|    Jun 24 Sun, 2018 5:13 am
FLASH NEWS
Home   >  Editpage  >  Editorial  >  

ആഗോള ഭീമന്റെ പരാജയം

Published : 17th July 2017 | Posted By: mi.ptk

ആഗോള മൃദുപാനീയ വ്യവസായ ഭീമന്‍ കൊക്കകോല കമ്പനിക്കെതിരേ ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവന്ന പാലക്കാട് പ്ലാച്ചിമട നിവാസികളുടെ സമരം വിജയിച്ചു. ജീവിക്കാനുള്ള അവകാശത്തിനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും ഒരു മനസ്സോടെ, നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച സമരഭടന്മാര്‍ക്കു മുന്നില്‍ കമ്പനി മുട്ടുമടക്കി. പ്രദേശത്തെ ജലസ്രോതസ്സുകള്‍ ഒന്നാകെ ഊറ്റിയെടുത്തതിനു പുറമേ ജലമലിനീകരണം നടത്തി കുടിവെള്ളം പോലും ഇല്ലാതാക്കിയതിനെതിരായിരുന്നു പോരാട്ടം. നായനാര്‍ മുഖ്യമന്ത്രിയും സുശീല ഗോപാലന്‍ വ്യവസായമന്ത്രിയുമായിരിക്കെ 2000ലാണ് കേരളത്തിലെ ആദ്യത്തെ കൊക്കകോല ഫാക്ടറി പ്ലാച്ചിമടയില്‍ ആരംഭിച്ചത്. കമ്പനി തുടങ്ങി മാസങ്ങള്‍ക്കകം പ്രദേശവാസികള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിട്ടു. പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് താഴ്ന്നു. കിണറുകളില്‍ രാസവസ്തുക്കള്‍ അടിഞ്ഞുകൂടി. വെള്ളം കുടിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. പ്രദേശം കുടിവെള്ളക്ഷാമത്തിലേക്കു നീങ്ങി. കൃഷിക്കു വളം എന്ന പേരില്‍ കമ്പനി നല്‍കിയത് കാഡ്മിയം അടങ്ങിയ ഖരമാലിന്യമായിരുന്നു. അതു മണ്ണിന്റെ ഫലപുഷ്ടി നശിപ്പിച്ചു. വസ്തുതകള്‍ തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ അതിജീവനത്തിനുള്ള പോരാട്ടം തുടങ്ങി. 2002 ഏപ്രില്‍ 22ന് ആരംഭിച്ച സമരം ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ കമ്പനി അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി. കോടതി ഉത്തരവിനെത്തുടര്‍ന്ന് 2004ല്‍ നിര്‍ത്തിവച്ച ഉല്‍പാദനം പുനരാരംഭിക്കാനുള്ള നിയമപോരാട്ടത്തിലായിരുന്നു കമ്പനി. ആഗോള ഭീമനെതിരായ പ്രാദേശിക സമരമെന്ന നിലയില്‍ പ്ലാച്ചിമട ഏറെ ശ്രദ്ധിക്കപ്പെട്ടു. സമരപ്പന്തലിലും വേദികളിലും പിന്തുണയുമായി എത്തിയ രാഷ്ട്രീയകക്ഷി നേതാക്കള്‍ പല നിലയ്ക്കും കമ്പനിയുടെ സഹായികളായിരുന്നു.  ആ നിയമയുദ്ധത്തില്‍ നിന്നാണ് ഇപ്പോള്‍ കമ്പനി പിന്മാറുന്നത്. പ്ലാച്ചിമടയിലെ കുടിവെള്ള ചൂഷണം തടയാന്‍ മാത്രമേ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരമുള്ളൂവെന്നും കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമില്ലെന്നും കേരള ഹൈക്കോടതി വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് പെരുമാട്ടി പഞ്ചായത്ത് സുപ്രിംകോടതിയെ സമീപിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം ഇനി തുടരുന്നില്ലെന്നും പ്ലാച്ചിമടയിലെ പ്ലാന്റ് ഇനി തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കമ്പനി സുപ്രിംകോടതിയെ അറിയിച്ചു. ആഗോളതലത്തില്‍ സാധാരണക്കാരന് ഒട്ടും വിലകല്‍പിക്കാതെ ബഹുരാഷ്ട്ര കുത്തകകളും മൂലധന സാമ്രാജ്യത്വശക്തികളും പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരായ ജനകീയ പോരാട്ടത്തിന്റെ വിജയമാണ് പ്ലാച്ചിമടയില്‍ കാണുന്നത്. കമ്പനി പിന്‍വാങ്ങുന്നതോടെ പ്ലാച്ചിമടക്കാരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. കമ്പനി മൂലമുണ്ടായ ജലദൗര്‍ലഭ്യത്തിനും ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവണം. സര്‍ക്കാര്‍ പഠനസംഘത്തിന്റെ കണക്കനുസരിച്ച് കമ്പനി 216 കോടി രൂപ നാട്ടുകാര്‍ക്കു നഷ്ടപരിഹാരം നല്‍കണം. കമ്പനി നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിച്ച് തുടര്‍നടപടികളെടുക്കണം. നിയമപരമായ മാര്‍ഗങ്ങളുപയോഗപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരും സ്വീകരിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss