|    Mar 18 Sun, 2018 9:38 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ആഗോള മൂലധനത്തിന്റെ കൈപ്പത്തി

Published : 20th September 2016 | Posted By: SMR

ടി  ജി  ജേക്കബ്

സാമ്പത്തിക അസമത്വവും തൊഴിലില്ലായ്മയും അതിവേഗം വര്‍ധിപ്പിക്കുന്ന ഈ സാമ്പത്തിക പരിപാടി മോദിയുടെ കണ്ടുപിടിത്തമൊന്നുമല്ല. ലോകബാങ്കിന്റെയും അന്തര്‍ദേശീയ നാണയനിധിയുടെയും അവര്‍ പ്രതിനിധീകരിക്കുന്ന ആഗോള മൂലധനത്തിന്റെയും പരിപാടിയാണിത്. മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് ഈ പരിപാടി അംഗീകരിച്ചതും ആസൂത്രണം ചെയ്തതും ആത്മാര്‍ഥമായി നടപ്പാക്കാന്‍ തുടങ്ങിയതും. മോദി സര്‍ക്കാര്‍ ഇതിന്റെ ആക്കം കൂട്ടി എന്നേയുള്ളൂ. ഇതിനുവേണ്ടിയാണ് ‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന ബാനറുമായി മോദിയും അനുചരന്‍മാരും ലോകം മുഴുവന്‍ ചുറ്റുന്നത്. ഇന്ത്യ കണ്ടിട്ടുള്ള പ്രധാനമന്ത്രിമാരില്‍ ആരും ഇത്ര ചെറിയ കാലയളവില്‍ ഇത്ര കൂടുതല്‍ വിദേശപര്യടനങ്ങള്‍ നടത്തിയിട്ടില്ല. പ്രധാനമന്ത്രി എപ്പോഴും വിദേശ മൂലധനം കൊണ്ടുവരാനുള്ള യാത്രകളിലാണ്. നാമിന്റെ ഉച്ചകോടിയില്‍ പോവുന്നതുകൊണ്ട് ഈ വഴിക്ക് നേട്ടങ്ങളൊന്നുമുണ്ടാവില്ല. മാത്രമല്ല, വെള്ളാനയാണെങ്കിലും നാമിനെ അതിന്റെ രാഷ്ട്രീയ ന്യായീകരണത്തിന്റെ ഒരംശം പോലും അവശേഷിപ്പിക്കാതെ കുഴിച്ചുമൂടാനാണ് ആഗോള സാമ്രാജ്യത്വ മൂലധനത്തിന്റെ താല്‍പര്യം. മോദി സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്യണമെന്നേ അവര്‍ ആവശ്യപ്പെടുന്നുള്ളൂ. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യും നാമും എന്തായാലും ഒരുമിച്ചുപോവുകയില്ല. വെനിസ്വേലയില്‍ പോവുകയാണെങ്കില്‍ അവിടെ ചേരിചേരാനയത്തെക്കുറിച്ച് എന്തെങ്കിലും കള്ളമാണെങ്കില്‍ പോലും പറഞ്ഞേ പറ്റുകയുള്ളൂ. അതും ആവശ്യമില്ല എന്നാണ് ലോക പോലിസുകാരന്റെ നിലപാട്. അനുസരിക്കുകയല്ലാതെ മോദിക്ക് എന്തു ചെയ്യാന്‍ കഴിയും. കോര്‍പറേറ്റ് മൂലധനത്തിന്റെ വളര്‍ച്ച രണ്ടക്കങ്ങളിലാവേണ്ടേ?
ഇപ്പോള്‍ നടക്കുന്ന ഉച്ചകോടി കഴിഞ്ഞ വര്‍ഷം നടക്കേണ്ടതായിരുന്നു. എണ്ണയുടെ വിലയിടിവു കാരണം പാപ്പരായ വെനിസ്വേലന്‍ സര്‍ക്കാര്‍ ഉച്ചകോടി മാറ്റിവയ്ക്കുകയായിരുന്നു. ഈ ബലഹീനത ഇപ്പോഴും നിലവിലുണ്ട്. എണ്ണയുടെ വിലയിടിവ് ആഗോള കുത്തകകളെ ചെറുതല്ലാത്ത രീതിയില്‍ സഹായിക്കുന്നുണ്ട്. എണ്ണയെ പ്രധാനമായി ആശ്രയിക്കുന്ന സമ്പദ്ഘടനകളെയാണ് അത് വളരെ പ്രതികൂലമായി ബാധിക്കുന്നത്. നാമിന്റെ ഭാവി ഔപചാരികമായെങ്കിലും മുന്നോട്ടു കൊണ്ടുപോവാന്‍ വെനിസ്വേലയില്‍നിന്നു വിദേശകാര്യമന്ത്രി ഡല്‍ഹിയില്‍ വരുന്നുണ്ട്. കൂടെ എണ്ണവകുപ്പ് മന്ത്രിയുമുണ്ട്. എണ്ണ ആദായകരമായ രീതിയില്‍ ഇന്ത്യക്ക് കൊടുക്കാം എന്ന വാഗ്ദാനം തീര്‍ച്ചയായും സഞ്ചിയിലുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ ഇന്ത്യക്ക് ലാഭകരമായ രീതിയില്‍ എണ്ണകൊടുക്കാം എന്ന നിലപാട് അദ്ദേഹം പരസ്യമല്ലാത്ത രീതിയില്‍ മുന്നോട്ടുവയ്ക്കും. അതിനല്ലെങ്കില്‍ എണ്ണമന്ത്രി ഇത്ര മിനക്കെട്ട് ഇങ്ങോട്ടു വരേണ്ട കാര്യമില്ലല്ലോ.
അമേരിക്കന്‍ നിലപാട് വളരെ വ്യക്തമാണ്. വെനിസ്വേല കൂടുതല്‍ കൂടുതല്‍ പാപ്പരാവണം എന്നതാണവരുടെ ഉറച്ച നിലപാട്. പൂര്‍ണമായും അവര്‍ക്കു വിധേയമായ സര്‍ക്കാര്‍ അവിടെ വരണം. തെക്കനമേരിക്കയില്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരേ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യംവച്ചുള്ള കര്‍മപരിപാടികളും സമാന അവസ്ഥയിലുള്ള മറ്റു തെക്കനമേരിക്കന്‍ രാജ്യങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളും ഷാവേസിന്റെ സമയത്ത് വെനിസ്വേല ചെയ്തിരുന്നു. അമേരിക്കയെ സംബന്ധിച്ച് ഇത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ഇന്നത്തെ വെനിസ്വേല സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നിഴലിലാണ്. എണ്ണയുടെ വിലയിടിവാണ് ഇതിന്റെ പ്രധാന കാരണം. സാമ്പത്തിക കഠിനതകള്‍ കാരണമാക്കി അമേരിക്കന്‍ ഒത്താശയോടെ തെരുവില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നുണ്ട്. ഒരു അമേരിക്കന്‍ അനുകൂല ഭരണമാറ്റം സാധ്യമാണ്. ഷാവേസിനെ വകവരുത്താന്‍ സിഐഎ പലതവണ ശ്രമിച്ചിരുന്നു എന്നും ഓര്‍ക്കുമല്ലോ. അമേരിക്കന്‍ കുത്തകകളുടെ വരുതിയിലല്ലാത്ത എണ്ണശേഖരങ്ങള്‍ എണ്ണയുടെ വിലയിടിച്ച് കുറഞ്ഞ ചെലവില്‍ വെട്ടിപ്പിടിക്കാം എന്ന മോഹം അവര്‍ക്കുണ്ട്. ഈ ഭീതി പെട്രോ ഡോളറിനെ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.
ഇന്ത്യന്‍ ഭരണവര്‍ഗത്തെ സംബന്ധിച്ച് ചേരിചേരാ രാജ്യങ്ങളില്‍നിന്നു കാര്യമായി ഒന്നും പ്രതീക്ഷിക്കാന്‍ വകുപ്പില്ല. ഇവിടത്തെ ഭരണവര്‍ഗത്തിനു വേണ്ടത് ബില്യണ്‍ കണക്കിനുള്ള ഡോളര്‍ മൂലധനവും വിലകൂടിയ സാങ്കേതികതകളുടെ ഇറക്കുമതിയും ആണ്. അതു മാത്രമല്ല, ആഫ്രിക്കയിലുള്ള ഇന്ത്യയെക്കാള്‍ അവികസിതമായ സമ്പദ്ഘടനകളില്‍ ആഗോള മൂലധനത്തിന്റെ കൈപ്പത്തിയായി കൊള്ള നടത്താനും കഴിയണം. എത്യോപ്യ മുതലായ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി ദീര്‍ഘകാല പാട്ടത്തിനെടുത്ത് എണ്ണക്കുത്തകകള്‍ക്കുവേണ്ടി കാര്‍ഷിക അസംസ്‌കൃത വിഭവങ്ങള്‍ (ഉദാ: സോയാ) ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികള്‍ ഇന്ത്യന്‍ ബിസിനസുകാര്‍ ഇപ്പോള്‍ തന്നെ നടപ്പാക്കുന്നുണ്ട്. ഇങ്ങനെയുള്ള കടന്നു കയറ്റങ്ങള്‍ക്കെതിരേ പലയിടങ്ങളിലും ജനകീയരോഷവും വളരുന്നുണ്ട്. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു മാന്തിപ്പിക്കുന്ന പണിയാണ് ആഗോള മൂലധനം ചെയ്യുന്നത്.
(അവസാനിച്ചു.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss