|    Oct 23 Tue, 2018 5:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആഞ്ഞടിച്ച് ‘ഓഖി’: 8 മരണം

Published : 1st December 2017 | Posted By: kasim kzm

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ്. ശക്തമായ മഴയിലും ചുഴലിക്കാറ്റിലും കേരളത്തിലും തമിഴ്‌നാട്ടിലും നാലുപേര്‍ വീതം മരിച്ചു. തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതിക്കമ്പി പൊട്ടിവീണ് ദമ്പതികളായ തുരുമ്പാട് തടത്തരികത്ത് അപ്പുനാടാര്‍ (73), സുമതി (68) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മേല്‍ മരം വീണ് ഡ്രൈവര്‍ കുളത്തൂപ്പുഴ സ്വദേശി വിഷ്ണു(40)വും വിഴിഞ്ഞത്ത് മരം കടപുഴകിവീണ് അല്‍ഫോണ്‍സാമ്മ(65)യുമാണ് മരിച്ചത്. അതേസമയം, കൊല്ലം കഴുതുരുട്ടിയില്‍ മരം വീണ് ഗുരുതരമായി പരിക്കേറ്റ പുത്തന്‍വീട്ടില്‍ രാജീവി(40)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയില്‍ കടലില്‍ രൂപപ്പെട്ട ‘ഓഖി’ ചുഴലിക്കാറ്റാണ് ശക്തമായ മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് രണ്ടു ദിവസം അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.കാറ്റിലും മഴയിലും ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം അമ്പൂരി വനമേഖലയില്‍ ഉരുള്‍പൊട്ടി. ഇതോടെ നെയ്യാര്‍ ഡാമിന്റെ പരമാവധി ജലസംഭരണശേഷിയായ 84.75 മീറ്ററിനു മുകളില്‍ ജലനിരപ്പുയര്‍ന്നു. തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടു. കനത്ത മഴയില്‍ പാറശ്ശാലയിലെ ഉപജില്ലാ കലോല്‍സവ വേദികള്‍ മൂന്നെണ്ണം തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ കന്യാകുമാരി ഭാഗത്തേക്കുള്ള നാലു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 11ഓളം ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തി. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നലെ ഉച്ച മുതല്‍ അവധി നല്‍കി.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളില്‍ വൈകീട്ട് ആറു മുതല്‍ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ മല കയറാന്‍ കാനനപാത ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. പൊന്‍മുടിയിലും ബീച്ചുകളിലും അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും നിരോധിച്ചു. തെക്കന്‍ ജില്ലകളില്‍  മരം വീണും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നൂറുകണക്കിന് വാഹനങ്ങളാണ് തകര്‍ന്നത്. അതേസമയം, കേരളതീരത്ത് സുനാമി മുന്നറിയിപ്പില്ല. ഇത്തരത്തില്‍ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നു നടക്കാനിരുന്ന യുഡിഎഫിന്റെ പടയൊരുക്കം യാത്രയുടെ സമാപനം മാറ്റിവച്ചു. രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന സമ്മേളനം ശംഖുമുഖത്താണ് നടക്കേണ്ടിയിരുന്നത്.കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അച്ചന്‍കോവിലില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ആദിവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ടു. അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കല്ലടയാറ് കരകവിയാനുള്ള സാധ്യതയുണ്ടെന്നും സൂചന. തെന്മല പരപ്പാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് ഡാം തുറന്നുവിട്ടു. ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കിലാണ് കൂടുതല്‍ നാശമുണ്ടായത്. കാറ്റില്‍ നൂറിലധികം വീടുകള്‍ക്കു കേടുപാടുണ്ടായി. അഞ്ചു വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്. ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഒരു കിലോമീറ്ററോളം ഉള്‍വലിഞ്ഞത്. പോലിസ് കടപ്പുറത്തെത്തി സഞ്ചാരികളെ ഒഴിപ്പിച്ചു. അതിനിടെ, എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. ആവശ്യമുള്ളിടത്ത് കോസ്റ്റ്ഗാര്‍ഡിന്റെയും നാവിക-വ്യോമസേനകളുടെയും സഹായം തേടണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കണം.  നാവികസേനയുടെ കോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനവും കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ വായുസേനയുടെ സഹായവും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍ മാത്രം 250 മൊബൈല്‍ ടവറുകള്‍ തകര്‍ന്നു. തിരുവനന്തപുരത്തു നിന്ന് അയച്ച 70 അംഗ ദുരന്തനിവാരണ സേന കന്യാകുമാരിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ശ്രീലങ്കയില്‍ ഏഴുപേര്‍ മരിച്ചു. 23 പേരെ കാണാതായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss