|    Nov 14 Wed, 2018 10:03 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ അമ്മയില്‍ നിന്നു രാജിവച്ചു

Published : 28th June 2018 | Posted By: kasim kzm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെ ചൊല്ലി താരസംഘടനയായ അമ്മയില്‍ കലാപം. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംഘടനയില്‍ നിന്നു രാജിവച്ചു. നടിമാരായ രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് അവര്‍ക്കൊപ്പം രാജി നല്‍കിയിരിക്കുന്നത്.
അമ്മ എന്ന സംഘടനയില്‍ നിന്ന് താന്‍ രാജിവയ്ക്കുകയാണ്. തനിക്കു നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുകൊണ്ടല്ല ഈ തീരുമാനം. ഇതിനു മുമ്പ് ഈ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്നു പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍, സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാക്കിയാണ് രാജിവയ്ക്കുന്നതെന്നും അക്രമത്തിനിരയായ നടി വുമണ്‍ ഇന്‍ കലക്ടീവ് സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് നടി രമ്യാ നമ്പീശന്‍ വ്യക്തമാക്കി. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനയ്ക്കു വേണ്ടതെന്ന് നടി ഗീതു മോഹന്‍ദാസ് പറഞ്ഞു.
അമ്മയ്ക്ക് അകത്തുനിന്നുകൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണെന്ന് മുന്‍ നിര്‍വാഹക സമിതി അംഗം എന്ന നിലയില്‍  മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനയ്ക്കു വേണ്ടത്. തങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോവുകയാണ്. ഇനിയും അത് അനുവദിക്കാന്‍ കഴിയില്ല. തന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരേ താന്‍ പുറത്തു നിന്ന് പോരാടുമെന്നും ഗീതു കൂട്ടിച്ചേര്‍ത്തു.
ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല താന്‍ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ, ആത്മാഭിമാനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണെന്നും റീമ കല്ലിങ്കല്‍ അറിയിച്ചു.
കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് അറിഞ്ഞത്. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല. തങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫേസ്ബുക്ക് പേജില്‍ നടിമാര്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss