|    Dec 19 Wed, 2018 3:08 am
FLASH NEWS

ആഘോഷത്തിലൂടെ ദുരിതം മറക്കാന്‍ ദുരിതാശ്വാസ ക്യാംപിലെ കുട്ടികള്‍

Published : 25th August 2018 | Posted By: kasim kzm

പൊന്നാനി: പൊന്നാനിയിലെ ദുരിതാശ്വാസ ക്യാംപില്‍ കുട്ടികള്‍ക്ക് മാനസിക ഉല്ലാസകാലം. കളിച്ചും ചിരിച്ചും കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് ക്യാംപുകളില്‍ കഴിയുന്നത്. പ്രളയ ദുരിതത്തിന്റെ സങ്കടങ്ങളെ മാറ്റിനിര്‍ത്തിയാണ് ക്യാംപിലുള്ളവര്‍ കുട്ടികളോടൊപ്പം ആഘോഷങ്ങളില്‍ പങ്കു ചേരുന്നത്.
കേരളം ഇന്നോളം കണ്ട മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ആയിരങ്ങളെ ചേര്‍ത്തു പിടിച്ചാണ് കുട്ടികള്‍ കളികളിലൂടെ പുതുജീവിതം തുന്നിച്ചേര്‍ക്കുന്നത്. വെള്ളപ്പൊക്കം മൂലം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പെരുന്നാളിന് ബിരിയാണി വിളമ്പിയും, ഓണത്തെ വരവേല്‍ക്കാന്‍ അത്തപ്പൂക്കളമൊരുക്കിയും സമൂഹം ദുരിതബാധിതര്‍ക്കൊപ്പം ഒപ്പം ചേര്‍ന്നപ്പോള്‍ ക്യാംപുകള്‍ കഴിയുന്നവരും തങ്ങളുടെ നഷ്ടസ്വപ്‌നങ്ങള്‍ വീണ്ടെടുക്കുകയാണ്. പൊന്നാനിയിലെ ദുരിതാശ്വാസ ക്യാംപില്‍ പെരുന്നാള്‍ രാവില്‍ ടീം ഗുഡ്‌ലിയുടെ നേതൃത്വത്തില്‍ ഗാനമേള നടത്തിയും ക്യാംപിലെ മൊഞ്ചത്തിമാര്‍ കൈവെള്ളയില്‍ മൈലാഞ്ചിയണിഞ്ഞും കുട്ടികള്‍ പട്ടം പറത്തിയും ഒരുമയുടെ പെരുന്നാള്‍ ആഘോഷിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും തദ്ദേശ ഭരണകൂടങ്ങളും ക്യാംപിലുള്ളവരുടെ ആഘോഷങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ ദുരിതാശ്വാസ ക്യാംപ് പുത്തന്‍ പ്രതീക്ഷയുടെ തിരിനാളമാണ് വീടും, സ്ഥലവും നഷ്ടമായവര്‍ക്കായി കൊളുത്തിവച്ചത്.
ഓണത്തപ്പനെ വരവേല്‍ക്കാനായി കുട്ടികളും മുതിര്‍ന്നവരും മല്‍സരിച്ചാണ് ദുരിതാശ്വാസ ക്യാംപിന് മുന്നില്‍ ഓണപ്പൂക്കളമൊരുക്കിയത്.പ്രളയം സര്‍വവും കവര്‍ന്നെടുത്താലും തളരാത്ത മനസുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ക്യാംപുകളിലെ പെരുന്നാള്‍ ആഘോഷങ്ങളും തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളും. മാനസിക വീണ്ടെടുപ്പിനുള്ള ഇടങ്ങളാവുകയാണ് ഓരോ ദുരിതാശ്വാസ ക്യാംപുകളും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss