|    Dec 11 Tue, 2018 6:45 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ആചാരകേരളത്തിന്റെ തിരിച്ചുവരവ്

Published : 5th December 2018 | Posted By: kasim kzm

ജെ രഘു

ആധുനിക കേരളത്തിന്റെ നവോത്ഥാന പൈതൃകവും ശക്തമായ ഇടതുപക്ഷ സാന്നിധ്യവും മൂലം ബിജെപിക്ക് ഇവിടെ ഗണ്യമായ സ്വാധീനമുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 2016ലെ തിരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ട് ലഭിച്ചെങ്കില്‍പ്പോലും കേരളത്തില്‍ അധികാരം പിടിക്കുകയെന്നത് വിദൂര യാഥാര്‍ഥ്യം മാത്രമാണ്. കേരളത്തിലെ ജനസംഖ്യയുടെ 55 ശതമാനം വരുന്ന ഹിന്ദുക്കളില്‍ 15 ശതമാനത്തില്‍ താഴെയാണ് സവര്‍ണരുടെ സംഖ്യാബലം. ഹിന്ദുക്കളില്‍ 85 ശതമാനവും അവര്‍ണരാണ് എന്ന വസ്തുതയുടെ രാഷ്ട്രീയധ്വനികള്‍ എന്തൊക്കെയാണ്? അവരുടെ സമീപ ഭൂതകാലസ്മൃതികള്‍ അവരെ ഓര്‍മിപ്പിക്കുന്നത് എന്താണ്? തങ്ങളെ പൊതുവഴികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും സര്‍ക്കാരുദ്യോഗങ്ങളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും ആട്ടിപ്പായിച്ചവരുടെ/അവരുടെ ആത്മാഭിമാനത്തെ അയിത്താചാരങ്ങള്‍കൊണ്ട് മുറിവേല്‍പ്പിച്ചവരുടെ/സ്വാതന്ത്ര്യവും സമത്വവും അവര്‍ക്കു നിഷേധിച്ച ‘ആചാരകേരള’ത്തിന്റെ ജാതിവാസനകള്‍ പേറുന്നവരാണ് ഈ സവര്‍ണ ന്യൂനപക്ഷം.
നിശ്ശബ്ദരും ബഹിഷ്‌കൃതരുമാക്കപ്പെടുന്ന മനുഷ്യരെ ഒന്നിപ്പിക്കുന്നത് മരണത്തിനും അടിമത്തത്തിനും അപമാനത്തിനുമെതിരായ പ്രതിരോധങ്ങളാണെന്നാണ് ഫ്രഞ്ച് ചിന്തകനായ ദെല്യൂസ് സിദ്ധാന്തിച്ചത്. കേരളത്തിലെ ബഹിഷ്‌കൃത മനുഷ്യര്‍ മരണത്തിനും അടിമത്തത്തിനും അപമാനത്തിനുമെതിരേ കഴിഞ്ഞ നൂറ്റാണ്ടില്‍ നടത്തിയ പ്രതിരോധങ്ങളില്‍ അന്നത്തെ സവര്‍ണരുടെ പങ്ക് എന്തായിരുന്നു. വിരലിലെണ്ണാവുന്ന ചില ഉല്‍പതിഷ്ണുക്കളെ ഒഴിച്ചുനിര്‍ത്തിയാല്‍, കേരളത്തില്‍ എവിടെയും അവര്‍ണ പ്രതിരോധങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമായിരുന്നു സവര്‍ണരുടേത്. ആധുനിക കേരള നിര്‍മിതിയെ സാധ്യമാക്കിയ നവോത്ഥാന പ്രതിരോധചരിത്രത്തില്‍ രണ്ടു ധ്രുവങ്ങളിലായിരുന്ന സവര്‍ണര്‍ക്കും അവര്‍ണര്‍ക്കുമിടയില്‍ പൊതുവായ ഘടകങ്ങളൊന്നുമുണ്ടായിരുന്നില്ല. അടിമത്തത്തിനും അപമാനത്തിനുമെതിരേ നവോത്ഥാന പ്രതിരോധം തീര്‍ത്ത ബഹിഷ്‌കൃത മനുഷ്യര്‍ക്കു മാത്രമേ പരസ്പരം ഒന്നിക്കാനും ആശ്ലേഷിക്കാനും കഴിയൂ. അയിത്തത്തിന്റെ ഇരകളായിരുന്ന ഈഴവരും പുലയരും ഇതര അധഃസ്ഥിതവിഭാഗങ്ങള്‍ക്കുമിടയിലാണ് സവര്‍ണാധിപത്യത്തിനെതിരായ ഐക്യദാര്‍ഢ്യം രൂപംകൊണ്ടത്. 85 ശതമാനം അവര്‍ണരും 15 ശതമാനം സവര്‍ണരും ചേര്‍ന്നാല്‍ 55 ശതമാനം ‘ഹിന്ദുക്കളാ’ണെന്ന കണക്കിന് സെന്‍സസ് റിപോര്‍ട്ടില്‍ മാത്രമേ പ്രസക്തിയുള്ളൂ. യഥാര്‍ഥ സാമൂഹിക ജീവിതത്തില്‍ ധ്രുവങ്ങളുടെ അകലമുള്ള 85 ശതമാനം അവര്‍ണര്‍ക്കും 15 ശതമാനം സവര്‍ണര്‍ക്കും ഒരിക്കലും ഒന്നിച്ച് ഒരു ‘ഹിന്ദു’ ആവാനാവില്ല. അഥവാ വിശ്വാസത്തിന്റെയും ഭക്തിയുടെയും മായക്കാഴ്ചകളില്‍ ഭ്രമിച്ച് സവര്‍ണരുമായി ഒരുമിച്ച് ‘ഹിന്ദു’വായി മാറുന്ന അവര്‍ണര്‍ സ്വന്തം കഴുത്തില്‍ വീഴാനുള്ള തൂക്കുകയര്‍ സ്വയം എടുത്തണിയുകയായിരിക്കും ചെയ്യുന്നത്. ഉത്തരേന്ത്യയില്‍ സമീപകാലത്ത് ബിജെപിക്കു ലഭിച്ച അവര്‍ണ പിന്തുണ അതാണു തെളിയിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയരാഷ്ട്രീയത്തിന്റെ ജനസമ്മതി എത്രത്തോളം വര്‍ധിച്ചുവോ, ദലിതര്‍ക്കെതിരായ സവര്‍ണ മര്‍ദനം അത്രത്തോളം കൂടുകയാണുണ്ടായിട്ടുള്ളത്. ഹിന്ദുത്വത്തിന്റെ തെരുവുജാഥകളില്‍ സവര്‍ണര്‍ക്കൊപ്പം മാര്‍ച്ച് ചെയ്യുന്ന ദലിതര്‍, പോളിങ് ബൂത്തുകളില്‍ സവര്‍ണര്‍ക്കൊപ്പം ബിജെപിക്ക് വോട്ടുചെയ്യുന്ന ദലിതര്‍ മനുഷ്യസമത്വത്തെക്കുറിച്ചു ചിന്തിക്കുകയും സവര്‍ണരോട് തുല്യതയോടെ പെരുമാറുകയും ചെയ്യുക സ്വാഭാവികമാണ്. ഇക്കാലമത്രയും തങ്ങള്‍ക്കു മുമ്പില്‍ തലകുനിച്ച് ഒച്ചാനിച്ചുനിന്നിരുന്നവരുടെ ധിക്കാരം സവര്‍ണര്‍ക്ക് പൊറുക്കാനാവില്ല. സമീപകാലത്ത് ഉത്തരേന്ത്യയില്‍ ദലിതര്‍ക്കെതിരായ സവര്‍ണവേട്ട വ്യാപകമാവുന്നതിന്റെ കാരണം ഇതാണ്. സ്വന്തം വ്യതിരിക്ത സമുദായസ്വത്വങ്ങള്‍ വിസ്മരിക്കുകയും ‘ഹിന്ദു’ എന്ന സ്വത്വമുദ്ര സ്വീകരിക്കുകയും ചെയ്തതിന് ദലിതര്‍ നല്‍കിക്കൊണ്ടിരിക്കുന്ന വിലയാണിത്.
കഴിഞ്ഞ നാലഞ്ച് ദശാബ്ദങ്ങളായി അമ്പലപ്പറമ്പുകളിലും കോവിലകങ്ങളിലും ആര്‍എസ്എസ് ശാഖകളിലും ഒതുങ്ങിയിരുന്ന ‘ഹിന്ദു’ പൊതുരാഷ്ട്രീയവേദിയിലേക്കു കടക്കുന്നത് സമീപകാലത്തു മാത്രമാണ്. ‘ഹിന്ദു’വിന്റെ അധിനിവേശം നമ്മുടെ മതേതര രാഷ്ട്രീയത്തെയാകെ മലിനമാക്കിയിരിക്കുകയാണ്. മതേതര മുദ്രാവാക്യങ്ങളും മനുഷ്യസമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംഘഗാനങ്ങളുംകൊണ്ട് മുഖരിതമായിരുന്ന നമ്മുടെ പൊതുരാഷ്ട്രീയമണ്ഡലത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ശരണം വിളികളും നാമജപങ്ങളുമാണ്. അവകാശസമരങ്ങളുടെ വിപ്ലവജ്വാലകള്‍കൊണ്ട് പ്രകമ്പനംകൊണ്ട തെരുവുകളില്‍ ഇപ്പോള്‍ നാം കാണുന്നത് നാമജപഘോഷയാത്രകളാണ്. നമ്മുടെ നവോത്ഥാനമുന്നേറ്റം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞ മതചിഹ്നങ്ങളെയും ബിംബങ്ങളെയും പദാവലികളെയുമാണ് ‘ഹിന്ദു’രാഷ്ട്രീയം പ്രത്യാനയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മതങ്ങളിലുംപെട്ട മനുഷ്യരുടെ മതേതരാവശ്യങ്ങളുടെ പ്രകാശനവേദിയായിരുന്ന ‘രാഷ്ട്രീയ പൊതുമണ്ഡല’ത്തെ ഹിന്ദുവിന്റെ ‘വിശ്വാസമണ്ഡല’മാക്കി മാറ്റുമ്പോള്‍, ക്രിസ്ത്യന്‍-മുസ്‌ലിം ന്യൂനപക്ഷങ്ങളാണ് രാഷ്ട്രീയത്തില്‍ നിന്നു ബഹിഷ്‌കൃതരാവുന്നത്. രാഷ്ട്രീയവേദികള്‍ നാമജപവേദികളാവുമ്പോള്‍, ന്യൂനപക്ഷങ്ങളുടെ മതേതരമായ അസ്തിത്വമാണ് ചോദ്യംചെയ്യപ്പെടുന്നത്.
ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായിട്ടാണ് നാരായണഗുരു ക്ഷേത്രത്തെ വിഭാവനം ചെയ്തത്. പഴകിയ വിശ്വാസാചാരങ്ങളുടെ നിഴല്‍ വീണു മങ്ങിയ ക്ഷേത്രങ്ങളുടെ സ്ഥാനത്ത്, എല്ലാ മനുഷ്യര്‍ക്കും ഒന്നിച്ചുചേരാനും മനുഷ്യസമത്വത്തിന്റെ പെരുമ്പറ മുഴക്കാനും കഴിയുന്ന മതേതരവേദികളായിരുന്നു നാരായണഗുരുവിന്റെ ക്ഷേത്രങ്ങള്‍. പുരോഹിതരെയും സ്ഥിരമായ ആചാരക്രമങ്ങളെയും പാരമ്പര്യ ദൈവങ്ങളെയും പുറത്താക്കിയ നാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ആര്‍ക്കും വെടിപ്പോടെ പൂജ ചെയ്യാമെന്ന വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. ക്ഷേത്രമുറ്റത്തു തന്നെ വായനശാലകളും കളിസ്ഥലങ്ങളും വിനോദകേന്ദ്രങ്ങളും നിര്‍മിക്കണമെന്നു നിര്‍ദേശിച്ച നാരായണഗുരു, സവര്‍ണരുടെ പരമ്പരാഗതമായ ഈശ്വര-ക്ഷേത്ര സങ്കല്‍പങ്ങളെയും ആചാരവിശ്വാസങ്ങളെയുമാണ് അട്ടിമറിച്ചത്. സവര്‍ണര്‍ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രങ്ങളെയും ബ്രാഹ്മണരുടെ കുത്തകയായിരുന്ന പൂജയെയും ബഹിഷ്‌കരിച്ച നാരായണഗുരു, സാധാരണ മനുഷ്യരുടെ വിശ്വാസത്തെ ആധുനികമാക്കുകയാണു ചെയ്തത്. മാറുന്ന സാമൂഹികജീവിതത്തിനൊപ്പം മാറേണ്ടതാണ് വിശ്വാസവും എന്ന നവഭാവുകത്വമാണ് നാരായണഗുരുവിലൂടെ വിളംബരം ചെയ്യപ്പെട്ടത്. ‘സനാതനവിശ്വാസ’മെന്ന സവര്‍ണസങ്കല്‍പത്തെ നിരാകരിച്ച നാരായണഗുരു ‘പരിവര്‍ത്തനോന്‍മുഖമായ വിശ്വാസ’മെന്ന ആധുനിക സങ്കല്‍പമാണ് മലയാളികള്‍ക്കു നല്‍കിയത്. മനുഷ്യശരീരങ്ങളെ ‘ശുദ്ധ’മെന്നും ‘അശുദ്ധ’മെന്നും വേര്‍തിരിക്കുകയും അവര്‍ക്കിടയില്‍ അയിത്തം കല്‍പിക്കുകയും സാഹോദര്യബന്ധങ്ങളില്‍ ഏര്‍പ്പെടാനാവാത്തവിധം മേല്‍-കീഴ്ജാതികളായി അവരെ വംശീകരിക്കുകയും ചെയ്ത സവര്‍ണ ജാതിവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളെയെല്ലാം കടപുഴക്കിയെറിഞ്ഞ ‘ശ്രീനാരായണ മൂല്യമണ്ഡല’മാണ് നവോത്ഥാന ആധുനിക കേരളത്തിന്റെ നെടുംതൂണ്. കേരളത്തിന്റെ നവോത്ഥാന ധാരകളെയെല്ലാം ഉള്‍ക്കൊള്ളുന്ന ‘ശ്രീനാരായണ മൂല്യമണ്ഡ’ലത്തിന്റെ പൈതൃകത്തെ ഏറ്റെടുത്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രവര്‍ത്തനമാരംഭിച്ചത്. കാര്‍ഷിക, മുതലാളിത്ത, ഉല്‍പാദന ബന്ധങ്ങളിലെ ചൂഷണത്തിനെതിരായ വര്‍ഗസമരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ‘ശ്രീനാരായണ മൂല്യമണ്ഡല’ത്തിന്റെ പൈതൃകത്തെ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഒരര്‍ഥത്തില്‍, സ്വാതന്ത്ര്യാനന്തര കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ ധീരോദാത്തവും ഐതിഹാസികവുമായ വര്‍ഗസമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും മൂല്യപരമായ സാധൂകരണം നല്‍കിയത് ‘ശ്രീനാരായണ മൂല്യമണ്ഡല’മാണെന്നു പറയാം. തന്റെ കാലത്തെയും കവിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ‘ശ്രീനാരായണ മൂല്യമണ്ഡല’ത്തെ പ്രാപ്തമാക്കുന്നത് അതിന്റെ സാര്‍വലൗകിക മനുഷ്യസങ്കല്‍പമാണ്.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ജാതി ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളിലൂടെ ജാതിമതദൈവങ്ങള്‍ക്കപ്പുറത്തുള്ള ‘മനുഷ്യ’നെയാണ് നാരായണഗുരു വിഭാവനം ചെയ്തത്. അങ്ങനെയുള്ള മനുഷ്യസങ്കല്‍പത്തിന്റെ അടിസ്ഥാനം സാര്‍വലൗകികതയുടേതാണ്. ജാതിയും മതവും ദൈവവും ഭൂപ്രദേശവും ഭാഷയും ആഹാരവും വിശ്വാസവുമെല്ലാം ചേര്‍ന്ന് പല കഷണങ്ങളായി വെട്ടിമുറിച്ച മനുഷ്യനെയാണ് നാരായണഗുരു ‘സാര്‍വലൗകിക മനുഷ്യ’നായി പുനര്‍സൃഷ്ടിക്കുന്നതും പുനരധിവസിപ്പിക്കുന്നതും. നാരായണഗുരുവിന്റെ ധാര്‍മിക ഭാവനയിലെ മനുഷ്യസങ്കല്‍പം തന്നെയാണ് മാര്‍ക്‌സിന്റെ രാഷ്ട്രീയഭാവനയിലെ ‘സര്‍വരാജ്യതൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന ആഹ്വാനത്തിലും പ്രവര്‍ത്തിക്കുന്നത്. 19ാം നൂറ്റാണ്ടിന്റെ യൂറോപ്യന്‍ പ്രബുദ്ധതാ പാരമ്പര്യത്തിന്റെ വിപ്ലവാംശങ്ങളെയാകെ സ്വാംശീകരിച്ച മാര്‍ക്‌സിന്റെ മനുഷ്യഭാവനയും 19ഉം 20ഉം നൂറ്റാണ്ടുകളിലെ ‘ആചാരകേരള’ത്തിന്റെ ആചാരമൂല്യസംഹിതകളെയാകെ പുനര്‍മൂല്യവിചാരണയ്ക്കു വിധേയമാക്കിയ ‘ശ്രീനാരായണ മൂല്യമണ്ഡല’വും തമ്മിലുണ്ടായ അഗാധ സംയോജനമാണ് ആധുനിക കേരളത്തെ സാധ്യമാക്കിയ മൂല്യപരവും ആശയപരവുമായ ശക്തികള്‍.
നാരായണഗുരു കേരളസമൂഹത്തില്‍ ആര്‍ജിച്ചുകഴിഞ്ഞ വ്യക്തിപ്രഭാവം മൂലം ‘ശ്രീനാരായണ മൂല്യമണ്ഡല’ത്തെ നേരിട്ടെതിര്‍ക്കാന്‍ ആര്‍എസ്എസിനുപോലും കഴിയില്ല. കേരള ജനസംഖ്യയിലെ ഏറ്റവും വലിയ ഒറ്റസമുദായമായ ഈഴവര്‍ക്കെതിരായ ആക്രമണമായി അവര്‍ കരുതുമെന്നതാണ് അതിനു കാരണം. അതിനാല്‍ മാര്‍ക്‌സിസത്തെ വൈദേശികവും മ്ലേച്ഛവുമെന്ന് ആക്ഷേപിക്കുന്ന തന്ത്രമാണ് ആര്‍എസ്എസ് വിന്യസിക്കുന്നത്. അങ്ങനെ ‘ശ്രീനാരായണ മൂല്യമണ്ഡല’ത്തില്‍ നിന്ന് മാര്‍ക്‌സിസത്തെ ബഹിഷ്‌കരിക്കുകയും തുടര്‍ന്ന് ‘ശ്രീനാരായണ മൂല്യമണ്ഡല’ത്തിന്റെ തന്നെ സാര്‍വലൗകിക ഭൗതിക-മതേതര മാനങ്ങളെയാകെ തല്ലിക്കെടുത്തുകയുമെന്ന പദ്ധതിയാണ് കുറേക്കാലമായി ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്.
മതേതര-ഭൗതിക ശൂന്യമാവുന്ന ‘ശ്രീനാരായണ മൂല്യമണ്ഡല’ത്തെ ‘ഹൈന്ദവ ആത്മീയത’യായും നാരായണഗുരുവിനെ ഒരു സാധാരണ ഹിന്ദു സന്ന്യാസിയായും പുനര്‍വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. ബുദ്ധന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ മറ്റൊരു വ്യാജ പുരാണത്തിലൂടെ നാരായണഗുരുവിനെയും അവര്‍ പതിനൊന്നാമത്തെ അവതാരമായി ചിത്രീകരിച്ചുകൂടായ്കയില്ല. ഹിന്ദു ദൈവസമുച്ചയത്തിലെ ഒരവതാരമായി അവരോധിക്കപ്പെടുന്നതിലൂടെ, ആധുനിക കേരളചരിത്രത്തിന്റെ അച്ചുതണ്ടില്‍ നിന്ന് നാരായണഗുരുവിനെ പിഴുതെറിയുകയെന്നതു തന്നെയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. നാരായണഗുരുവില്ലാത്ത ആധുനിക കേരളചരിത്രത്തെക്കുറിച്ച് നാമൊന്നു സങ്കല്‍പിച്ചുനോക്കുക? മേല്‍വസ്ത്രമിട്ടാല്‍ മുലകള്‍ ഛേദിക്കുന്ന നായര്‍ഭടന്മാരെക്കൊണ്ടും മുലക്കരവും തലക്കരവും പിരിക്കുന്ന നായര്‍ പ്രവര്‍ത്തിയാരന്മാരെക്കൊണ്ടും ക്ഷേത്രത്തിനു മുമ്പില്‍ റൗക്കയഴിക്കാന്‍ നായര്‍ഭക്തകളോട് ആജ്ഞാപിക്കുന്ന തന്ത്രിമാരെക്കൊണ്ടും ഈ വഴിയില്‍ അവര്‍ണര്‍ക്കു പ്രവേശമില്ലെന്നെഴുതിയ പരസ്യപ്പലകകള്‍കൊണ്ടും കല്ലുമാലയഴിച്ചെറിഞ്ഞതിന് ദലിത് ഭവനങ്ങള്‍ക്ക് തീയിടുന്ന സവര്‍ണ തമ്പുരാക്കന്‍മാരെക്കൊണ്ടും കൊല്ലത്തു നടന്ന എസ്എന്‍ഡിപി രണ്ടാം സമ്മേളനത്തെ തുടര്‍ന്ന് ‘ധിക്കാരി’കളായ ഈഴവരെ ഒരു പാഠംപഠിപ്പിക്കാനിറങ്ങിയ നായര്‍ ബ്രിഗേഡുകളെക്കൊണ്ടും ദേവപ്രശ്‌നക്കാരെക്കൊണ്ടും പൊതുനിരത്തുകളിലെ അയിത്തസൂചകമായ ‘ഒച്ചാട്ടുകള്‍’കൊണ്ടും നമ്പൂതിരി മറുജപങ്ങള്‍കൊണ്ടും സര്‍ക്കാര്‍ ഖജനാവ് മുടിക്കുന്ന നമ്പൂതിരി ഊട്ടുകള്‍കൊണ്ടും അവര്‍ണരെ ബഹുദൂരം ബഹിഷ്‌കരിക്കുന്ന ക്ഷേത്രാചാരങ്ങള്‍കൊണ്ടും കൗപീനമാത്രധാരികളായ നമ്പൂതിരിമാരുടെ നഗ്നതാപ്രകടനംകൊണ്ടും അന്തപ്പുരങ്ങളിലെ അന്തര്‍ജനങ്ങളുടെ നെടുവീര്‍പ്പുകള്‍കൊണ്ടും ജീര്‍ണവേദാധ്യായനംകൊണ്ട് മനുഷ്യത്വം നശിച്ചുപോയ നമ്പൂതിരി യുവാക്കളെക്കൊണ്ടും അടിമ-ഊഴിയം വേലകള്‍കൊണ്ടും ജീര്‍ണിച്ച മൃഗതുല്യമായ ഒരു കേരളമായിരിക്കും സൃഷ്ടിക്കപ്പെടുക. ഒരുപക്ഷേ, അന്തസ്സും ആത്മാഭിമാനവും മനുഷ്യത്വവും അപഹരിക്കപ്പെട്ടവരുടെ അധിവാസകേന്ദ്രത്തെ ഒരു ‘മൃഗശാല’യെന്നുപോലും വിളിക്കാന്‍ കഴിയുമായിരുന്നില്ല. നൂറ്റാണ്ടുകളിലൂടെ പകര്‍ന്ന ആചാരങ്ങളുടെ നൂലില്‍ കെട്ടിയ ‘പുഴു’ശാലയെ തകര്‍ക്കുകയും അതിനുള്ളിലെ ‘പുഴു’ക്കളെ മനുഷ്യപദവിയിലേക്കുയര്‍ത്തുകയും ചെയ്തത് ‘ശ്രീനാരായണ മൂല്യമണ്ഡല’മാണ്. സ്വാതന്ത്ര്യം, സമത്വം, ലിംഗസമത്വം, സഞ്ചാരസ്വാതന്ത്ര്യം, സാര്‍വത്രിക ആരാധനാവകാശം, സാര്‍വത്രിക വിദ്യാഭ്യാസാവകാശം എല്ലാറ്റിനുമുപരി ‘ജാതി-മത-ദൈവാതീതമായ സാര്‍വലൗലിക മനുഷ്യന്‍’ തുടങ്ങിയ ആധുനിക മൂല്യങ്ങളാണ് ‘ശ്രീനാരായണ മൂല്യമണ്ഡല’ത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍. ഈ മൂല്യങ്ങള്‍ നാരായണഗുരു സ്വായത്തമാക്കിയത് ബ്രാഹ്മണരുടെ ജീര്‍ണസംസ്‌കൃത ജ്ഞാന-ധര്‍മശാസ്ത്രകൃതികളില്‍ നിന്നല്ല. മറിച്ച്, ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച തന്റെ ശിഷ്യരും അനുയായികളുമായുള്ള നിരന്തര വിനിമയങ്ങളിലൂടെ ലഭിച്ച അറിവുകളെ നാരായണഗുരു കേരളീയ സാമൂഹിക സന്ദര്‍ഭത്തിനു യോജിച്ച തരത്തില്‍ പുനര്‍വ്യാഖ്യാനിക്കുകയാണു ചെയ്തത്. ആചാരത്തിന്റെ പഴകിയ നൂലുകളില്‍ കെട്ടിനിര്‍ത്തിയിരുന്ന കേരളീയ സമൂഹത്തെ ആധുനിക ജീവിതസാഹചര്യത്തിനനുസൃതമായ രീതിയില്‍ അനുകൂലനം ചെയ്യുന്ന അതിസാഹസികമായ ചരിത്രദൗത്യമാണ് നാരായണഗുരു നിര്‍വഹിച്ചത്. ി

(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss