|    Apr 27 Thu, 2017 10:23 pm
FLASH NEWS

ആടുകളെ കസ്റ്റഡിയിലെടുത്ത സംഭവം; പോലിസ് ഭീഷണിപ്പെടുത്തുന്നെന്ന് പരാതി

Published : 26th October 2016 | Posted By: SMR

കല്‍പ്പറ്റ: ആടുകളെ കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ തുടര്‍ച്ചയായി ഷാജഹാന്റെ ബന്ധുക്കളെ സുല്‍ത്താന്‍ ബത്തേരി പോലിസ് വീടുകയറി ഭീഷണിപ്പെടുത്തുന്നതായി മാതാവ് സഫിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിസാര്‍ അമ്മംകുളം എന്ന വ്യക്തിയില്‍ നിന്ന് 5,60,000 രൂപ പലിശയ്‌ക്കെടുത്താണ് മകന്‍ പാരക്കപറ ഷാജഹാന്‍ ആടുകച്ചവടം തുടങ്ങിയത്. കരാര്‍ പ്രകാരം എട്ടു ശതമാനം പലിശയിനത്തിയില്‍ 47,000 രൂപ നിസാറിന് നല്‍കുകയും ചെയ്തു. അതിനിടയ്ക്ക് ഉത്തരേന്ത്യയില്‍ നിന്ന് ആടുകളെ കൊണ്ടുവരവെ വാഹനാപകടത്തില്‍ മുഴുവന്‍ ആടുകളും ചത്തുപോയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം പലിശയടവ് മുടങ്ങിയിരുന്നു. ഇതോടെ നിസാര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പണം ഉടന്‍ തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ വീടും സ്ഥലവും നിസാറിന് എഴുതിക്കൊടുക്കണമെന്നും സുല്‍ത്താന്‍ ബത്തേരി എസ്‌ഐ ബിജു ആന്റണി വീട്ടുകാരെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇല്ലെങ്കില്‍ ഷാജഹാനെതിരേ കള്ളക്കേസ് ചുമത്തുമെന്നു ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കിയതായി സഫിയ പറഞ്ഞു. ഇതിനിടെ, തൃശൂരിലെ സുഹൃത്ത് സജീറിന്റെ ഫാമിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് ആടുകളെ കൊണ്ടുവരുന്ന വഴി വാഹനവും ഷാജഹാനെയും മുത്തങ്ങയ്ക്കടുത്ത് വച്ച് നിസാറും സംഘവും പിടികൂടുകയും അയാളുടെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സജീറിന്റെ സുഹൃത്തുക്കളത്തെി നിസാറില്‍ നിന്ന് ആടുകളെ മോചിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുപോകവെ വഴിക്കുവച്ച് എസ്‌ഐയും സംഘവും ആടുകളെ കയറ്റിയ വാഹനം കസ്റ്റഡിയിലെടുത്തു. ആടുകള്‍ തങ്ങളുടേതാണെന്നു കാണിച്ച് രേഖകളുമായത്തെിയ സജീറിന്റെ ബന്ധുക്കളെയും എസ്‌ഐ ഭീഷണിപ്പെടുത്തി. എന്നിട്ട് ഉടമസ്ഥന്‍ ഇല്ലെന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആടുകളെ ലേലം ചെയ്യാന്‍ അനുമതി വാങ്ങി പത്രങ്ങളില്‍ പരസ്യം നല്‍കുകയായിരുന്നു. എന്നാല്‍, സജീറിന്റെ ബന്ധുക്കള്‍ ജില്ലാ കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആടുകളെ വിട്ടുകിട്ടി. ഈ സംഭവത്തിനു ശേഷം പോലിസിന്റെ നിരന്തരമുള്ള ഭീഷണിക്കു വിധേയമാവേണ്ടിവന്നു. നിത്യവും രാപ്പകല്‍ വ്യത്യാസമില്ലാതെ വീട്ടിലെത്തുന്ന പോലിസ് അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും സഫിയ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സഹോദരി റഷീന, ഖദീജ എന്നിവരും സംബന്ധിച്ചു. അതേസമയം, ഷാജഹാനെതിരേ കേസെടുത്തിട്ടുണ്ടെന്നും നടപടിയുടെ ഭാഗമായാണ് വീട് കയറിയിറങ്ങുന്നതെന്നും സുല്‍ത്താന്‍ ബത്തേരി എസ്‌ഐ ബിജു ആന്റണി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day