|    Oct 23 Tue, 2018 11:34 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ആട്ടിയോടിക്കലിന്റെ പിന്നിലെ രാഷ്ട്രീയം

Published : 17th September 2017 | Posted By: mi.ptk

രാജ്യം ഒരിക്കല്‍ക്കൂടി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അനഭിമതമായിത്തീര്‍ന്നിരിക്കുന്നു. പീഡിത ജനതയ്ക്ക് അഭയം നല്‍കുന്ന ഇന്ത്യന്‍ പൈതൃകത്തെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി പണയംവയ്ക്കുകയാണു മോദി സര്‍ക്കാര്‍. ബുദ്ധരുടെയും ഭരണകൂടത്തിന്റെയും ക്രൂരതകള്‍ക്കിരയായി അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ പറഞ്ഞുവിടാന്‍ ഒരുങ്ങിയിരിക്കുകയാണു കേന്ദ്രം. തീര്‍ന്നില്ല, മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ആക്രമണത്തെ അപലപിക്കാന്‍പോലും വൈമനസ്യം കാട്ടി മുസ്‌ലിം വേട്ടയ്ക്ക് നിശ്ശബ്ദ പിന്തുണ നല്‍കി. മാനുഷിക പരിഗണനപോലും നല്‍കാതെയുള്ള ഇന്ത്യയുടെ നടപടിക്കെതിരേ യുഎന്‍ ശക്തമായ ഭാഷയിലാണു പ്രതികരിച്ചത്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വക്താക്കളാവേണ്ട അധികാരിവര്‍ഗത്തിന് എങ്ങനെയാണ് ആക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുക? ഔദ്യോഗിക വിവരപ്രകാരം 3.70 ലക്ഷം പേരാണ് യുഎന്‍ അഭയാര്‍ഥി ക്യാംപുകളിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിയെത്തിയത്. ആക്രമണങ്ങളെ അപലപിക്കാനും എതിര്‍ക്കാനും രാജ്യത്തിന് കെല്‍പില്ലാതെ പോയല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാനേ തരമുള്ളൂ. അഭയം തേടി രാജ്യത്തെത്തിയവരെ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരായി എന്ന ഒറ്റ കാരണത്താല്‍ ഭരണകൂടം വീണ്ടും രക്തദാഹികള്‍ക്കു മുമ്പിലേക്കു വലിച്ചെറിയുകയാണ്. യുഎന്‍ രക്ഷാസമിതിയില്‍ റോഹിന്‍ഗ്യന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ആവശ്യപ്പെട്ട ബ്രിട്ടന്‍, സ്വീഡന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യക്ക് പാഠമുള്‍ക്കൊള്ളാനുണ്ട്. രാജ്യത്തിന്റെ സുരക്ഷാഭീഷണി മാനിച്ചാണത്രേ അഭയാര്‍ഥികള്‍ക്കു നേരെ പടിയടയ്ക്കുന്നത്. ഭീകരസംഘടനകള്‍ ഇവരെ റിക്രൂട്ട് ചെയ്യാനിടയുണ്ടെന്നും അതു രാജ്യത്തിന്റെ ക്രമസമാധാന നില തകര്‍ക്കുമെന്നുമുള്ള കുരുട്ട് ന്യായവാദങ്ങള്‍ നിരത്തുന്നുണ്ട്. എന്നാല്‍, ഇഴകീറിയുള്ള അന്വേഷണം നടത്തിയിട്ടുപോലും ഇത്യാദി ഒരു കേസുപോലും റോഹിന്‍ഗ്യകളുടെ മേല്‍ ചുമത്തിയതായി കാണാന്‍ കഴിയുകയില്ല. ഇനി അങ്ങനെയൊക്കെയാണെന്നു സമ്മതിക്കുകയാണെങ്കില്‍ തന്നെ ഈ തീക്ഷണമായ സാഹചര്യത്തില്‍ എന്തിനവരെ മടക്കിയയക്കണം? എന്തിന് ഭീതിദമായ സാഹചര്യം ഇതിനായി തിരഞ്ഞെടുത്തു? അബലര്‍ക്കൊപ്പം നില്‍ക്കുക എന്ന രാജ്യത്തിന്റെ പൈതൃകം വലിച്ചെറിയുന്നത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. അപരരെ നിര്‍മിച്ച് അതിര്‍ത്തിയടയ്ക്കുക എന്നത് ഫാഷിസ്റ്റ് തന്ത്രമാണ്. എന്നാല്‍, ഈ രീതി പ്രയോഗവല്‍ക്കരിക്കുന്നതിന്റെ അടയാളമായി അഭയാര്‍ഥികളോടുള്ള രാജ്യത്തിന്റെ സമീപനത്തെ നിര്‍വചിക്കാനാവില്ല. നിയമവിരുദ്ധമാണെന്നും രാജ്യത്തിനു ഭീഷണിയാണെന്നുമുള്ള വാദമുയര്‍ത്തി റോഹിന്‍ഗ്യകളെ ആട്ടിയോടിക്കുന്ന അതേ കേന്ദ്രസര്‍ക്കാര്‍ തന്നെയാണല്ലോ ചക്മ-ഹാജോങ് അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യഗ്രത കാട്ടുന്നത്. എന്തൊരു വിരോധാഭാസമാണത്. സംസ്ഥാനത്തിന്റെ ജനസംഖ്യാ വിന്യാസത്തില്‍ മാറ്റം വരുത്തുമെന്നും അതു വികസനത്തിനും തദ്ദേശീയര്‍ക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും ഹേതുവായിത്തീരുമെന്നുമുള്ള ന്യായങ്ങള്‍ നിരത്തി സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുമ്പോള്‍ തന്നെയാണ് ഹിന്ദു-ബുദ്ധ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രം ശ്രമങ്ങള്‍ നടത്തുന്നത്. ഇതില്‍നിന്നു തന്നെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. യുഎന്നില്‍ രജിസ്റ്റര്‍ ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വസിക്കാനൊരിടം നല്‍കാതെ ആട്ടിയോടിക്കുകയും മറുവശത്ത് അനധികൃത കുടിയേറ്റക്കാരായ ചക്മ വിഭാഗത്തിന് പൗരത്വം നല്‍കാന്‍ തിരക്കുകൂട്ടുകയും ചെയ്യുന്നതിനെ എങ്ങനെയാണു നീതീകരിക്കാനാവുക?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss