. രാവിലെ മുതല്‍ മൂലമറ്റം-തൊടുപുഴ റൂട്ടില്‍ അമിതവേഗതയില്‍ നിരവധി തവണ വാഹനം കടന്നുപോയതായി നാട്ടുകാര്‍ പറയുന്നു. കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളെ അവരുടെ സ്ഥലങ്ങളില്‍ എത്തിച്ചശേഷം തിരികെ മൂലമറ്റം ഭാഗത്തേയ്ക്ക് എത്തുമ്പോഴാണ് സംഭവം. രക്ഷപ്പെട്ട യുവാവിനുവേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ക്കു ആഡംബര കാര്‍ റെന്റിനെടുക്കാനുള്ള പണം എവിടെ നിന്നാണെന്നും കഞ്ചാവ് ലഭിച്ചതിനെക്കുറിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു.വാഹനം കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതായും പോലിസ് സംശയിക്കുന്നുണ്ട്. കാറിലുണ്ടായിരുന്ന മറ്റ് യുവാക്കളെക്കുറിച്ചും പോലിസിനു സുചന ലഭിച്ചു.ഇവരും നിരീക്ഷണത്തിലാണ്.പിടിയിലായവര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളാണ്.പ്രതിയെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക