|    Oct 18 Wed, 2017 11:43 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ആഘോഷപൂര്‍വം 70ാം സ്വാതന്ത്ര്യ ദിനം

Published : 17th August 2016 | Posted By: SMR

ദോഹ: മാതൃരാജ്യം കോളനിവാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 70ാം വാര്‍ഷിക ദിനം ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. എംബസിയുടെ കീഴില്‍ ഔദ്യോഗിക ആഘോഷ ചടങ്ങുകള്‍ക്കു പുറമേ വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും ആഘോഷ പരിപാടികള്‍ നടന്നു.
ഇന്ത്യന്‍ എംബസിക്കു കീഴില്‍ മഅ്മൂറയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടികള്‍ നടന്നത്. രാവിലെ 7 മണിക്ക് അംബാസഡര്‍ സഞ്ജീവ് അറോറ ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡര്‍ വായിച്ചു. എല്ലാ ഇന്ത്യക്കാരും വളരുമ്പോഴാണ് ഇന്ത്യ വളരുക. വികസനപ്രക്രിയയില്‍ മാറ്റിനിര്‍ത്തപ്പെട്ടവരെക്കൂടി ഉള്‍പ്പെടുത്തണമെന്നും പ്രഭാഷണത്തില്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍, ഐസിസി പ്രസിഡന്റ് ഗിരീഷ് കുമാര്‍, ഐബിപിഎന്‍ പ്രസിഡന്റ് കെ എം വര്‍ഗീസ്, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, വ്യാപാര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
ശാന്തിനികേതന്‍, എംഇഎസ്, ഡിപിഎസ്-എംഐഎസ്, ബിര്‍ള പബ്ലിക് സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടങ്ങിയ ഇന്ത്യന്‍ സ്‌കൂളുകള്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികളും ജീവനക്കാരും രക്ഷിതാക്കളും മറ്റ് അതിഥികളും ചടങ്ങുകളില്‍ സംബന്ധിച്ചു.

സ്വാതന്ത്ര്യ ദിനം: 70 ഇനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സ്‌മൈല്‍
ദോഹ: ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് മിഡില്‍ ഈസ്റ്റിലെ മുന്‍നിര ചില്ലറ വില്‍പ്പന ശൃംഖലയായ സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് 70 ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, ഗാര്‍മെന്റ്‌സ്, ഫൂട്ട്‌വെയര്‍ തുടങ്ങിയവക്കാണ് ആകര്‍ഷകമായ വിലക്കുറവ് നല്‍കുന്നത്. സ്വാതന്ത്ര്യ ദിന പ്രമോഷന്‍ വരും ദിവസങ്ങളിലും ലഭ്യമാവും. ഇന്ത്യന്‍ പച്ചക്കറികള്‍ വന്‍വിലക്കുറവില്‍ ലഭ്യമാണ്. ഗാര്‍മെന്റ്‌സ്, ഫൂട്ട്‌വെയര്‍ എന്നിവയ്ക്ക് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ആഘോഷ ദിവസങ്ങളില്‍ കിഡ്‌സ് പ്ലേ ഏരിയയില്‍ പ്രവേശനം സൗജന്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക