|    Jul 22 Sun, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആക്രമിക്കപ്പെട്ട നടിക്ക് ജനകീയ പിന്തുണ തേടി വിമന്‍ ഇന്‍ സിനിമാ കലക്ടീവ്

Published : 11th September 2017 | Posted By: fsq

 

തലശ്ശേരി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കു നീതിയും ജനകീയ പിന്തുണയും തേടി ഒപ്പുശേഖരണ കാംപയിനുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ്. തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിക്കു മുന്നില്‍ നടി സജിതാ മഠത്തിലാണ് —കാംപയിന്‍ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം, നീതിക്കായുള്ള പോരാട്ടത്തില്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അവള്‍ക്കൊപ്പം എന്നതാണ് കാംപയിന്‍ മുദ്രാവാക്യം. ചലച്ചിത്ര പുരസ്‌കാര വിതരണ നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ കൂറ്റന്‍ ബാനറില്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഒപ്പുവച്ചു. ഒപ്പുശേഖരണ കാംപയിന്‍ പ്രമുഖ നാടകനടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രയായി യാത്ര ചെയ്ത പെണ്‍കുട്ടിക്കുനേരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം. ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതില്‍ പലരും വിമുഖത കാട്ടുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സിനിമാ മേഖല ഇരുണ്ട കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് സംവിധായിക വിധു വിന്‍സെന്റ് പറഞ്ഞു. സംഭവത്തില്‍ നിശ്ശബ്ദയായി നില്‍ക്കാന്‍ മടിച്ചവളാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. അവള്‍ക്ക് നാം ശബ്ദം നല്‍കേണ്ടതുണ്ട്. കേരളം അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന സന്ദേശം അവള്‍ക്കും കോടതിക്കും സര്‍ക്കാരിനും സമൂഹത്തിനും നല്‍കേണ്ടതുണ്ട്. സത്യത്തെ വികൃതമായി അവതരിപ്പിക്കുകയാണ് ചിലരെന്നും വിധു വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര പ്രവര്‍ത്തകരായ ദീദി ദാമോദരനും സംബന്ധിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ വിചിത്ര നിലപാടിനെതിരേ കടുത്ത വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ് നേരത്തേ രംഗത്തുണ്ട്. കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നടിയുടെ വിഷയം ചര്‍ച്ച ചെയ്യാത്തതിനെതിരേയാണ് വനിതാ കൂട്ടായ്മ ആദ്യം രംഗത്തെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് നടനും എംഎല്‍എയുമായ കെ ബി ഗണേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയം പൊതുജനമധ്യേ തുറന്നുകാട്ടാന്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss