|    Jun 22 Fri, 2018 7:10 am
FLASH NEWS

ആടില്‍ തുടക്കം; കൊലപാതകത്തോടെ അഴിക്കുള്ളില്‍

Published : 28th July 2016 | Posted By: SMR

കൊല്ലം: ആടില്‍ തുടങ്ങി ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ മോഷണത്തിലെത്തിയ ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണിയുടെ ജീവിതം സിനിമാ കഥകളെ വെല്ലുന്നതാണ്.
കൊല്ലം ജില്ലയിലെ കുമ്പളത്ത് ആടു മോഷണത്തിലൂടെയാണ് ആന്റണി മോഷണം ആരംഭിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ നിന്ന് പുലര്‍ച്ചെ  ആടുകളെ മോഷ്ടിച്ച് ചന്തയില്‍ കൊണ്ടുപോയി വിറ്റ് കാശുണ്ടാക്കും. ഇങ്ങനെ മോഷണം നടത്തി ജീവിക്കുന്നതിനിടെയാണ് ഇയാള്‍ ആദ്യ വിവാഹം നടത്തിയത്. തൃശൂര്‍ സ്വദേശിനി സോജയായിരുന്നു വധു. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കാരനാണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു വിവാഹം. ഒരിക്കല്‍ ആട് മോഷണത്തിനിടെ പിടിക്കപ്പെട്ടതോടെയാണ് ആന്റണി വര്‍ഗീസിന് ആട് ആന്റണിയെന്ന പേര് വീണത്. നാട്ടുകാര്‍ മോഷണ രഹസ്യം മനസ്സിലാക്കിയതോടെ പിന്നീട് നാട്ടില്‍ നിന്നില്ല. നാടുമാറി മറ്റ് മോഷണങ്ങളിലേക്ക് തിരിഞ്ഞു.
കൊല്ലം ജില്ലയിലെ കുണ്ടറ, പടപ്പക്കര മേഖലകളിലെ അറിയപ്പെടുന്ന മോഷ്ടാവ് ക്യാപ്റ്റന്‍ ജോസായിരുന്നു ആന്റണിയുടെ ഹീറോ. ആടുകളെ മോഷ്ടിച്ച് ചന്തകളില്‍ വില്‍ക്കുന്നതു നാട്ടില്‍ പാട്ടായതോടെ അവിടെനിന്നു മുങ്ങി. ടേപ് റിക്കോര്‍ഡര്‍, മൈക്ക് എന്നിവയിലാണു പിന്നീടു കൈവച്ചത്. അതിനു പിടിയിലായി പുറത്തിറങ്ങിയ ശേഷം കംപ്യൂട്ടറുകളും ഗൃഹോപകരണങ്ങളും മോഷ്ടിക്കാന്‍ തുടങ്ങി. പലയിടത്തും വാടകയ്‌ക്കെടുത്ത വീടുകളില്‍ മോഷ്ടിച്ച ഗൃഹോപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതു കണ്ടാല്‍ വന്‍ ഹോം അപ്ലയന്‍സസ് ഷോറൂമാണെന്നു തോന്നും. പത്തനംതിട്ടയിലെ വാര്യാപുരത്ത് ഇങ്ങനെയൊരു ഷോറൂം ആട് ആന്റണി ഒരുക്കിയിരുന്നു.
കൊല്ലത്ത് നിന്നും നാടുവിട്ട ആന്റണിക്ക് കോഴിക്കോടായിരുന്നു അടുത്ത താവളം. മോഷണത്തില്‍ ഇലക്ടോണിക്‌സ് സാധനങ്ങളായിരുന്നു കമ്പം. ഓരോ മോഷണത്തിലും വ്യത്യസ്ഥ രീതികള്‍ അവലംബിച്ചതോടെ പോലിസും തുമ്പില്ലാതെ കുഴങ്ങി. ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും അവിടങ്ങളിലെല്ലാം ഭാര്യമാരെ ഉണ്ടാക്കുന്നതില്‍ വിരുതനായിരുന്നു ആന്റണി.
മോഷണം നടത്തി അധില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് ആര്‍ഭാടപരമായ ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ആട് ആന്റണി ഇലക്ട്രോണിക്‌സ് സാധനങ്ങളോടുള്ള കമ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്ന ചെന്നൈ മടവാരം ചന്ദ്രപ്രഭു കോളനിയിലെ ഫഌറ്റില്‍ 2012 ജൂലൈയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ വ്യക്തമായത്. കംപ്യൂട്ടറുകളുടെയും ഗൃഹോപകരണങ്ങളുടെയും വന്‍ ശേഖരമാണ് ഇവിടെ നിന്നും പോലിസ് കണ്ടെടുത്തത്.
10 സി.പി.യു, 10 യു.പി.എസ്, നാല് ലാപ്‌ടോപ്പുകള്‍, മൂന്ന് കംപ്യൂട്ടര്‍ മോണിറ്ററുകള്‍, 15 ഹാര്‍ഡ് ഡിസ്‌കുകള്‍ അടക്കം 324 ഇനം സാധനങ്ങളാണ് ഫഌറ്റില്‍ നിന്ന് കണ്ടെടുത്തത്. ഒമ്പത് എല്‍.സി.ഡി ടി.വികളും കൂട്ടത്തിലുണ്ട്. ഇവയില്‍ ഒരെണ്ണം ഒരുലക്ഷത്തിലധികം രൂപ വിലയുള്ളതാണ്. വാഷിങ് മെഷീനുകള്‍, എയര്‍ കണ്ടീഷനറുകള്‍, ഫര്‍ണീച്ചറുകള്‍, സ്റ്റീല്‍ അലമാരകള്‍, മുന്തിയ ഇനം ആഭരണപ്പെട്ടികള്‍, മ്യൂസിക് സിസ്റ്റം എന്നിവയും തൊണ്ടിമുതലുകളിലുണ്ട്.
ട്രോളി ബാഗുകള്‍, അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍, രണ്ടുലക്ഷത്തിലധികം വിലവരുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍, എട്ടടിയോളം ഉയരമുള്ള ആറ് നിലവിളക്കുകള്‍, ചെറുതും വലുതുമായ കുറെയധികം നിലവിളക്കുകള്‍, ഒരുലക്ഷത്തിലധികം വിലയുള്ള റാഡോ വാച്ച്, മറ്റ് മുന്തിയ ഇനം വാച്ചുകള്‍, ചെമ്പില്‍ നിര്‍മിച്ച ഗൃഹോപകരണങ്ങള്‍,  നിരവധി ചെറുതും വലുതുമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും.
ചെന്നൈയില്‍ നിന്ന് ലോറിയില്‍ കൊല്ലത്തെത്തിച്ച ഈ സാധനങ്ങള്‍ സൂക്ഷിക്കാന്‍ കൊല്ലം കമ്മീഷണര്‍ ഓഫിസിന് സമീപത്തെ പാസ്‌പോര്‍ട്ട് സെല്ലിലെ ഒരു വലിയ മുറി തന്നെ ഒഴിപ്പിക്കേണ്ടി വന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss