|    Mar 24 Fri, 2017 11:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

‘ആടുജീവിത’ത്തിന് ലൊക്കേഷന്‍ തേടി ബ്ലസി ഖത്തറില്‍

Published : 24th September 2016 | Posted By: SMR

ദോഹ:  തന്റെ പുതിയ ചിത്രമായ  ആടുജീവിതത്തിന് ലൊക്കേഷന്‍ തേടി സംവിധായകന്‍ ബ്ലെസി ഖത്തറിലെത്തി. ആട് ജീവിതം എന്ന നോവലിലേതു പോലെ ഭീതിപ്പെടുത്തുന്ന വിസ്തൃതിയുള്ള മരുഭൂമി കണ്ടെത്തുകയാണ് ലക്ഷ്യം. ഖത്തറിലെ വിവിധ മരുപ്രദേശങ്ങള്‍ ഇതിനു വേണ്ടി സന്ദര്‍ശിച്ചെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ബ്ലസി പറഞ്ഞു.
ഐസിസിയിലെ മുംബൈ ഹാളില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ബ്ലസി തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചത്. സൗദിയിലെ പ്രവാസ ജീവിതത്തിനിടയില്‍ നജീബ് എന്നയാള്‍ക്കു നേരിടേണ്ടി വന്ന നടുക്കുന്ന അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ആട് ജീവിതം എന്ന നോവല്‍.
‘ആടുജീവിതം’ പോലെ ഇത്രയധികം വായിക്കപ്പെട്ട നോവല്‍ ദൃശ്യവല്‍ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. നോവല്‍ വായിച്ച ഒരോരുത്തരുടെയും മനസ്സില്‍ ഒരു ദൃശ്യം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഒരോ വായനക്കാരന്റെ മനസ്സിലും സൃഷ്ടിക്കപ്പെട്ട ബിംബം ഉടയ്ക്കുകയും അതിനു മുകളില്‍ ദൃശ്യപരമായ ഒരു ആസ്വാദനം നല്‍കുകയും ചെയ്യുക എന്നതാണു താന്‍ ലക്ഷ്യമിടുന്നതെന്ന് ബ്ലസി പറഞ്ഞു.
നോവലിന്റെ രചയിതാവ് ബെന്യാമിനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നജീബായി വേഷമിടുന്ന പൃഥ്വിരാജിന് കുറഞ്ഞത് 150 ദിവസത്തെ പ്രയത്‌നമെങ്കിലും ചിത്രത്തിനായി വേണ്ടി വരും.
പ്രവാസ ജീവിതത്തിനിടെ നജീബിനുണ്ടാകുന്ന രൂപമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഇതൊക്കെ സമയമെടുത്തു വേണം ചിത്രീകരിക്കാന്‍. നജീബുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
നജീബിന്റെ ശാരീരിക, മാനസിക മാറ്റങ്ങളെ കുറിച്ചു നോവലില്‍ കാര്യമായി പറയുന്നില്ല. സിനിമയില്‍ പക്ഷേ ഇതിനു പ്രാധാന്യമുണ്ട്. മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ അനുസരിച്ചാണ് അവന്റെ സ്വഭാവം മാറ്റപ്പെടുന്നത്. മൃഗങ്ങളോടൊത്തുള്ള നജീബിന്റെ ജീവിതത്തില്‍ ശരീരത്തില്‍ മാത്രമല്ല മനസ്സിനും മാറ്റം വരണം. ഇവ കൂടി ആവിഷ്‌കരിച്ചു നജീബിന്റെ കഥാപാത്രത്തിന് കൂടുതല്‍ സമഗ്രത നല്‍കുമെന്നും ബ്ലെസി പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ലക്ഷക്കണക്കിനാളുകള്‍ വായിക്കുകയും വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്ത നോവലാണ് ആടുജീവിതം. വിവിധ ഭാഷകളിലായി ബൃഹത്തായ ഒരു പദ്ധതിയാണ് ആലോചിക്കുന്നത്. വായിച്ചറിഞ്ഞതില്‍ നിന്നു വ്യത്യസ്തമായ ഒരാസ്വാദനം പ്രേക്ഷകന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഓണം മലയാളികളുടെ ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന ആഘോഷമാണെന്നും ബ്ലെസി ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ഓണം ഏതെങ്കിലും മതത്തിന്റെ ആഘോഷമായിട്ടല്ല മലയാളികള്‍ കാണുന്നതെന്നും അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 122 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക