|    Jun 20 Wed, 2018 9:19 am
Home   >  Kerala   >  

ആട് ആന്റണി;മോഷണവും സ്ത്രീകളും ഹരമായ കൊലയാളി

Published : 20th July 2016 | Posted By: mi.ptk

antony-2
സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം : മണിയന്‍ പിള്ള എന്ന പോലിസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നതടക്കം നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളി. ആട് മോഷണത്തിലൂടെ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയ കൊല്ലം കുണ്ടറ കുമ്പളം നെടിയവിളവീട്ടില്‍ ആന്റണി വര്‍ഗീസ് പിന്നീട് ആട് ആന്റണിയായി. ആന്റണിക്കു കവര്‍ച്ച ഹരമായിരുന്നു, സ്ത്രീ ദൗര്‍ബല്യവും.
കൊല്ലം ജില്ലയിലെ കുണ്ടറ, പടപ്പക്കര മേഖലകളിലെ അറിയപ്പെടുന്ന മോഷ്ടാവ് ക്യാപ്റ്റന്‍ ജോസായിരുന്നു ആന്റണിയുടെ ഹീറോ. ആടുകളെ മോഷ്ടിച്ച് ചന്തകളില്‍ വില്‍ക്കുന്നതു നാട്ടില്‍ പാട്ടായതോടെ അവിടെനിന്നു മുങ്ങി. ടേപ് റിക്കോര്‍ഡര്‍, മൈക്ക് എന്നിവയിലാണു പിന്നീടു കൈവച്ചത്. അതിനു പിടിയിലായി പുറത്തിറങ്ങിയ ശേഷം കമ്പ്യൂട്ടറുകളും ഗൃഹോപകരണങ്ങളും മോഷ്ടിക്കാന്‍ തുടങ്ങി. പലയിടത്തും വാടകയ്‌ക്കെടുത്ത വീടുകളില്‍ മോഷ്ടിച്ച ഗൃഹോപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതു കണ്ടാല്‍ വന്‍ ഹോം അപ്ലയന്‍സസ് ഷോറൂമാണെന്നു തോന്നും. പത്തനംതിട്ടയിലെ വാര്യാപുരത്ത് ഇങ്ങനെയൊരു ഷോറൂം ആട് ആന്റണി ഒരുക്കിയിരുന്നു.
നാടുനീളെ കല്യാണം കഴിക്കലായിരുന്നു മറ്റൊരു ഹോബി. ഇതൊക്കെ ചെയ്തശേഷം ഒളിവില്‍ കഴിയുന്നതിലും സാമര്‍ഥ്യം തെളിയിച്ചു. പല രൂപത്തിലും വിവിധ പേരിലും പല നാടുകളിലായിരുന്നു ഒളിവുജീവിതം. ഒപ്പം ഒരു സ്ത്രീ കൂട്ടിനുണ്ടാകും. മോഷണങ്ങളിലൂടെയുള്ള സമ്പത്തുമായി സ്ത്രീകള്‍ക്കൊപ്പമുള്ള ആന്റണിയുടെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നതാണ്.
കോടമ്പാക്കം സുന്ദരി മുതല്‍ സെയില്‍സ് ഗേള്‍ വരെ
adu-antony

ചെന്നൈ കോടമ്പാക്കത്തു സിനിമാ മോഹങ്ങളുമായി എത്തിയ സുന്ദരി മുതല്‍ കെട്ടുപ്രായം കഴിഞ്ഞ സെയില്‍സ് ഗേള്‍ വരെ ആടിന്റെ ഭാര്യമാരായി. ഇരുപതോളം ഭാര്യമാരെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ബിസിനസുകാരനായും കമ്പ്യൂട്ടര്‍ പ്രഫഷനലായും വേഷമിട്ട ആട് ആന്റണി ജാതിയും മതവും മാറ്റി കല്യാണച്ചെറുക്കനാകാനും വിരുതനാണ്.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഇയാള്‍ക്ക് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പോലീസിന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അതു സത്യമാണെന്നു തെളിഞ്ഞു. തമിഴ്‌നാട്ടിലാണ് കൂടുതല്‍ ഭാര്യമാരുള്ളത്. അപ്പാര്‍ട്ട്‌മെന്റും വീടും വാടകയ്‌ക്കെടുത്താണ് ഭാര്യമാരെ താമസിപ്പിക്കാറ്. ഒളിത്താവളങ്ങളില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്ത സ്ഥലങ്ങള്‍ ഇല്ലെന്ന് അന്വേഷണസംഘം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലും ചെന്നൈയിലും മുംബൈയിലും വിശാഖപട്ടണത്തുമൊക്ക ഒളിത്താവളങ്ങളില്‍ ഭാര്യമാര്‍ കൂടെയുണ്ടായിരുന്നു. പോലീസ്‌െ്രെ ഡവര്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോള്‍ സന്തതസഹചാരി സൂസനെ ഒപ്പം കൂട്ടിയിരുന്നു.
സ്ത്രീകളെ വശീകരിക്കാനും സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കാനുമുള്ള വഴിയായിരുന്നു ഓരോ കവര്‍ച്ചയും. ഒന്നിലധികം സ്ത്രീകളെ ഒരേ സമയം വീട്ടില്‍ പാര്‍പ്പിക്കുക ആന്റണിക്കു ശീലമാണ്. 2002ല്‍ അന്നത്തെ കൊല്ലം ഈസ്റ്റ് സി.ഐ: ടി.എഫ്. സേവ്യറും സംഘവും കോഴിക്കോട് എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍നിന്ന് ആന്റണിയെ പിടികൂടുമ്പോള്‍ അടുത്ത വിവാഹത്തിനു കുറിയടിച്ച് കാത്തിരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു ഭാര്യമാരില്‍ ഒരാള്‍ ഗര്‍ഭിണി. ജയില്‍മോചിതനായിട്ടും ശീലങ്ങള്‍ മറന്നില്ല. പത്തു വര്‍ഷത്തിനുശേഷം ഇയാളെ തേടി ഉള്ളൂരിലെ വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ അവിടെയുമുണ്ടായിരുന്നു രണ്ടു ഭാര്യമാര്‍. അതിലൊരാളും ഗര്‍ഭിണി.
ഒരു സ്ത്രീക്കൊപ്പം ഇയാള്‍ മൂന്നു മാസത്തില്‍ കൂടുതല്‍ താമസിക്കില്ല. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ ഭാര്യമാരില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശിനി ശ്രീകല (26) ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. ഭാര്യമാരിലൊരാളായ സൂസന്റെ മകളായിരുന്നു ശ്രീകല. പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ ആന്റണി സൂസനൊപ്പമാണു കഴിഞ്ഞിരുന്നത്. ആന്റണിയുടെ ഒളിത്താവളത്തില്‍ നിന്നാണ് ശ്രീകലയെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ കൊരട്ടി സ്വദേശിനി സോജയാണ് ഇയാളുടെ ഔദ്യോഗിക ഭാര്യ. കൊല്ലം നഗരത്തിലെ കോട്ടയ്ക്കകം വാര്‍ഡിലെ വാടകവീട്ടില്‍ അമ്മയ്‌ക്കൊപ്പം താമസിക്കുമ്പോഴായിരുന്നു വിവാഹം. ടേപ്പ് റിക്കോര്‍ഡര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി ചെറുകിട മോഷണങ്ങള്‍ക്കു ജാമ്യത്തില്‍ കഴിയുന്ന കാലം. വിവാഹ പരസ്യത്തിലൂടെയാണു സോജയെ പരിചയപ്പെട്ടത്. നാട്ടില്‍ ഇലക്‌ട്രോണിക് ഉപകരണ വിദഗ്ധനെന്നും ബന്ധുക്കള്‍ ഗള്‍ഫിലാണെന്നും പെണ്ണിന്റെ വീട്ടുകാരെ ധരിപ്പിച്ചു. തൃശൂരില്‍ നടന്ന വിവാഹത്തിനുമുണ്ടായിരുന്നു സവിശേഷതകള്‍. ബന്ധുക്കളെന്ന പേരില്‍ കൊല്ലത്തു നിന്നു കല്യാണത്തിനെത്തിയത് കോട്ടയ്ക്കകം വാര്‍ഡിനു സമീപം കെട്ടിട നിര്‍മാണത്തിനു തമ്പടിച്ചിരുന്ന പാറശാല സ്വദേശികള്‍.
മദ്യവും രണ്ടു ദിവസത്തെ പണിക്കൂലിയുമായിരുന്നു പ്രതിഫലം. കുണ്ടറ കുമ്പളത്തെ ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ അങ്ങനെ ആദ്യവിവാഹം കഴിഞ്ഞു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. കൊല്ലത്തുനിന്നു കോഴിക്കോട്ടേക്ക് ആന്റണി താവളം മാറ്റി. അധികം വൈകാതെ ഭാര്യമാര്‍ രണ്ടായി. 2002ല്‍ ഇയാള്‍ പോലീസ് പിടിയിലായതോടെ സോജ നിയമപരമായി ബന്ധം വേര്‍പെടുത്തി. മക്കള്‍ അമ്മയ്‌ക്കൊപ്പം കഴിയുന്നു. മക്കളെ തേടി ആന്റണി പിന്നീടൊരിക്കലും ആ വഴി ചെന്നിട്ടില്ല.
കോടമ്പാക്കത്ത് എത്തിയ പാലക്കാട് മലമ്പുഴ സ്വദേശിനി മായ എന്ന ബിന്ദു ആയിരുന്നു ആട് ആന്റണിയുടെ രണ്ടാമത്തെ ഇര. ആന്റണിയും സിനിമാക്കമ്പക്കാരനായിരുന്നു. മോഷണമുതല്‍ വിറ്റു കിട്ടുന്ന സമ്പാദ്യം കൊണ്ടു സീരിയല്‍ നിര്‍മാണവും അഭിനയവും ലക്ഷ്യമിട്ടിരുന്നു. ചെന്നൈയില്‍ തങ്ങുമ്പോഴാണ് ആന്റണിയെ ബിന്ദു പരിചയപ്പെട്ടതും ഇയാളുടെ ഗ്ലാമറില്‍ വശംവദയായതും.
ചെന്നൈയില്‍ കുറച്ചുകാലം ഒരുമിച്ചു കഴിഞ്ഞു. പിന്നീട് കോഴിക്കോട്ടെ വാടകവീട്ടില്‍ എത്തി സോജയെ കണ്ടപ്പോഴാണ് ആന്റണി വിവാഹിതനാണെന്ന് ബിന്ദു അറിഞ്ഞത്. ഭാര്യമാരെ പരസ്പരധാരണയിലെത്തിച്ച് ആന്റണി പ്രശ്‌നം പരിഹരിച്ചു. അതു പക്ഷേ ഏറെ നീണ്ടില്ല. സോജ ബന്ധം വേര്‍പെടുത്തി. ബിന്ദു ആറു മാസം
ഗര്‍ഭിണിയായിരിക്കെ ആന്റണി കൊല്ലം പോലീസിന്റെ പിടിയിലായി. ബിന്ദുവിനെ തേടി കൊല്ലം പോലീസ് പാലക്കാട്ട് എത്തിയെങ്കിലും പഴയ ജീവിതത്തെക്കുറിച്ച് ഓര്‍ക്കാന്‍ ബിന്ദു ഇഷ്ടപ്പെട്ടിരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss