|    Nov 19 Mon, 2018 2:40 am
FLASH NEWS

ആഘോഷങ്ങളൊഴിവാക്കി, ആശ്വാസ വാക്കുകളുമായി നാടും നഗരവും

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയം വിഴുങ്ങിയ മണ്ണില്‍ ആഘോഷങ്ങളില്ലാതെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് ഇക്കുറി ഓണം കൊണ്ടാടുന്നത്. സര്‍ക്കാരും സമൂഹവും ഓണാഘോഷങ്ങള്‍ ഒരു മനസ്സോടെ ഒഴിവാക്കി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള തിരക്കിലാണ്. ഉത്രാടനാളായ ഇന്നലെയും ഇത് ദൃശ്യമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലെയും ഓണാഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
ടൂറിസം വകുപ്പിന്റെ ഓണാഘോഷമെല്ലാം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. സര്‍ക്കാര്‍ ഓഫിസുകളിലും ക്ലബ്ബുകളിലും പതിവുള്ള ഓണസദ്യകളും ഇക്കുറി ഉണ്ടായില്ല. ആദ്യഘട്ടത്തില്‍ ആരംഭിച്ച ഓണവിപണികളുടെ പ്രവര്‍ത്തനമെല്ലാം താനെ നിലച്ചു. റസിഡന്റ്‌സ് അസോസിയേഷനുകളും ഗ്രാമങ്ങളിലെ ക്ലബ്ബുകളും ഓണാഘോഷത്തിനായി സ്വരൂപിച്ച തുക ദുരിതാശ്വാസത്തിന് നല്‍കി മാതൃക കാട്ടി.
സമീപത്തെ കന്യാകുമാരി ജില്ലയിലെ മലയാളി സമൂഹവും അനാര്‍ഭാടമായാണ് ഓണം കൊണ്ടാടുന്നത്. അവിടെ ഓണത്തിന് സ്വരൂപിച്ച തുകയും കേരളത്തിലെ ദുരിതാശ്വാസത്തിന് നല്‍കുന്നുണ്ട്. മലയാള സിനിമകളുടെ റിലീസൊന്നുമില്ലാത്ത ഓണമാണ് ഇക്കുറിയുണ്ടായത്.
വിവിധ ക്ഷേത്രങ്ങളില്‍ ഓണത്തിന്റെ ഭാഗമായി നടത്താറുള്ള ചില ചടങ്ങുകളും ഒഴിവാക്കിട്ടുണ്ട്. കനത്ത മഴയില്‍ കാര്‍ഷികമേഖലയിലുണ്ടായ തകര്‍ച്ച ജില്ലയിലെ സാധാരണ വിപണിയെ ബാധിച്ചു. കര്‍ഷകര്‍ക്ക് ഇത് കണ്ണീരൊഴിയാത്ത ഓണമാണ്. തമിഴ്‌നാട്ടിലും കാര്‍ഷികമേഖലയിലുണ്ടായ നാശം പച്ചക്കറി, വാഴക്കുല, വാഴയില എന്നിവ എത്തിക്കുന്നതിനും തടസ്സമായിട്ടുണ്ട്. ലഭ്യമായ വസ്തുക്കള്‍ക്ക് വിലക്കയറ്റവുമുണ്ടായി.
ദുരിതാശ്വാസ ക്യാംപുകളില്‍ നല്‍കാന്‍ വിവിധ സംഘടനകള്‍ വന്‍തോതിലാണ് വിഭവസമാഹരണം നടത്തിയത്. വിപണിയില്‍ ലഭ്യമായ വസ്തുക്കള്‍ക്കും പിന്നീട് ക്ഷാമം നേരിട്ടു തുടങ്ങി. വസ്ത്രവില്‍പനശാലകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നല്ല തിരക്കായിരുന്നു. ദുരിതാശ്വാസ മേഖലയില്‍ എത്തിക്കാനുള്ള വിവിധതരം വസ്ത്രങ്ങളാണ് വിറ്റഴിഞ്ഞത്. ഇതിനിടയിലും ഇന്നലെ തലസ്ഥാനത്തും മറ്റ് സ്ഥലങ്ങളിലും ഓണത്തിന്റെ നേരിയ തിരക്ക് അനുഭവപ്പെട്ടു. ആഘോഷങ്ങള്‍ ഒഴിവാക്കുമെങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കുടുംബങ്ങള്‍ ഒരുങ്ങിയതാണ് ഇതിന് കാരണം.
എന്നിരുന്നാലും വിപണിയില്‍ ഓണത്തിന്റെ വന്‍തിരക്ക് എന്ന് പറയാവുന്ന ഉത്രാടപാച്ചില്‍ ഇന്നലെ കാണാനായില്ല. അതിരൂക്ഷമായ പ്രളയക്കെടുതിയെ ഒരുമയിലൂടെ നാം അതിജീവിച്ച സമയത്താണ് ദേശീയോല്‍സവമായ ഓണം എത്തിയിരിക്കുന്നതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തന്റെ ഓണാശംസ സന്ദേശത്തില്‍ കുറിച്ചു. പ്രളയം തട്ടിയെടുത്ത സമൃദ്ധിയുടെയും പുരോഗതിയുടെയും പുനര്‍സൃഷ്ടിയിലുടനീളം കേരളീയരുടെ മാതൃകാപരമായ ഈ ഒരുമ നിലനില്‍ക്കുമാറാവട്ടെ.
അനുകമ്പയും ദൃഢപിന്തുണയും നല്‍കി സഹജീവികളില്‍ ഉണര്‍ത്തുന്ന സന്തോഷത്തില്‍ ഓണത്തിന്റെ തിളക്കവും ചിങ്ങത്തിന്റെ സൗന്ദര്യവും കണ്ടെത്താന്‍ നമുക്ക് സാധിക്കുമാറാകട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം മുമ്പൊരിക്കലും ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ല. എട്ടുലക്ഷത്തോളം പേര്‍ ഇപ്പോഴും ആശ്വാസ ക്യാംപുകളിലാണ്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത്. ഈ ഒരുമ തന്നെ ലോകത്തിന് മറ്റൊരു മാതൃകയാവും. സമത്വത്തിന്റെയും സമഭാവനയുടെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കുന്ന ഓണം, കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss