|    Jun 22 Fri, 2018 1:19 pm
FLASH NEWS
Home   >  Kerala   >  

ആഡംബര ഇരുചക്ര വാഹന മോഷ്ടാക്കള്‍ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

Published : 10th August 2017 | Posted By: mi.ptk

പോലിസിന്റെ പിടിയിലായ ഷിജു രാജന്‍, സുരേഷ്

പത്തനംതിട്ട: ആഡംബര ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ കിഴക്കേതില്‍  സുരേഷ് (മക്കു  20), കോയിപ്രം പൂവത്തൂര്‍ കാവിക്കൊട്ടില്‍ ഷിജു രാജന്‍ (അച്ചു  19) എന്നിവരാണ് പന്തളം സ്‌റ്റേഷനില്‍ നിന്നും ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ടത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് കഴിഞ്ഞ ജൂലൈ 14നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്റിലായിരുന്ന പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസമാണ് പോലിസ് കസ്റ്റഡിയില്‍ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ആറു മാസ കാലയളവിനുള്ളില്‍ പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളിലും തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍  നിന്നുമായി 30 ലക്ഷം രൂപ വിലമതിക്കുന്ന 21 ഓളം ആഡംബര ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചുള്ളതായാണ് പ്രതികള്‍ക്കെതിരേ പോലിസ് ചുമത്തിയിട്ടുള്ള കേസ്. പത്തനംതിട്ട,ആലപ്പുഴ, കൊല്ലം ജില്ലകളില്‍  ഉള്ള സ്‌പോട്‌സ് ബൈക്ക് ഷോ റൂമുകളിലും ,സ്‌പോട്‌സ് ബൈക്കുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് കടകളിലും ,പഴയ സ്‌പോട്‌സ് ബൈക്കുകള്‍ വില്‍ക്കുന്ന സ്ഥലങ്ങളിലും  അന്വേഷണം നടത്തുകയും , ബൈക്കുകള്‍ മോഷ്ടിക്കപെട്ട സ്ഥലങ്ങളില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് വരുന്നതിനിടയില്‍ ചില സൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പത്തനംതിട്ട  മലയാലപ്പുഴ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കുകയും ചെയ്തപ്പോള്‍ കെടിഎം ഡ്യൂക്ക് ബൈക്കിന്റെ  20000 രൂപാ വില വരുന്ന മോഡിഫിക്കേഷന്‍ വരുത്തിയ സൈലെന്‍സര്‍ 3500 രൂപായ്ക്ക് വില്‍ക്കാനുണ്ടെന്നു മനസിലാക്കുകയും ഷാഡോ പോലീസ് 3500 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ചെയ്തു. കളവുമുതലുമായി വന്ന ഷിജു രാജനെ പോലീസ് പിടികൂടുകയായിരുന്നു. മോഷണം പോയ ബൈക്കിന്റെ ഉടമസ്ഥരെ വിളിച്ചുവരുത്തി സൈലന്‍സര്‍ ഇവരുടെ ബൈക്കിന്റേതാണെന്നുറപ്പിച്ചു. ബൈക്ക് വാങ്ങാന്‍ ആളെത്തിയെന്ന പേരില്‍ ഷിജുവിനെയും കൂട്ടി കൂട്ടുപ്രതിയായ സുരേഷിനെ സ്ഥിരം കാണാറുള്ള സ്ഥലത്തു പോലീസ് കാത്തുനിന്നു. കച്ചവടം ഉറപ്പിച്ച് ശേഷം ബൈക്ക് പരിശോധിച്ചപ്പോള്‍ ഇത് കഴിഞ്ഞ പത്തിനു രാത്രി  പന്തളം പൂഴിക്കാട് ചിറമുടി എന്ന സ്ഥലത്ത് നിന്നും മോഷ്ടിച്ച ഡ്യൂക്ക് ബൈക്കാണെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട സ്വദേശി പ്രവീണിന്റേതാണിതെന്നും പോലീസ് മനസിലാക്കി.  തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് 30 ലക്ഷം രൂപായുടെ ആഡംബര ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ചതിന്റെ ചുരുളഴിഞ്ഞത്.
പത്തനംതിട്ട ബസ് സ്റ്റാന്റിനകത്തുള്ള പ്രമുഖ ബേക്കറിയില്‍ ജോലി നോക്കി വരുന്നതിനിടയിലാണ് ഷിജു രാജന്‍ ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 12 ഓളം ബൈക്ക് മോഷണം നടത്തിയതിന് ജയിലിലായ സുരേഷിനെ പരിചയപ്പെടുന്നതും തുടര്‍ന്ന് പത്തനംതിട്ടയിലും സമീപ ജില്ലകളിലും കറങ്ങി നടന്ന് മോഷണം ആരംഭിക്കുകയും കൂട്ടാളികളെ തരപ്പെടുത്തി മോഷണം വിപുലമാക്കുകയും ചെയ്തതായും പറയുന്നു. മറ്റൊരു കേസില്‍ നേരത്തെ പോലീസ് പിടിയിലായിട്ടുള്ള സുരേഷ് പോലീസ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടിട്ടുള്ളയാളാണ്. കുളനട, കുരമ്പാല, കുമ്പഴ, മലയാലപ്പുഴ, താഴെവെട്ടിപ്പുറം, ആറന്മുള, പന്തളം മുളക്കുഴ, പറന്തല്‍ ഭാഗങ്ങളില്‍ നിന്ന് ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച സംഭവങ്ങള്‍ ഇവരുടെ അറസ്‌റ്റോടെ ചുരുളഴിഞ്ഞിട്ടുണ്ടെന്ന് പോലിസ് പറയുന്നു.

പിടിയിലായ പ്രതികളില്‍ നിന്നും പോലിസ് കണ്ടെടുത്ത ബൈക്കുകള്‍

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss