|    Dec 16 Sun, 2018 9:18 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ആഘോഷവേളയിലെ നൂറാം ദിനം

Published : 1st September 2016 | Posted By: SMR

പിണറായി  വിജയന്‍

ജനങ്ങള്‍ വിശ്വാസപൂര്‍വം ഞങ്ങളില്‍ ഏല്‍പിച്ചതാണ് ഭരണമെന്ന ഈ ഉത്തരവാദിത്തം. കേരളത്തിലെ ഓരോ കുടുംബത്തോടും ഓരോ വ്യക്തിയോടും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. 100 ദിവസമെന്നത് തീരെ ചെറിയ ഒരു കാലയളവാണ് എന്നറിയാം. എന്നിരുന്നാലും ആദ്യഘട്ട അവലോകനമെന്ന നിലയിലാണ് ഈ നൂറാം ദിവസത്തെ സര്‍ക്കാര്‍  കാണുന്നത്.
നാടിന്റെ വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു തടസ്സമായിക്കൂടാ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ധനശേഷി ആര്‍ജിച്ചതിനു ശേഷം വികസനമെന്നു കരുതിയിരുന്നാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കെഐഐഎഫ്ബി) രൂപീകരിച്ചതും മറുവശത്ത് കടാശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചതും. അഞ്ചു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ വരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയതും ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതുമെല്ലാം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. പരിസ്ഥിതിസൗഹൃദത്തിലൂന്നിയ വികസനമാണ് സര്‍ക്കാരിന്റെ നയം. നമ്മുടെ നാട് ഏറ്റവും വൃത്തിയുള്ളതുകൂടി ആകേണ്ടതുണ്ട്. മലിനമായ ജലസ്രോതസ്സുകളുടെ അടക്കം സമഗ്രമായ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്.
വരുന്ന കേരളപ്പിറവി ദിനത്തിന്‍ 100 ശതമാനം വീടുകളിലും ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യ വിസര്‍ജനവിമുക്ത സംസ്ഥാനമായി മാറാന്‍ പോവുകയാണ് കേരളം.
ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമാണ് വേഗവും സൗകര്യവുമുള്ള ഗതാഗത സംവിധാനം. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വിവരം എല്ലാവര്‍ക്കും അറിയാമല്ലോ. 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാന-ജില്ലാ പാതകളുടെ പുതുക്കല്‍, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, സ്മാര്‍ട്ട് റോഡ് പദ്ധതി എന്നിവ കാലതാമസമില്ലാതെ നടപ്പാക്കും.
ജലഗതാഗതമേഖലയുടെ വികസനം കൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എല്‍എന്‍ജി വാതക പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും. രണ്ടര ലക്ഷം വീടുകള്‍ കേരളത്തില്‍ ഇപ്പോഴും വൈദ്യുതിയില്ലാത്തവയായിട്ടുണ്ട്. ആ വീടുകളിലേക്കും വെളിച്ചം എത്തിക്കുക എന്നത് സര്‍ക്കാരിന്റെ കടമയായി ഏറ്റെടുക്കുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു.
പുതുതലമുറയ്ക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ആയിരത്തഞ്ഞൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന പദ്ധതി. വന്‍കിട ഐടി കമ്പനികളെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നമ്മുടെ ഐടി പാര്‍ക്കുകളുടെ കെട്ടിട വിസ്തൃതി നിലവിലുള്ളതില്‍ നിന്ന് ഒരു കോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ ഐടി പാര്‍ക്കുകളെയും വികസിപ്പിക്കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ  ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിനു പുറമേയാണ് അവഗണനയാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താനുള്ള നടപടികള്‍. എഫ്എസിടിയില്‍ പൂട്ടിക്കിടന്ന യൂറിയ പ്ലാന്റ് നവീകരിച്ച് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കേന്ദ്രം പൂട്ടാന്‍ തീരുമാനിച്ചിരുന്ന ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന്റെ പാലക്കാട് യൂനിറ്റിനെ അടച്ചുപൂട്ടലില്‍ നിന്നു രക്ഷപ്പെടുത്തി സംസ്ഥാനം ഏറ്റെടുത്തു മുമ്പോട്ടുപോവുകയാണ്. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ കൊച്ചി യൂനിറ്റിന്റെ കാര്യത്തിലും രക്ഷപ്പെടുത്തല്‍ നടപടിയുമായി മുമ്പോട്ടുപോവുകയാണ്.
മാവേലി സ്‌റ്റോറുകളില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് വില കൂട്ടില്ല എന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍  തന്നെ തീരുമാനമെടുത്തിരുന്നു. ഓണം-ബക്രീദ് ന്യായവില ചന്തകള്‍ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോയ്ക്ക് 80 കോടിയിലധികം രൂപ നല്‍കിയിട്ടുണ്ട്. ഉത്സവാവസരങ്ങളില്‍ മാത്രമല്ല സാധാരണ ദിനങ്ങളിലും വിലനിയന്ത്രണത്തിനായി സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വേഗം നടപ്പാക്കാനും റേഷന്‍ കാര്‍ഡുകള്‍ ആറു മാസത്തിനകം നല്‍കാനുമുള്ള നടപടികള്‍ ആയിട്ടുണ്ട്.
പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ ചിങ്ങം ഒന്നിനുതന്നെ തുറന്ന്, 18000ഓളം കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ഏറെ കൃതാര്‍ഥരാണ്. കേരളത്തില്‍ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് തൊഴിലുറപ്പു പദ്ധതി. വര്‍ഷംതോറും 1000 കോടി രൂപയ്ക്ക് തത്തുല്യമായ തൊഴില്‍ദിനങ്ങള്‍ എന്‍ആര്‍ഇജിഎയിലൂടെ നല്‍കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ ക്ഷേമപെന്‍ഷനുകളും 1000 രൂപയാക്കി വര്‍ധിപ്പിച്ച് കുടിശ്ശികയടക്കം വീടുകളിലെത്തിച്ചുതുടങ്ങി. അഞ്ചിനം ക്ഷേമപെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 2016 ജൂണ്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ 3100 കോടി രൂപയാണ് ഓണത്തിനു മുമ്പായി വീടുകളില്‍ എത്തിക്കുന്നത്.
കടക്കെണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 50 കോടി രൂപ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 13000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയര്‍ത്തി ഖാദിഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു വായ്പ എടുത്തു കടക്കെണിയിലായവരെ കണ്ടില്ലെന്നു നടിക്കാന്‍ മനസ്സാക്ഷിയുള്ള സര്‍ക്കാരിനു കഴിയില്ല. അവര്‍ക്കായി സമഗ്ര കടാശ്വാസപദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനുള്ള സ്ഥലം വാങ്ങാന്‍  തീരുമാനിച്ചിട്ടുണ്ട്. അഞ്ഞൂറു കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണവും പതിനായിരം പട്ടികജാതിക്കാര്‍ക്ക് വിവാഹധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. മാരകരോഗങ്ങളുള്ള പട്ടികജാതിക്കാരുടെ ചികിത്സയ്ക്ക് പദ്ധതിയുണ്ട്. പട്ടികജാതി കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 80 കോടിയിലധികം രൂപയുടെ ഒരു പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്.
ഇതെല്ലാം സാധിച്ചത് ജനങ്ങളുടെ സഹായസഹകരണങ്ങളും പിന്തുണയും ഉള്ളതുകൊണ്ടാണ്. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ജാതി-മതവേര്‍തിരിവുകള്‍ക്ക് അതീതമായി നമുക്കൊരുമിച്ചുനിന്ന് കേരളത്തെ ഐശ്വര്യപൂര്‍ണമായ ഭാവിയിലേക്ക് നയിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss