|    Oct 20 Sat, 2018 5:18 am
FLASH NEWS

ആഞ്ഞിലിക്കുഴി ആറ് പുനരുജ്ജീവനത്തിന് നടപടിയില്ല

Published : 13th September 2017 | Posted By: fsq

 

പത്തനംതിട്ട: പായല്‍ മൂടിയും മാലിന്യം അടിഞ്ഞും ഒഴുക്ക് നിലച്ച കണ്ണീര്‍ച്ചാലായി മാറിയ കുറ്റൂറിലെ ആഞ്ഞിലിക്കുഴി ആറും പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്്തമാവുന്നു. പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറന്‍ ഭാഗത്ത് 12,13,14 വാര്‍ഡുകളിലൂടെ ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രദേശമായ നന്നാടിലേക്കാണ് ഒഴുക്ക്. വരട്ടാറിന്റെ കൈത്തോടുകളും ആഞ്ഞിലിക്കുഴിയിലേക്ക് എത്തുന്നുണ്ട്. മധുരംപുഴയാറിന്റെ കൈവഴിയായ ചേരിക്കല്‍ തോട് ഏറ്റുകടവില്‍ വച്ച് ആഞ്ഞിലിക്കുഴിയില്‍ ചേരുന്നു. ഇവിടെയാണ് തുടക്കം. തുടര്‍ന്ന് പോത്തളത്ത്, കയ്യാലക്കകത്ത്, കോഴിയാപുഞ്ചയി ല്‍, കോളഭാഗം, ഇലഞ്ഞിമൂട്ടില്‍ തെക്ക് എന്നിവിടങ്ങള്‍ വഴി ഈരടിച്ചിറ പുത്തന്‍തോട്ടിലെത്തി മണിമലയാറില്‍ ജലപ്രവാഹം ചേരുന്നു. കണ്ണട്ട നിറഞ്ഞ തുരുത്തുകള്‍ ഒഴുക്കുനിലച്ച ആറ്റിലുണ്ട്. പായലും മാലിന്യവും ചേര്‍ന്നളിഞ്ഞ് പലയിടത്തും ദുര്‍ഗന്ധം ഉയരുന്നു. 30 മീറ്റര്‍ വരെ വീതി ഉണ്ടായിരുന്ന നദിയുടെ പലഭാഗങ്ങളും കൈയേറപ്പെട്ടു. കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ പൂരിത ഓക്‌സിജന്റെ അളവില്‍ വന്‍ കുറവ് കണ്ടെത്തിയിരുന്നു. ഇ-കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്റെ പത്തിരട്ടിയായും കണ്ടെത്തി. പഠനം സ്ഥിരീകരിക്കാന്‍ ആഞ്ഞിലിക്കുഴിയിലെ ജലം സര്‍ക്കാര്‍ ലാബുകളിലേക്കയച്ച് പരിശോധിക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. തീരവാസികള്‍ ഇപ്പോഴും ഈ മലിന ജലത്തെ ആശ്രയിക്കേണ്ടിവരുന്നു. മണിമലയാറും ആഞ്ഞിലിക്കുഴിയാറും തമ്മില്‍ ചേരുന്ന ഭാഗത്തെ ഈരടിച്ചിറയില്‍ പുതിയ പാലം വന്നതോടെയാണ് ഒഴുക്കിന് തടസമുണ്ടായതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പാലത്തിന്റെ അടിത്തറ ഉയര്‍ന്നു നില്‍ക്കുകയാണ്. മാലിന്യം ഒഴുകിപ്പോകുന്നതിനും ഇത് തടസമാവുന്നു. മേഖലയിലെ കരിമ്പുകൃഷി നിലയ്ക്കാന്‍ ആഞ്ഞിലിക്കുഴിയിലെ ജലസമൃദ്ധി കുറഞ്ഞതും കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. 2009 മുതല്‍ 2015 വരെ 10 ലക്ഷത്തോളം രൂപ വിവിധ ഘട്ടങ്ങളിലായി ആറ്റിലെ പോള നീക്കാന്‍ ചെലവിട്ടു. പോളയില്ലാത്ത ഒരിടംപോലും ഇല്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പോള നീക്കുമ്പോള്‍ തുക ലഭിച്ച വാര്‍ഡുകളുടെ അതിരില്‍ പണി നിര്‍ത്തുകയെന്നതാണ് രീതി. രണ്ട് ജില്ലകളിലുമായി ഒരുമിച്ച് പണി നടക്കാറില്ലാത്തതിനാല്‍ മുടക്കിയ പത്തുലക്ഷം പാഴാവുകയായിരുന്നു. 10 മീറ്ററോളം ആഴമുളള ആറ്റില്‍ ചെളിയാണ് അധികവും. ഇത് നീക്കാതെ നടത്തുന്ന പണികളൊന്നും ഫലം കാണില്ല. വരട്ടാറുമായി ബന്ധപ്പെട്ട പ്രധാന ജലപ്രവാഹം എന്ന നിലയില്‍ ആഞ്ഞിലിക്കുഴിയിലും പുനരുദ്ധാരണം നടക്കുമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ പ്രതീക്ഷ. വരട്ടാറിന് ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ആഞ്ഞിലിക്കുഴിയേയും പരിഗണിക്കണമെന്ന പ്രമേയം പഞ്ചായത്ത് കമ്മിറ്റി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഗ്രാമസഭകള്‍ വിളിച്ച് ജനകീയ കൂട്ടായ്മ ഉണ്ടാക്കുവാനും പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വരട്ടാറിനും കോലയാറിനും പിന്നാലെകുറ്റൂരിലെ ആഞ്ഞിലിക്കുഴി ആറും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍. രണ്ട് ജില്ലകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങളാണ് ആറിന്റെ ഇരുകരയിലുമായി താമസിക്കുന്നത്. മൂന്നുകിലോമീറ്റര്‍ ദൂരമുള്ള നദിയുടെ കരകളിലാണ് തെങ്ങേലി ലക്ഷം വീട് കോളനി, പുതുവല്‍ ഹരിജന്‍ കോളനി തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍.  40 വര്‍ഷം മുമ്പ് ഇതുവഴി ബോട്ടുകള്‍ പോയിരുന്നതായി പഴയ തലമുറ ഓര്‍ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss