|    Aug 17 Fri, 2018 8:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആക്രമണോല്‍സുകരായി കന്‍വാര്‍ യാത്രികര്‍; റെഡ് കാര്‍ഡ് പുറപ്പെടുവിച്ചു; ബറേലിയില്‍ 70 മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ വിവിധ ഹിന്ദുമത കേന്ദ്രങ്ങളിലേക്കുള്ള ശിവഭക്തരുടെ തീര്‍ത്ഥാടന യാത്രയായ കന്‍വാര്‍ യാത്ര അവസാന ദിവസത്തിലെത്തിയതോടെ ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത ഭീതിയിലായി. 13 ദിവസം നീളുന്ന യാത്ര കടന്നുപോയ മിക്കയിടങ്ങളിലും ആക്രമണമുണ്ടായിരുന്നു. കന്‍വാര്‍ യാത്ര അക്രമാസക്തമാവുമെന്ന് ഭയന്ന് ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ഖൈലാമില്‍ 70ഓളം മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു. ആക്രമണമുണ്ടാവുമെന്ന് പോലിസ് റെഡ് കാര്‍ഡ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. റെഡ് കാര്‍ഡിനു പുറമെ ഹിന്ദുക്കളും മുസ്‌ലിംകളുമടങ്ങുന്ന 250 കുടുംബങ്ങളെ കൊണ്ട് ബോണ്ടില്‍ ഒപ്പുവയ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഈ മേഖലയിലൂടെ യാത്ര കടന്നുപോയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. കന്‍വാര്‍ യാത്രയ്ക്കിടയില്‍ നിങ്ങള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കിയാല്‍ നിങ്ങള്‍ക്കെതിരേ നടപടിയുണ്ടാവുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ്- റെഡ് കാര്‍ഡ് പറയുന്നു.
സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയ്ക്കാണ് റെഡ്കാര്‍ഡ് പുറപ്പെടുവിച്ചതെന്ന് അലിഗഞ്ച് എസ്എച്ച്ഒ വിശാല്‍ പ്രതാപ് സിങ് പറഞ്ഞു.യുപിയിലെ ഉല്‍ദേപൂരില്‍ കന്‍വാര്‍ യാത്ര കാണാന്‍ പോയ ദലിത് യുവാക്കളെ മേല്‍ജാതിക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രോഹിത് എന്ന ദലിത് യുവാവ് കൊല്ലപ്പെട്ടിരുന്നു. കന്‍വാര്‍ യാത്രയ്ക്കിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സംഘര്‍ഷം പതിവാണ്. ബുധനാഴ്ച ഡല്‍ഹിയിലെ മോത്തിനഗറില്‍ വാഹനം ദേഹത്ത് ഉരസിയെന്നാരോപിച്ച യാത്രികര്‍ കാര്‍ തല്ലിത്തകര്‍ത്തിരുന്നു. നടുറോഡില്‍ പോലിസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാറായിരുന്നു സംഘം തകര്‍ത്തത്.
ആക്രമണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍ യുപിയിലെ ബുലന്ദ്ശഹ്‌റില്‍ പോലിസ് എമര്‍ജന്‍സി വാഹനം തകര്‍ക്കുകയും പോലിസുകാരനെ ഓടിക്കുകയും ചെയ്തു. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടി ഒരുക്കിയതായിരുന്നു വാഹനം.
കന്‍വാര്‍ യാത്രയിലെ സംഘര്‍ഷം ഭയന്നു മീറത്തിലടക്കം പല നോണ്‍വെജ് ഹോട്ടലുകളും വെജിറ്റേറിയന്‍ ആക്കുകയോ അടച്ചിടുകയോ ചെയ്തിട്ടുണ്ട്. കന്‍വാര്‍ യാത്രയുടെ 13 ദിവസങ്ങളിലും നോണ്‍വെജ് ഹോട്ടലുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss